ആകാശത്താണ് തിരക്ക്; പക്ഷേ എല്ലാം സ്മൂത്താണ്
text_fieldsദോഹ: അറേബ്യൻ ഉൾക്കടലിലേക്ക് ഇറങ്ങിക്കിടക്കുന്ന കൊച്ചു രാജ്യത്തിന്റെ ആകാശം നിറയെ വട്ടമിട്ടുപറക്കുന്ന പരുന്തുകളെപ്പോലെ വിമാനക്കൂട്ടങ്ങളാണിപ്പോൾ. രാജ്യാന്തര എയർ ട്രാഫിക് വെബ്സൈറ്റുകളിൽ ഒന്ന് നോക്കിയാൽ അറിയാം ലോകമാകെ ഇപ്പോൾ ദോഹയിലേക്കാണെന്ന്. വിമാനത്താവള ജീവനക്കാർക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത തിരക്ക്.
ഹമദ്-ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ രാവും പകലുമില്ലാതെ വിമാനങ്ങൾ പറന്നിറങ്ങുന്നു. അതേപടി പറന്നുപൊങ്ങുന്നു.
നവംബർ ഒന്നു മുതൽതന്നെ ലോകകപ്പിനുള്ള യാത്രക്കാർക്ക് ഖത്തറിലേക്ക് ഹയ്യ കാർഡ് വഴി പ്രവേശനം അനുവദിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങൾ മുതലാണ് കാണികളുടെ ഒഴുക്ക് വർധിച്ചത്. രണ്ടു വിമാനത്താവളങ്ങളിലും ലാൻഡിങ്ങിനും മറ്റുമായി വിപുലമായ സൗകര്യങ്ങളാണൊരുക്കിയത്.
അതുകൊണ്ടുതന്നെ ഒരേ സമയം, നിരവധി വിമാനങ്ങളെയും അവയിലെ ആയിരത്തോളം യാത്രക്കാരെയും കൈകാര്യംചെയ്യാൻ ഹമദും ദോഹയും സജ്ജമാണ്. ഹയ്യ എൻട്രി പെർമിറ്റ് വഴിയുള്ള വിദേശ യാത്രികർക്കു മാത്രമാണ് ഇപ്പോൾ ഖത്തറിലേക്ക് പ്രവേശനം. എമിഗ്രേഷൻ ഉൾപ്പെടെ നടപടിക്രമങ്ങൾ മിനിറ്റുകളിൽ പൂർത്തിയാക്കി അരമണിക്കൂർകൊണ്ടുതന്നെ യാത്രക്കാർക്ക് പുറത്തിറങ്ങാനും കഴിയുന്നുണ്ട്.
വെൽകം ടു ദോഹ
പന്തുരുളാനുള്ള കാത്തിരിപ്പ് മണിക്കൂറുകളുടെ ആയുസ്സിലെത്തിയതോടെ വിമാനത്താവളങ്ങൾ പൂർണ ശേഷിയിൽ പ്രവർത്തനം തുടങ്ങി. പ്രതിദിനം 44,000 പേരെ സ്വീകരിക്കാനുള്ള ശേഷിയോടെയാണ് ദോഹ, ഹമദ് വിമാനത്താവളങ്ങൾ ലോകകപ്പിനായി സജ്ജമാക്കിയത്.
കൂടുതൽ വിമാനങ്ങൾക്ക് ഒരേസമയം പറന്നിറങ്ങാനും ടേക്ക് ഓഫ് ചെയ്യാനുമുള്ള സൗകര്യത്തിനൊപ്പം ആയിരക്കണക്കിന് യാത്രക്കാരെ ഒരേസമയം കൈകാര്യം ചെയ്യാനും ശേഷിയുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്ന് മത്സരദിനങ്ങളിൽ വന്നുപോവുന്ന കാണികൾക്കായുള്ള മാച്ച് ഡേ ഷട്ട്ൽ സർവിസ് ഞായറാഴ്ച ആരംഭിക്കുന്നതോടെ തിരക്ക് വർധിക്കും.
ദുബൈയിൽനിന്ന് ൈഫ്ല ദുബൈ, കുവൈത്ത് സിറ്റിയിൽനിന്ന് കുവൈത്ത് എയർവേസ്, മസ്കത്തിൽനിന്ന് ഒമാൻ എയർവേസ്, റിയാദ്-ജിദ്ദ നഗരങ്ങളിൽനിന്ന് സൗദിയ എയർലൈൻസ് എന്നിവയാണ് ലോകകപ്പ് വേളയിൽ ഖത്തറിലേക്ക് സർവിസ് നടത്തുന്നത്. ൈഫ്ല ദുബൈ പ്രതിദിനം 2700ഉം, കുവൈത്ത് എയര്‍വേസ് 1700ഉം, ഒമാന്‍ എയര്‍വേസ് 3400ഉം, സൗദിയ 10,000ത്തിലേറെയും കാണികളെ എത്തിക്കുമെന്നാണ് അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.