Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_rightഈ സ്വർണക്കപ്പ്...

ഈ സ്വർണക്കപ്പ് ഖത്തറിനാണ്

text_fields
bookmark_border
qatar world cup
cancel

ദോഹ: ഈ ലോകകപ്പിനെ ഏറ്റവും അരികെനിന്ന് കണ്ടതും അനുഭവിച്ചറിഞ്ഞതും വാർത്തകൾ തേടിയെത്തിയ മാധ്യമ പ്രവർത്തകരാവും. ടീമുകൾക്കും ഒഫീഷ്യലുകൾക്കും അവരവരുടെ മാച്ചിൽ മാത്രമായിരുന്നു ഡ്യൂട്ടിയെങ്കിൽ സ്റ്റേഡിയങ്ങളിൽനിന്നും സ്റ്റേഡിയങ്ങളിലേക്കായി മത്സരങ്ങൾക്കായുള്ള ഓട്ടത്തിലായിരുന്നു മാധ്യമ പ്രവർത്തകർ.

12,000ത്തോളം മാധ്യമ പ്രവർത്തകരാണ് ലോകകപ്പ് റിപ്പോർട്ടിങ്ങിനായി ഖത്തറിലെത്തിയത്. കേരളത്തിൽനിന്നും ഏറ്റവും കൂടുതൽ മാധ്യമപ്രവർത്തകരെത്തിയ ലോകകപ്പും ഖത്തറായിരിക്കും. പന്തുരുളുന്നതിന് രണ്ടാഴ്ച മുമ്പുവരെ ദോഹയിലെത്തി, ഖത്തറിന്റെ കളിയുത്സവം അടുത്തറിഞ്ഞവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു.

സലാം ഖത്തർ

ആർ. രഞ്ജിത്

ഒരു മാസം ശരിക്കും സ്വപ്നയാത്രയായിരുന്നു. ആദ്യം വിസ്മയിപ്പിച്ചത് ഖത്തറാണ്. യൂറോപ്പിനെ വെല്ലുന്ന ലുസൈൽ, പേൾ നഗരങ്ങളും അംബരചുംബികളായ കെട്ടിടങ്ങളും അത്ഭുതദ്വീപിനെ ഓർമിപ്പിച്ചു. മരുഭൂമിയിൽ കെട്ടിപ്പൊക്കിയ ആഡംബര സൗധങ്ങളും വീഥികളും നല്ല കാഴ്ചകളായി.

എട്ട് സ്റ്റേഡിയങ്ങൾ എട്ട് അത്ഭുതങ്ങളായിരുന്നു. അതിൽ ഓർമയാവുന്ന 974 സ്‌റ്റേഡിയത്തിന്റെ നിർമിതിയെക്കുറിച്ച് എത്ര പുകഴ്ത്തിയാലും മതിയാവില്ല. ഷിപ്പിങ് കണ്ടെയ്നറുകൾ കൊണ്ടൊരു സ്‌റ്റേഡിയം ആർക്ക് സങ്കൽപിക്കാനാവും. ശീതീകരിച്ച സ്റ്റേഡിയങ്ങളിലിരുന്നുള്ള കളി കാണൽ മറ്റൊരു അനുഭവം. അതുപോലെ ഭൂഗർഭ മെട്രോ. കളിത്തിരക്കും ഗതാഗതക്കുരുക്കും ഒഴിവാക്കുന്നതിൽ മെട്രോയുടെ പങ്ക് നിർണായകമായി.

ഫുട്ബാൾ മനുഷ്യജീവിതം പോലെയാണെന്ന് പറയാറുണ്ട്. എല്ലാ വികാരങ്ങളും പ്രതിഫലിക്കുന്ന കളി. അതെത്ര ശരിയാണെന്ന് ലോകകപ്പ് അവസാനിക്കുമ്പോൾ ബോധ്യമാവുന്നു. ലോകകപ്പ് നേടിയത് അർജന്റീനയായിരിക്കാം. പക്ഷേ, സ്വർണക്കപ്പ് ഖത്തറിനാണ്. സംഘാടനത്തിൽ മികവുകാട്ടി ശരിക്കും അമ്പരപ്പിച്ചു. എല്ലാ വിമർശനങ്ങൾക്കും ഖത്തർ മറുപടി നൽകിയത് കളി നന്നായി നടത്തിയാണ്. സലാം ഖത്തർ, സല്യൂട്ട് അർജൻറീന.

