മൂന്നാകാൻ രണ്ടും കൽപിച്ച്
text_fieldsദോഹ: മൊറോക്കോ മോഹിക്കുന്നുണ്ടത്. 'നഷ്ടപ്പെട്ടവരുടെ പോരാട്ട'മെന്നാണ് പറഞ്ഞു പഴകിയ പേരെങ്കിലും ഈ േപ്ലഓഫിൽ നേടാനേറെയുണ്ടെന്ന് അവർക്കറിയാം. ചരിത്രത്തിലാദ്യമായി ലോകകപ്പിൽ അവസാന നാലിലെത്തിയ ആഫ്രിക്കക്കാരെന്ന നിലയ്ക്ക് അതിനും മുന്നിലാണ് ആ മൂന്നാം സ്ഥാനമെന്നവർ തിരിച്ചറിയുന്നുണ്ട്. ക്രൊയേഷ്യക്കാവട്ടെ, നിലവിലെ രണ്ടിൽനിന്ന് വൻ വീഴ്ചയില്ലാതെ കാക്കാൻ ആ മൂന്നാം സ്ഥാനം ഉപകാരപ്പെടും. വീറും വാശിയും നിറഞ്ഞ പോരാട്ടങ്ങളിലൂടെ ഈ ലോകകപ്പിന്റെ ഗതിയെ സ്വാധീനിച്ചവരാണ് ഇരുനിരയും. പല വമ്പന്മാരുടെയും വിധി നിർണയിച്ചവരും. അവർ മുഖാമുഖം വരുമ്പോൾ ഖത്തർ ലോകകപ്പിലെ 'ലൂസേഴ്സ് ഫൈനൽ' ഒരിക്കലും ഒരു വെറും മത്സരമായിരിക്കില്ല.
മൊറോക്കോ അത്യുത്സാഹത്തിലാവും. ഗാലറിയിൽ അവരുടെ കാണികളും. ചരിത്രം കുറിച്ചു കഴിഞ്ഞവർക്ക് ഇനി കിട്ടുന്നതെല്ലാം ആഘോഷം കൊഴുപ്പിക്കാനുള്ള ബോണസാണ്. ഖലീഫ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി ക്രൊയേഷ്യൻ കരുത്തിനെതിരെ കച്ചമുറുക്കുമ്പോൾ വീറു കൂടുതൽ അറ്റ്ലസ് ലയൺസിനാവും. കാരണം, ഒരിക്കൽകൂടി ഗാലറി നിറച്ച് ആ ചെമ്പടയെത്തും. 'മഗ്രിബ്' പാടി താരങ്ങൾക്ക് ആവേശമേകാൻ.
ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബാളിൽ നിന്ന് വിരമിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ക്രൊയേഷ്യയുടെ 37-കാരനായ നായകൻ ലൂക്കാ മോഡ്രിചിന് കരിയറിലെ നിർണായക മത്സരങ്ങളിലൊന്നാണിത്. നിലവിലെ റണ്ണറപ്പുകളെന്ന ഖ്യാതിയുമായെത്തിയ ശേഷം ഖത്തറിൽ നിന്ന് തിരിച്ചുപറക്കുമ്പോൾ മൂന്നാം സ്ഥാനക്കാരെന്ന മികവ് ഒപ്പം ചേർക്കാനായെങ്കിലെന്ന് ക്രൊയേഷ്യൻ സംഘം ആഗ്രഹിക്കുന്നുണ്ടാകും. കാരണം, ലൂക്കക്ക് ഇനിയൊരു ലോകകപ്പുണ്ടാവില്ലെന്ന് ക്രോട്ട് ടീമിലെ കൂട്ടുകാർക്കറിയാം.
അർജന്റീനക്കെതിരായ സെമിഫൈനലിൽ പരിക്കേറ്റ മിഡ്ഫീൽഡർ മാർസലോ ബ്രൊസോവിച് പ്ലേ ഓഫ് മത്സരത്തിൽ കളിക്കാൻ സാധ്യതയില്ല. പകരം ലോവ്റൻ ക്രിസ്റ്റ്യൻ ജാക്കിച്ചോ പ്ലേയിങ് ഇലവനിലെത്തും. അന്നത്തെ കളിയിൽ ലയണൽ മെസ്സിക്കുമുന്നിൽ നിരായുധനായ യുവ ഡിഫൻഡർ ജോസ്കോ ഗ്വാർഡിയോളും പരിക്കു കാരണം കരക്കിരിക്കും. പകരം ജോസിപ് സുതാലോ സെൻട്രൽ ഡിഫൻസിൽ ലോവ്റനൊപ്പം കോട്ട കാക്കാനിറങ്ങും. മോഡ്രിചും മാറ്റിയോ കൊവാസിചും നികോള വ്ലാസിചും നയിക്കുന്ന മിഡ്ഫീൽഡിനു മുന്നിൽ ഗോളിലേക്ക് നിറയൊഴിക്കാൻ കാത്തിരിക്കുമ്പോൾ ഇവാൻ പെരിസിച് ഒരു റെക്കോഡിലേക്ക് കൂടി ഉന്നംപിടിക്കുന്നുണ്ട്. ലോകകപ്പിൽ രാജ്യത്തിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോഡ്. ആറു ഗോളുകളുമായി ഡാവേർ സൂക്കറിനൊപ്പമാണിപ്പോൾ ടോട്ടൻഹാം താരമായ പെരിസിച്.
മൊറോക്കോയാകട്ടെ, സെമിയിൽ തങ്ങളെ ഉലച്ചുകളഞ്ഞ പരിക്കിൽനിന്ന് മുക്തരായിട്ടില്ല. നുസൈർ മസ്റൂയി, റൊമെയ്ൻ സെയ്സ്, നായിഫ് അഗിയൂർദ് എന്നീ പ്രമുഖ താരങ്ങളാണ് സെമിയിൽ പരിക്കുകാരണം തിരിച്ചുകയറിയത്. ഇവരിൽ അഗിയൂർദ് കളിക്കുമുമ്പേ പിന്മാറിയിരുന്നു. സെയ്സിനെ 20-ാം മിനിറ്റിലും മസ്റൂയിയെ ഹാഫ്ടൈമിലും വാലിദ് റെഗ്റാഗി പിൻവലിക്കുകയായിരുന്നു. എന്നിട്ടും, കരുത്തരായ ഫ്രാൻസിനെ വിറപ്പിച്ച കളി പുറത്തെടുക്കാൻ മൊറോക്കോക്ക് കഴിഞ്ഞു. ആ ആത്മവിശ്വാസത്തിലാകും, ആക്രമണാത്മകമായ 4-3-3 ഫോർമേഷനിൽ േപ്ല ഓഫിലും റെഗ്റാഗി ടീമിനെ വിന്യസിക്കുന്നത്. പരിക്കേറ്റ മൂവരും ശനിയാഴ്ച കളിക്കിറങ്ങാനിടയില്ല. യഹിയ അതീയത്തുല്ലയും സലീം ആമല്ലയും സ്റ്റാർട്ടിങ് ഇലവനിലെത്തും.
സാധ്യതാ ടീമുകൾ
ക്രൊയേഷ്യ: ലിവകോവിച്, ജുറാനോവിച്, ലോവ്റൻ, സുതാലോ, സോസ, മോഡ്രിച്, ജാക്കിച്, കൊവാസിച്, വ്ലാസിച്, ക്രമാരിച്, പെരിസിച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.