ലോ സെൽസോയുടെ പരിക്ക് ഗുരുതരമെന്ന്; അർജന്റീന ക്യാമ്പിൽ ആശങ്ക
text_fieldsബ്യൂണസ് ഐറിസ്: ഹാംസ്ട്രിങ്ങിന് പരിക്കേറ്റ് വിശ്രമത്തിലുള്ള ടോട്ടൻഹാം താരം ലോ സെൽസോയെ കുറിച്ച പുതിയ വാർത്തകളിൽ ആധി പൂണ്ട് അർജന്റീന ക്യാമ്പ്. ലോകകപ്പ് ഫുട്ബാൾ മത്സരങ്ങൾക്ക് വേദിയുണരാൻ നാളുകൾ ബാക്കിനിൽക്കെയാണ് ദേശീയ ടീമിന്റെ മിഡ്ഫീൽഡ് ജനറലെ പരിക്ക് വലക്കുന്നത്. മൂന്നാഴ്ച തികച്ചില്ലെന്നിരിക്കെ 26കാരന്റെ പരിക്ക് അതിന് മുമ്പ് പൂർണമായി ഭേദമാകില്ലെന്നാണ് ആശങ്ക. വായ്പാടിസ്ഥാനത്തിൽ വിയ്യ റയലിലെത്തിയ താരത്തിന് കഴിഞ്ഞ ദിവസം അറ്റ്ലറ്റിക് ബിൽബാവോക്കെതിരായ മത്സരത്തിലാണ് പരിക്കേറ്റത്.
വൻതുകക്ക് റയൽ ബെറ്റിസിൽനിന്ന് നേരത്തെ ടോട്ടൻഹാമിലെത്തിയ ലോ സെൽസോ മികവു കാട്ടാനാകാതെ പതറിയിരുന്നു. കോച്ചുമാരുടെ അപ്രീതി കൂടിയായതോടെ ലാ ലിഗ ക്ലബിന് വായ്പാടിസ്ഥാനത്തിൽ കൈമാറി. നിലവിൽ ലാ ലിഗയിലാണ് കളിക്കുന്നത്. അതേ സമയം, ക്ലബിൽ സ്ഥിതി ദയനീയമായപ്പോഴും ദേശീയ ജഴ്സിയിൽ മികച്ച ഫോം പുറത്തെടുത്ത താരം ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ കിരീട സ്വപ്നങ്ങളിലെ വലിയ കണ്ണിയാണ്. 11 യോഗ്യത മത്സരങ്ങളിൽ ഒമ്പതിലും സ്കലോണി ലോ സെൽസോയെ ആദ്യ ഇലവനിൽ ഇറക്കിയിരുന്നു. ലോകകപ്പിലും തീർച്ചയുള്ള 11 പേരിൽ ഒരാളായാണ് മാധ്യമങ്ങൾ അദ്ദേഹത്തെ കണ്ടിരുന്നത്. ഇതിനിടെയാണ് വില്ലനായി പരിക്ക് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.