ആർ. രഞ്ജിത്

(സ്പോർട്സ് എഡിറ്റർ, ദേശാഭിമാനി)

രാജ്യമായല്ല, സ്‌നേഹമായി വരച്ചിടും

വഹീദ് സമാൻ

ജർമനിയിൽനിന്നെത്തിയ ഒരു ഫുട്‌ബാൾ ആരാധകനോട് ഖത്തർ ലോകകപ്പിനെപ്പറ്റിയുള്ള അഭിപ്രായം ആരായുകയായിരുന്നു. ഖത്തറിലേക്ക് വന്നത് കൈയിൽ ടിക്കറ്റും മനസ്സിൽ ആശങ്കയും നിറച്ചുവെച്ചാണെന്നായിരുന്നു അയാളുടെ മറുപടി. ഒരു നിമിഷത്തെ നിശ്ശബ്ദതക്കുശേഷം അയാൾ തുടർന്നു.

ഖത്തറിലെത്തിയത് മുതൽ എന്റെ കൈയിൽ കളി കാണാനുള്ള ടിക്കറ്റ് മാത്രമാണുള്ളത്. മനസ്സിലെ ആശങ്ക ഒഴിഞ്ഞിരിക്കുന്നു. ഞാൻ ഈ നാട്ടിൽ സുരക്ഷിതനാണ്. എനിക്കുമുന്നിൽ നടക്കുന്ന ആഘോഷങ്ങൾ കാണുന്നില്ലേ. മറ്റൊരു ലോകകപ്പിനുമില്ലാത്തവിധം സൗന്ദര്യമുണ്ട് ഈ ആഹ്ലാദങ്ങൾക്ക്. അയാൾ വീണ്ടും അടുത്തുള്ള കാഴ്ചകളിലേക്ക് നോക്കിനിന്നു. വീണ്ടുമൊരു ചോദ്യത്തിനായി ചുണ്ടനക്കിയെങ്കിലും അയാൾ തടസ്സം പറഞ്ഞു.

ഞാനീ നാടിന്റെ സൗന്ദര്യം അനുഭവിക്കട്ടെ. ഒരാളുടെ ആഘോഷം മറ്റൊരാളുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്നില്ല എന്ന സന്ദേശവും ഖത്തർ സമ്മാനിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന് ആളുകൾ ഒരു മാസത്തിനകം വന്നുപോയിട്ടും മറ്റൊരാളുടെയും യാത്രയെയും ജീവിതത്തെയും അത് തടസ്സപ്പെടുത്തിയില്ല എന്നോർക്കുക. ആഘോഷിക്കുന്നവർക്ക് അവരുടേതായ വഴി. ആഘോഷത്തിൽ പങ്കെടുക്കാത്തവർക്ക് അവരുടെ മാർഗം. ലോകത്തിന് ഇതെല്ലാം പുതിയ കാര്യമാണ്.

അതിരുകളില്ലാത്ത സ്‌നേഹം ഖത്തറിലെത്തിയ എല്ലാവർക്കുമായി രാജ്യം പകുത്തുനൽകിയിട്ടുണ്ട്. ‘മെട്രോ മെട്രോ ദിസ് വേ’ എന്ന് വിളിച്ചുപറഞ്ഞ് മനുഷ്യർക്ക് വഴികാട്ടിയ ഒരാളെ തൊട്ടടുത്ത ദിവസം മുതൽ ലോകം ആഘോഷിക്കുകയാണ്. ഖത്തറിൽനിന്ന് ലോകകപ്പ് മാത്രം കണ്ടല്ല ആളുകൾ തിരിച്ചുപോകുന്നത്. മനുഷ്യരെ പരസ്പരം ബഹുമാനിക്കുന്ന സംസ്‌കാരത്തിന്റെ നേർക്കാഴ്ചകൾ സമ്മാനിച്ച അനുഭൂതികളുമായാണ് ആളുകളുടെ മടക്കം.

ലോകകപ്പിന്റെ മുഴുവൻ ആഹ്ലാദവും നുണഞ്ഞും രുചിച്ചും തിരിച്ചുപോയവർ ഖത്തറിനെ ഒരു രാജ്യമായല്ല, സ്‌നേഹമായിട്ടാകും ഇനിയുള്ള കാലത്ത് അതിരുകളില്ലാതെ വരച്ചിടുക.

