ഇത് കേരളത്തിന്‍റെ കൂടി ലോകകപ്പ്; പ്രവാസികളുടെ വിയർപ്പിന്റെ സാക്ഷാത്കാരം -മുഖ്യമന്ത്രി
text_fieldsഖത്തറിൽ അരങ്ങേറുന്നത് കേരളത്തിന്‍റെ കൂടി ലോകകപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകകപ്പ് ഫുട്ബാളിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണ്. ധാരാളം മലയാളി പ്രവാസികളുള്ള രാജ്യമാണ് ഖത്തർ. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിർമാണ പ്രവൃത്തികളിലും പ്രവാസി സഹോദരങ്ങൾ പങ്കുചേർന്നിട്ടുണ്ട്. അവരുടെ വിയർപ്പിന്റെ കൂടി സാക്ഷാത്കാരമാണിത്. ആ അർഥത്തിൽ കേരളത്തിന്‍റെ കൂടി ലോകകപ്പാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
സ്പോർട്സ്മാൻ സ്പിരിറ്റ് ഉയർത്തിപ്പിടിച്ച് ഏറ്റവും സന്തോഷത്തോടെ ഈ ലോകകപ്പ് ഏവർക്കും ആസ്വദിക്കാൻ സാധിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, ഫുട്ബാളിലേക്ക് പ്രതിലോമതയുടെയും സങ്കുചിതത്വത്തിന്റെയും വിഷകിരണങ്ങൾ കടന്നു ചെല്ലുന്നത് അനാശാസ്യകരമാണെന്നും അഭിപ്രായപ്പെട്ടു. വിപുലമായ രീതിയിൽ ലോകകപ്പ് സന്നാഹങ്ങളൊരുക്കിയ ഖത്തറിനും അതിന് പിന്നിൽ പ്രവർത്തിച്ച മലയാളികളടക്കമുള്ളവർക്കും അഭിവാദ്യങ്ങൾ നേർന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും വിജം ആശംസിച്ചു.
കുറിപ്പിന്റെ പൂർണരൂപം:
ഖത്തറിൽ അരങ്ങേറുന്ന ഫുട്ബാൾ ലോകകപ്പിന്‍റെ ആഘോഷത്തിലാണ് നാടാകെ. മലയാളികളുടെ ഫുട്ബാൾ പ്രേമം പ്രസിദ്ധമാണ്. പെലെ, മറഡോണ, പ്ലാറ്റിനി, ബെക്കൻബോവർ പോലുള്ള മഹാരഥന്മാരുടെ പ്രകടനങ്ങൾ കണ്ടു തളിർത്ത ആ ഫുട്ബാൾ ജ്വരം ഇന്ന് മെസ്സി, റൊണാൾഡോ, നെയ്മർ പോലുള്ള പ്രഗത്ഭരായ താരങ്ങളിലൂടെ ആകാശം മുട്ടെ വളർന്നിരിക്കുന്നു. കോഴിക്കോട് പുള്ളാവൂരിൽ കുറുങ്ങാട്ട് കടവ് പുഴക്ക് കുറുകെ ഉയർത്തിയ ഭീമാകാരങ്ങളായ കട്ട് ഔട്ടുകൾ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. പൊതുവിടങ്ങളിലെല്ലാം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ചൂടുപിടിക്കുകയാണ്. സൗഹൃദ മത്സരങ്ങളും ജാഥകളും തുടങ്ങിയ എണ്ണിയാൽ തീരാത്ത പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നു.
ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണ്. ധാരാളം മലയാളി പ്രവാസികളുള്ള രാജ്യമാണ് ഖത്തർ. ഇതുവഴി നമ്മുടെ ഫുട്ബാൾ പ്രേമികൾക്ക് ലോകോത്തര ഫുട്ബാൾ മത്സരങ്ങൾ കാണാനുള്ള സുവർണാവസരം വന്നു ചേർന്നിരിക്കുന്നു. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റു നിർമാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങൾ പങ്കുചേർന്നിട്ടുണ്ട്. അവരുടെ വിയർപ്പിന്റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കം.
ആ അർഥത്തിൽ കേരളത്തിന്‍റെ കൂടി ലോകകപ്പാണിത്. ഇഷ്ടടീമുകൾ ഏറ്റുമുട്ടാനൊരുങ്ങിക്കഴിഞ്ഞു. ആവേശവും ആർപ്പുവിളികളും കൂടുതൽ മുറുകട്ടെ. സ്പോർട്സ്മാൻ സ്പിരിറ്റ് ഉയർത്തിപ്പിടിച്ച് ഏറ്റവും സന്തോഷത്തോടു കൂടി ഈ ലോകകപ്പ് ഏവർക്കും ആസ്വദിക്കാൻ സാധിക്കട്ടെ. ഒരു മുൻവിധിയുമില്ലാതെ ലോകത്തെല്ലാവരും ആസ്വദിക്കുകയും ഹൃദയത്തിൽ ഏറ്റുവാങ്ങുകയും ചെയ്യുന്നവയാണ് ഫുട്ബാൾ മത്സരങ്ങൾ. അതിലേക്ക് പ്രതിലോമതയുടെയും സങ്കുചിത്വത്തിന്റെയും വിഷ കിരണങ്ങൾ കടന്നുചെല്ലുന്നത് അനാശാസ്യകരമാണ്. ഇത്തരം ശ്രമങ്ങളെയെല്ലാം ഫുട്ബാൾ പ്രേമികൾ തള്ളിക്കളയുക തന്നെ ചെയ്യും. വിപുലമായ രീതിയിൽ ഈ ലോകകപ്പ് സന്നാഹങ്ങളൊരുക്കിയ ഖത്തറിനും അതിന് പിന്നിൽ പ്രവർത്തിച്ച മലയാളികളടക്കമുള്ളവർക്കും അഭിവാദ്യങ്ങൾ. പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും വിജയാശംസകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.