മികച്ച കളിക്കാരുടെ ടീമാണ് ക്രൊയേഷ്യ, മത്സരം കടുത്തതാകും -അർജന്‍റീന കോച്ച് സ്കലോണി
text_fieldsക്രൊയേഷ്യയുമായുള്ള ലോകകപ്പ് സെമി ഫൈനൽ മത്സരം കടുത്തതായിരിക്കുമെന്ന് അർജന്‍റീന കോച്ച് ലയണൽ സ്കലോണി. മികച്ച നിരവധി കളിക്കാർ ക്രൊയേഷ്യൻ നിരയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച പുലർച്ചെ 12.30നാണ് അർജന്‍റീന-ക്രൊയേഷ്യ മത്സരം.
'ക്രൊയേഷ്യയുടെ പ്രകടനം ഞങ്ങൾ വിശദമായി അവലോകനം ചെയ്തിട്ടുണ്ട്. മികച്ച കളിക്കാരുള്ള മികച്ച ടീമാണ് ക്രൊയേഷ്യ. മത്സരം കടുത്തതാകും. ഫുട്ബാളിനെ ഇഷ്ടപ്പെടുന്ന ഏതൊരാളും ലൂക്ക മോഡ്രിച്ചിനെ പോലൊരു താരത്തിന്‍റെ മത്സരം കാണാൻ ആഗ്രഹിക്കും. മോഡ്രിച്ചിന്‍റെ കളി കണ്ടുനിൽക്കുന്നത് തന്നെ സന്തോഷമുണ്ടാക്കും. അദ്ദേഹത്തിന്‍റെ കഴിവ് മാത്രമല്ല, മറ്റുള്ളവരോടുള്ള പെരുമാറ്റവും കാണിക്കുന്ന ബഹുമാനവുമെല്ലാം ഇതിന് കാരണമാണ്' -സ്കലോണി പറഞ്ഞു.
അതേസമയം, ക്വാർട്ടർ ഫൈനലിൽ നെതർലന്‍റിനെതിരായ മത്സരത്തിൽ തന്‍റെ ടീമിന്‍റെ പെരുമാറ്റത്തെ സ്കലോണി ന്യായീകരിച്ചു. ഫുട്ബാളിൽ ചിലപ്പോൾ പ്രതിരോധിക്കേണ്ടിവരും, ചിലപ്പോൾ ആക്രമിച്ച് കളിക്കേണ്ടിവരും. ചിലപ്പോൾ കഴിഞ്ഞ കളിയിലേതുപോലുള്ള സാഹചര്യങ്ങളുമുണ്ടായേക്കാം. തർക്കങ്ങളും വെല്ലുവിളികളുമുണ്ടായേക്കാം. അതൊക്കെ നീതിപൂർവം പരിഹരിക്കാനാണ് റഫറി. റഫറിയുടെ വിസിലോടെ എല്ലാം തീരണം. നെതർലന്‍റായാലും ക്രൊയേഷ്യയായാലും എല്ലാ ടീമുകളോടും ഞങ്ങൾക്ക് ബഹുമാനമാണ് -സ്കലോണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.