വഹീദ് സമാൻ

(മലയാളം ന്യൂസ് -സൗദി അറേബ്യ)

‘നന്ദി ഖത്തർ, ഈ കരുതലിനും സ്നേഹത്തിനും’

വിനോദ് ദാമോദരൻ

ഏറെ ആശങ്കയോടെയായിരുന്നു ലോകകപ്പ് ഫുട്ബാൾ റിപ്പോർട്ടിങ്ങിനായി നവംബർ 15ന് ദോഹയിൽ വന്നിറങ്ങിയത്. ആശങ്കക്ക് പ്രധാന കാരണം ഇത്ര ചെറിയ രാജ്യത്ത് എങ്ങനെ ഫുട്ബാൾ ലോകകപ്പ് പോലൊരു മാമാങ്കം വിജയകരമായി നടത്താൻ കഴിയുമെന്നതായിരുന്നു. കൂടാതെ വിവിധ യൂറോപ്യൻ മാധ്യമങ്ങൾ പടച്ചുവിട്ട വാർത്തകൾ നൽകിയ മുൻവിധികളുമുണ്ടായിരുന്നു.

എന്നാൽ, ദോഹയിൽ വന്നിറങ്ങിയ നിമിഷം മുതൽ, കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതൊന്നുമല്ല യാഥാർഥ്യം എന്ന് മനസ്സിലായി. ഖത്തറിന് ലോകകപ്പ് അനുവദിച്ചുകൊടുത്തതിലുള്ള ഈർഷ്യയായിരുന്നു അവർക്കുണ്ടായിരുന്നത്. മറ്റൊന്ന് സ്റ്റേഡിയത്തിൽ മദ്യം ലഭിക്കില്ലെന്നതും. ഏതൊരു രാജ്യത്ത് ചെന്നാലും അവിടത്തെ നിയമത്തെയും സംസ്കാരത്തെയും ബഹുമാനിക്കാൻ പഠിക്കണം. ഇത്തവണ സ്റ്റേഡിയത്തിൽ മദ്യം കിട്ടാതിരുന്നതുകൊണ്ട് ഒരാൾക്കും ഒന്നും സംഭവിച്ചിട്ടില്ല. മദ്യമല്ല, കളിയാണ് എന്നതായിരുന്നു ഖത്തറിന്റെ ആപ്തവാക്യം.

എടുത്തുപറയേണ്ട മറ്റൊരു കാര്യം യാത്രാസൗകര്യമാണ്. ആയിരക്കണക്കിന് ബസുകളാണ് മാധ്യമ പ്രവർത്തകർക്കും കളികാണാൻ എത്തിയവർക്കുമായി മാറ്റിവെച്ചിരുന്നത്. അതും പൂർണമായും സൗജന്യമായി. മെട്രോയിലും അങ്ങനെത്തന്നെയായിരുന്നു. മറ്റൊരു ലോകകപ്പിലുമില്ലാത്ത സൗകര്യങ്ങൾ. വിമർശനങ്ങൾക്ക് പ്രവൃത്തികൊണ്ട് ഖത്തർ മറുപടി നൽകി.

ലോകകപ്പ് വീക്ഷിക്കാനെത്തിയ വിവിധ രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ആരാധകരെ ഖത്തര്‍ ആവേശത്തോടെ സ്വീകരിച്ചു. അതിലേറെ സ്‌നേഹം നല്‍കിയാണ് അവരെ മടക്കിയയക്കുന്നത്. കേരളത്തിൽ നിന്നെത്തിയ ഞാനടക്കമുള്ള മാധ്യമ പ്രവർത്തകരും ഖത്തരികളുടെ സ്നേഹം ഏറ്റുവാങ്ങി മനസ്സുനിറഞ്ഞ സന്തോഷത്തോടെയാണ് മടങ്ങുന്നത്. ഏറ്റവും കൂടുതല്‍ മലയാളികള്‍ നേരിട്ടു കണ്ട ലോകകപ്പ് കൂടിയാണിതെന്ന പ്രത്യേകതയും ഈ ലോകകപ്പിനുണ്ട്.

ഇവിടെ വന്നിറങ്ങിയതുമുതല്‍ സുന്ദരമായ കുറെ നിമിഷങ്ങള്‍ സമ്മാനിച്ച ദോഹ നഗരത്തോട് വിടപറയുകയാണ്. ലോകകപ്പ് സമ്മാനിച്ച മധുര സ്മരണകള്‍ക്കപ്പുറം സ്നേഹം പകര്‍ന്ന, കരുതല്‍ നല്‍കിയ ഖത്തറിനെയാണ് ഇനി നഷ്ടമാകുന്നത്. ഒരുമാസം അറേബ്യന്‍ കിസ്സകളുടെ മായാലോകത്തായിരുന്നു. നന്ദി, ഖത്തര്‍.... നന്ദി.

