ഖത്തറിൽ ലോകം ഒന്നാകുന്നു
text_fieldsഅറബ് രാജ്യങ്ങളെല്ലാം നമുക്ക് അയൽക്കാരെപ്പോലെയാണല്ലോ. അപ്പോൾ ഖത്തറിൽ ലോക ഫുട്ബോൾ മാമാങ്കം എത്തുമ്പോൾ പോകാതിരിക്കുന്നതെങ്ങനെ? ഒരു ഫുട്ബോൾ ആരാധകനെന്ന നിലയിൽ ലോകകപ്പ് മത്സരം നേരിട്ട് കാണുക എന്നത് പറഞ്ഞറിയിക്കാനാകാത്ത വികാരമാണ്. അതും കോടിക്കണക്കിനാളുകൾ ആരാധിക്കുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന അതികായന്റെ മത്സരം. ഒരു പക്ഷേ CR7 ന്റെ അവസാന ലോകകപ്പ് ആകും ഇതെന്നാണ് പറയുന്നത്.
അങ്ങനെയെങ്കിൽ അദ്ദേഹത്തിന്റെ മത്സരം നേരിട്ടു കാണുകയെന്ന ആഗ്രഹം സാധ്യമാക്കാൻ ഇതല്ലാതെ മറ്റേതാണ് സമയം. ഒരു ഫുട്ബോൾ ആരാധകനെ പുളകം കൊള്ളിക്കും വിധം അതിമനോഹരമായൊരു മത്സരം. ഖത്തറിന്റെ ആതിഥേയത്വവും വിവരണാതീതമാണ്.
കളിയുടെ ലോകത്തേക്ക് വന്നിറങ്ങുന്നതിൻെറ എല്ലാ ഭംഗിയും അനുഭവവും സമ്മാനിച്ചാണ് ഈ രാജ്യം ലോകമെമ്പാടുമുള്ള കാണികളെ വരവേൽക്കുന്നത്. വിമാനമിറങ്ങുേമ്പാൾ എല്ലായിടത്തും കാണുന്നത് ലോകകപ്പിൻെ ആവേശമാണ്. വിമാനത്താവളങ്ങളിലെ എമിഗ്രേഷൻ കൗണ്ടറും മറ്റു നടപടികളും വളരെ വേഗത്തിൽ പൂർത്തിയാവുന്നു. മണിക്കൂറിൽ തന്നെ ആയിരക്കണക്കിന് കാണികൾ എത്തുേമ്പാഴും കൂടുതൽ സമയം എടുക്കാതെ തന്നെ എല്ലാം കഴിഞ്ഞ് പുറത്തിറങ്ങാൻ കഴിയുന്നു.
അതേ പോലെ തന്നെയാണ് മത്സര വേദികളിലേക്കുള്ള യാത്രക്കുള്ള സൗകര്യവും. ഏറെ സുരക്ഷിതത്വം അനുഭവപ്പെട്ടതായിരുന്നു ഓരോ മത്സര വേദികളിലേക്കുമുള്ള യാത്രകൾ. വാഹനത്തിലെത്തി പാർക്കിങ്ങ് ചെയ്തു കഴിഞ്ഞാൽ നടക്കാൻ അധിക ദൂരമില്ലാതെ ഷട്ട്ൽ ബസിൽ സ്റ്റേഡിയം പരിസരത്തെതാൻ സഹായിക്കുന്നു.
കളി കഴിഞ്ഞ് 88,000ത്തോളം കാണികൾ ഒരേസമയം പുറത്തിറങ്ങുേമ്പാൾ അവരെയെല്ലാം മാനേജ് ചെയ്യാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കിയ ട്രാഫിക് പ്ലാനുകൾ അതിശയിപ്പിക്കുന്നതാണ്. മെട്രോ ഗതാഗതം പരമാവധി ഉപയോഗപ്പെടുത്തി തിരക്കുകളും ബുദ്ധിമുട്ടുകളുമില്ലാതെ ലോകകപ്പ് പോലൊരു മഹാമേള കുറ്റമറ്റ രീതിയിൽ സംഘടിപ്പിക്കുന്നത് പ്രശംസനീയം തന്നെ.
ഖത്തറിൻെറ ഫുട്ബാൾ സംസ്കാരം ലോകത്തിന് മുന്നിലേക്ക് പ്രദർശിപ്പിക്കുന്ന കാഴ്ച വിസ്മയകരമാണ്. ലോകമെങ്ങും ഇപ്പോൾ ഇവിടെ ഒന്നിക്കുന്നു. ടൂർണമെൻറുകളിൽ പങ്കെടുക്കുന്ന ടീമുകൾ മാത്രമല്ല, കാണികളായും വിവിധ രാജ്യക്കാർ ഇവിടെ ഒന്നിക്കുന്നത് വലിയൊരു സന്ദേശമാണ് നൽകുന്നത്. ഫിഫ ഫാൻ സോണുകളിലും മറ്റും എല്ലാ രാജ്യങ്ങളുടെയും പതാകകൾക്കൊപ്പം ഇന്ത്യയുടെ ത്രിവർണവുമുണ്ട്. കലാപരിപാടികളിൽ ഇന്ത്യൻ കലാരൂപങ്ങൾക്കും ഇടം നൽകുന്നനു. എല്ലാ സംസ്കാരങ്ങളെയും ഭാഷകളെയും വേഷങ്ങളെയും ഉൾകൊള്ളുന്ന മഹനീയ കാഴ്ചയാണ് ലോകകപ്പ്.
ലോകകപ്പിലൂടെ ഈ രാജ്യത്തെ കൂടിയാണ് ഖത്തർ ലോകത്തിനു മുന്നിൽ അടയാളപ്പെടുത്തുന്നത്. ഫുട്ബാളിനോട് സ്നേഹമുള്ള നാടാണിത്. വിവിധ രാജ്യങ്ങളിൽ നിന്നും ഇവിടെയെത്തിയ ഫുട്ബാൾ ആരാധകരും ഖത്തർ നൽകുന്ന സ്നേഹവും ആദരവും അനുഭവിച്ചറിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.