ഇത് ലോകകപ്പ് ചരിത്രത്തിലെ മികച്ച ഫൈനൽ -ലെവൻഡോവ്സ്കി
text_fieldsദോഹ: ലുസൈൽ സ്റ്റേഡിയത്തിൽ ഇക്കഴിഞ്ഞ ഡിസംബർ 18ന് അരങ്ങേറിയ അർജൻറീന-ഫ്രാൻസ് കലാശപ്പോരാട്ടമാണ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലെന്ന് പോളണ്ടിന്റെ സൂപ്പർ സ്ട്രൈക്കർ റോബർട്ട് ലെവൻഡോവ്സ്കി. സീസൺ മധ്യത്തിൽ ലോകകപ്പ് നടത്തിയതിന്റെ പ്രതിഫലനമാണ് ആവേശകരമായ ഫൈനലിന് വഴിയൊരുക്കിയതെന്നും ബാഴ്സലോണ താരം അഭിപ്രായപ്പെട്ടു.
‘ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും മികച്ച ലോകകപ്പ് ഫൈനൽ ഖത്തറിലേതാണെന്ന് ഞാൻ കരുതുന്നു. അതൊരുപക്ഷേ, സീസണിനിടക്ക് മത്സരങ്ങൾ നടന്നതുകൊണ്ടാകാം. സാധാരണ ജൂണിലാണ് ലോകകപ്പ് നടക്കാറുള്ളത്. സീസൺ അവസാനിച്ചതിന് പിന്നാലെയായതിനാൽ അപ്പോൾ താരങ്ങൾ കൂടുതൽ ക്ഷീണിതരായിരിക്കും. 70 മിനിറ്റിനുശേഷവും ലോകകപ്പിന്റെ ഉന്നതതല വേദിയിൽ പകിട്ടിനൊത്ത രീതിയിൽ കളി പുറത്തെടുക്കുകയെന്നത് അസാധ്യമായി മാറിയേക്കും. സീസണിനിടയിൽ അരങ്ങേറിയ ഈ ഫൈനൽ പക്ഷേ, അത്രയേറെ മനോഹരമായിരുന്നു. അത് വലിയ വ്യത്യാസമാണുളവാക്കിയത്’ -34കാരനായ പോളണ്ട് ക്യാപ്റ്റൻ പറഞ്ഞു.
ഫ്രാൻസിനെതിരായ പ്രീക്വാർട്ടറിൽ 3-1ന് തോറ്റാണ് പോളണ്ട് ലോകകപ്പിൽനിന്ന് പുറത്തായത്. സീസൺ മധ്യത്തിൽ ലോകകപ്പ് നടത്തുന്നതിനെ യൂറോപ്യൻ മാധ്യമങ്ങൾ ഉൾപ്പെടെ നിശിതമായി വിമർശിച്ച് രംഗത്തുണ്ടായിരുന്നു. എന്നാൽ, സംഘാടനത്തിലും മത്സരങ്ങളുടെ നിലവാരത്തിലും ലോകകപ്പ് വൻ വിജയമായതോടെ വിമർശനങ്ങളെല്ലാം കാറ്റിൽപറന്നു. സീസണിന്റെ മധ്യത്തിൽ ടൂർണമെന്റ് നടത്തിയതാണ് മത്സരങ്ങൾ ആവേശകരമായതെന്ന് ചൂണ്ടിക്കാട്ടി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഡേവിഡ് ബെക്കാം ഉൾപ്പെടെ രംഗത്തുവന്നു.
‘സീസൺ മധ്യത്തിൽ ലോകകപ്പ് നടത്തുന്നതിനെ ഞാൻ നേരത്തെ മുതൽ അനുകൂലിച്ചിരുന്നു. സീസൺ അവസാനം ക്ഷീണിതരായ താരങ്ങളായിരുന്നില്ല ഖത്തറിൽ കളത്തിലുണ്ടായിരുന്നത്. ക്ലബ് മത്സരങ്ങൾക്കിടയിൽനിന്നുവന്ന താരങ്ങളുടെ ഫിറ്റ്നസും എനർജി ലെവലും മികച്ചതായിരുന്നു. അത് മത്സരങ്ങളിലും പ്രതിഫലിച്ചു’ -ബെക്കാം പ്രതികരിച്ചതിങ്ങനെ.
ലോകകപ്പ് കിരീടം ചൂടിയ അർജൻറീന നായകനും ഇതിഹാസ താരവുമായ ലയണൽ മെസ്സിയോടൊപ്പം കളിക്കാനുള്ള ആഗ്രഹവും ലെവൻഡോവ്സ്കി പങ്കുവെച്ചു. തീർച്ചയായും ഇപ്പോൾ മെസ്സി കളിക്കുന്നത് കൂടുതലായും പ്ലേമേക്കറെന്ന രീതിയിലാണ്. ഗോളുകളുടെ എണ്ണം കുറവാണെങ്കിലും സഹതാരങ്ങൾക്ക് കൂടുതൽ പാസുകൾ നൽകി അവരെക്കൊണ്ട് കൂടുതൽ ഗോളടിപ്പിക്കുന്നു.
ഏതൊരു സ്ട്രൈക്കറും ഒപ്പം കളിക്കണമെന്ന് സ്വപ്നം കാണുന്ന കളിക്കാരനാണ് മെസ്സി’- ലെവൻഡോവ്സ്കി മനസ്സുതുറന്നു. ഇക്കുറി ബാലൺ ഡി ഓർ പുരസ്കാരം നേടാൻ ഏറ്റവും സാധ്യതയുള്ള കളിക്കാരനാണ് മെസ്സിയെന്നും ‘ലെവൻ’ അഭിപ്രായപ്പെട്ടു. ‘ഒപ്പം കളിക്കുന്ന ടീമിലെ താരങ്ങൾ അതിനായി രംഗത്തുണ്ടാകാമെങ്കിലും ഈ ലോകകപ്പ് വിജയമായിരിക്കും ഇക്കുറി ആരാണ് ജേതാവെന്നത് തീരുമാനിക്കുക. അദ്ദേഹം നേടിയെടുത്തതിന്റെ അടിസ്ഥാനത്തിൽ, തീർച്ചയായും ലിയോ ആണ് ബാലൺ ഡി ഓർ നേടാനുള്ള മത്സരത്തിൽ ഒന്നാം സ്ഥാനത്തുള്ളത്’.
ബാലൺ ഡി ഓർ പവർ റാങ്കിങ്ങിൽ കിലിയൻ എംബാപ്പെ, എർലിങ് ഹാലാൻഡ്, നെയ്മർ, ലെവൻഡോവ്സ്കി എന്നിവരെയൊക്കെ പിന്നിലാക്കി മെസ്സിയാണ് സാധ്യതയിൽ ഏറെ മുന്നിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.