ക്രിസ്റ്റ്യാനോയിൽ കണ്ണുറപ്പിച്ച് ലോകം
text_fieldsദോഹ: പറങ്കിപ്പടയെ നയിച്ച് അഞ്ചാമത്തെയും മിക്കവാറും അവസാനത്തെയും ലോകകപ്പിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഘാനക്കെതിരെ ഇറങ്ങുമ്പോൾ ലോകം കാത്തിരിക്കുകയാണ്. നിലവിൽ ഒരു ക്ലബുമായും കരാറില്ലാതെ ഖത്തർ ലോകകപ്പ് കളിക്കുന്ന ഏക താരമാകും റോണോ.
പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മുനയിൽ നിർത്തി വിമർശനങ്ങളുമായി ടെലിവിഷൻ ചാനലിലെത്തുകയും പരിശീലകൻ ടെൻ ഹാഗിനെ ഇനി ബഹുമാനിക്കാനാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് താരം പുറത്തിറങ്ങിയത് ദേശീയ ടീമിലും പ്രശ്നങ്ങൾക്കിടയാക്കിയതായി വാർത്തകളുണ്ടായിരുന്നു. യുനൈറ്റഡിൽ ഒന്നിച്ചുകളിക്കുന്ന ബ്രൂണോ ഫെർണാണ്ടസ് ഉൾപ്പെടെ താരവുമായി പ്രശ്നത്തിലാണെന്നും സൂചനകൾ വന്നു.
എന്നാൽ, ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും കരിയറിൽ ആദ്യ ലോകകപ്പ് കിരീടനേട്ടമാണ് ലക്ഷ്യമെന്നും റൊണാൾഡോ പറയുന്നു. ഖത്തറിൽ പഴയ വീര്യം കൂടുതൽ കരുത്തോടെ തെളിയിച്ചാലേ ജനുവരിയിൽ വീണ്ടും സജീവമാകുന്ന ട്രാൻസ്ഫറിൽ പുതിയ തട്ടകങ്ങൾ എളുപ്പം പിടിക്കാനാകൂ എന്നതും താരത്തെ കാത്തിരിക്കുന്നുണ്ട്.
ലോക റാങ്കിങ്ങിൽ 61ാമതുള്ള ആഫ്രിക്കൻ രാജ്യമായ ഘാന പോർചുഗലിന് അത്ര എളുപ്പമുള്ള എതിരാളികളാകാനിടയില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ അർജന്റീനയുടെയും ജർമനിയുടെയും തോൽവി ലോക പോരാട്ടവേദിയിൽ എന്തും സംഭവ്യമാണെന്ന് തെളിയിച്ചതാണ്.
ആഴ്സനൽ കുന്തമുനയായ തോമസ് പാർട്ടി, അയാക്സ് താരം മുഹമ്മദ് ഖുദുസ് തുടങ്ങി നിരവധി പേർ ഘാന ജഴ്സിയിൽ ഇറങ്ങുന്നുണ്ട്. എന്നാലും, ഉറുഗ്വായ്, ദക്ഷിണ കൊറിയ എന്നിവരടങ്ങിയ ഗ്രൂപ് എച്ചിൽ ഫേവറിറ്റുകളാണ് പോർചുഗൽ. ആക്രമണത്തിലും മധ്യ, പ്രതിരോധ നിരകളിലും യൂറോപ്പിലെ മികച്ച താരങ്ങൾ ടീമിനെ മുന്നിൽ നിർത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.