വിനോദ് ദാമോദരൻ (ജന്മഭൂമി)

‘എന്നുമെന്നും ഈ ഓർമകൾ മനസ്സിലുണ്ടാകും’

ഹരി മുണ്ടൂർ

ഖത്തർ ലോകകപ്പിലേക്ക് ഒരുങ്ങുേമ്പാൾതന്നെ ഇവിടെയെത്തി ഒരു മത്സരമെങ്കിലും കാണണം എന്ന തീരുമാനമെടുത്തിരുന്നു. അതിനിടയിലാണ് ‘മീഡിയവൺ’ റിപ്പോർട്ടിങ് ടീമിൽ അംഗമായി ദോഹയിലെത്താൻ അവസരമൊരുങ്ങുന്നത്. നവംബർ ആദ്യവാരത്തിൽ ആതിഥേയ മണ്ണിലെത്തി കളി ചൂടു പിടിക്കും മുേമ്പ ലോകകപ്പിലേക്കുള്ള ഓട്ടങ്ങൾ തുടങ്ങി.

ടൂർണമെൻറിന് കിക്കോഫ് വിസിൽ മുഴങ്ങുംവരെ ടീമുകളുടെ പരിശീലന വേദികളിലേക്കുള്ള യാത്രകളായിരുന്നു. ടി.വിയിൽ മാത്രം കണ്ട് മനസ്സിൽ കുറിച്ചുവെച്ച ഇതിഹാസ താരങ്ങളെയെല്ലാം കാമറക്കു പിന്നിൽനിന്ന് ഒപ്പിയെടുക്കുേമ്പാൾ ജീവിതത്തിൽ വിദൂരമായി മാത്രംകണ്ട ഒരു സ്വപ്നമായിരുന്നു സാക്ഷാത്കരിച്ചത്.

ലോകകപ്പിൽ മാറ്റുരച്ച 32ൽ മൂന്ന് ടീമുകൾ ഒഴികെ 29 ടീമുകളുടെയും പരിശീലന സെഷനുകൾ റിപ്പോർട്ടിങ് സംഘത്തിനൊപ്പം പകർത്താനായി. ലയണൽ മെസ്സിയും ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും കിലിയൻ എംബാപ്പെയും കരിം ബെൻസേമയും മുതൽ വിവിധ ടീമുകളുടെ സൂപ്പർതാരങ്ങളെയെല്ലാം എന്റെ ഫ്രെയിമിൽ ഒപ്പിയെടുത്തു.

ഒന്നര മാസത്തിലേറെ നീണ്ടുനിന്ന ലോകകപ്പ് ദൗത്യം പൂർത്തിയാക്കി മടങ്ങുേമ്പാൾ ഈ രാജ്യവും ജനങ്ങളും ഇവിടത്തെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹവും നൽകിയ കരുതലും സ്നേഹവും മറക്കാനാവില്ല. മറ്റു ലോകകപ്പ് വേദികളിലൊന്നും പോയിട്ടില്ലെങ്കിലും ഏറ്റവും മനോഹരമായ ലോകകപ്പാണ് ഖത്തറിലേതെന്ന് അനുഭവത്തിലൂടെ പറയാൻ കഴിയും. മുൻകാല ലോകകപ്പുകളിൽ ഓരോ വേദികൾക്കുമിടയിൽ 500ഉം 1000വും കിലോമീറ്റർ ദൂരമുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്.

എന്നാൽ, ഇവിടെ 75 കിലോമീറ്ററിനുള്ളിൽ എട്ട് സ്റ്റേഡിയങ്ങളും ആഘോഷവേദികളും സജ്ജമായിരുന്നു. സ്റ്റേഡിയങ്ങളിൽനിന്ന് സ്റ്റേഡിയങ്ങളിലേക്ക് യാത്രയെന്നത് അനായാസമായി. ദോഹ മെട്രോ സർവിസ് ലോകകപ്പ് പോലെതന്നെ ജീവിതത്തിൽ എന്നും ഓർമയിൽതങ്ങുന്ന അനുഭവമായിരിക്കും.

അർജൻറീനക്കാരനും ബ്രസീലുകാരനും ഏഷ്യക്കാരനും ആഫ്രിക്കക്കാരനും ഫുട്ബാൾ എന്ന വികാരവുമായി ഒന്നിച്ചുചേരുന്ന മിഷൈരിബ് മെട്രോ സ്റ്റേഷനും സൂഖ് വാഖിഫുമെല്ലാമാണ് ഈ ലോകകപ്പെന്ന് അടയാളപ്പെടുത്താം. ഏറ്റവും മികച്ച കളിയുത്സവത്തിന്റെ സംഘാടനം മനോഹരമായി പൂർത്തിയാക്കിയെന്നത് ഖത്തറിന് അഭിമാനം നൽകുന്ന നിമിഷമാണ്.

ഹരി മുണ്ടൂർ (സീനിയർ കാമറമാൻ- മീഡിയവൺ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cup
News Summary - This golden cup belongs to Qatar
Next Story