മെക്സികോക്കെതിരെ മത്സരമുണ്ട്, ചരിത്രം സൃഷ്ടിക്കും -സൗദി കോച്ച്
text_fieldsജിദ്ദ: മെക്സികോയുമായുള്ള മത്സരംകൂടി ഞങ്ങൾക്ക് മുന്നിലുണ്ടെന്നും കാര്യങ്ങൾ അവസാനിച്ചിട്ടില്ലെന്നും സൗദി കോച്ച് ഹെർവ് റെനാർഡ്. പോളണ്ടുമായുള്ള മത്സരത്തിനുശേഷം നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശനിയാഴ്ച പോളണ്ടിനെതിരെ തോറ്റെങ്കിലും ടീമിന്റെ പ്രകടനത്തിൽ അഭിമാനമുണ്ട്. ഒരു പെനാൽറ്റി കിക്ക് നഷ്ടപ്പെടുത്തി. നവാഫ് അൽ ആബിദിനെ കണങ്കാലിന് പരിക്കേറ്റതിനാലാണ് മാറ്റിനിർത്തേണ്ടി വന്നത്. നിർഭാഗ്യംകൊണ്ടല്ല പരാജയപ്പെട്ടത്.
കളിക്കാരോട് ദേഷ്യപ്പെടാൻ എളുപ്പമാണ്. പക്ഷേ ഞാനവരെ പിന്തുണക്കും. ടീം സ്പിരിറ്റ് വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. മുഴുവൻ ഊർജത്തോടെയായിരിക്കും മെക്സികോയെ നേരിടുക. 30നാണ് മത്സരം. കളി കാണണമെന്ന് സൗദി ജനതയോട് ആവശ്യപ്പെടുന്നു. എനിക്ക് ഗാലറി നിറഞ്ഞുകാണണം. കാര്യക്ഷമതയില്ലായ്മയാണ് തോൽവിക്ക് കാരണം.
പാസിങ്ങിലടക്കം പ്രശ്നങ്ങളുണ്ടായിരുന്നു. യാഥാർഥ്യബോധത്തോടെ കളിക്കാനായിട്ടില്ല. കളിയിൽ പിഴവുകളുണ്ടാവും. ചരിത്രം സൃഷ്ടിക്കാൻ ഞങ്ങൾക്ക് ആരാധകരെ ആവശ്യമുണ്ട്. എനിക്ക് വീണ്ടുമൊരു പച്ച സ്റ്റേഡിയം കാണണം. ഞങ്ങൾക്ക് ആരാധകരുടെ പിന്തുണ വേണമെന്നും റെനാർഡ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.