അടിക്കാത്ത ഗോളിന് അതിരുവിട്ട ആഘോഷം; റൊണാൾഡോക്ക് പരിഹാസം
text_fieldsദോഹ: ലോകകപ്പിൽ ഉറുഗ്വായ്‌ക്കെതിരെ 54ാം മിനിറ്റിലാണ് പോർച്ചുഗലിന്റെ ആദ്യ ഗോൾ പിറന്നത്. ഇടതുവിങ്ങിൽനിന്ന് ബ്രൂണോ ഫെർണാണ്ടസ് ഉയർത്തിയടിച്ച ക്രോസിന് തലവെക്കാൻ റൊണാൾഡോ ഉയർന്നുചാടി. പന്ത് നേരെ വലയിൽ കയറി. ഇതോടെ താനാണ് ഗോളടിച്ചതെന്ന രീതിയിൽ ക്രിസ്റ്റ്യാനോയുടെ റൊണാൾഡോയുടെ പതിവ് രീതിയിലുള്ള ആഘോഷം. ഗോൾ രേഖപ്പെടുത്തിയതും റൊണാൾഡോയുടെ പേരിൽ. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ലോകകപ്പ് ഗോളുകൾ നേടുന്ന താരമെന്ന യുസേബിയോയുടെ റെക്കോർഡിനൊപ്പമെത്തിയെന്ന വിശദീകരണവും വന്നു.
എന്നാൽ, വൈകാതെ ഗോളിന്റെ യഥാർഥ അവകാശി ബ്രൂണോ ഫെർണാണ്ടസാണെന്ന് ഔദ്യോഗിക വിശദീകരണമെത്തി. പന്ത് റൊണാൾഡോയുടെ തലയിൽ തട്ടിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഫിഫ, ഗോൾ ബ്രൂണോയുടെ പേരിൽ രേഖപ്പെടുത്തിയത്.
ഇതോടെ, അടിക്കാത്ത ഗോളിനാണ് റൊണാൾഡോയുടെ അതിരുവിട്ട ആഘോഷമെന്ന് സമൂഹമാധ്യമങ്ങളിൽ വിമർശനവും ട്രോളുകളും വന്നു. മറ്റൊരു താരത്തിന്റെ ഗോൾ സ്വന്തം പേരിലാക്കാനുള്ള സ്വാർത്ഥതയെന്ന തരത്തിലും എതിരാളികൾ രംഗത്തുവന്നു.
83ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യപ്പെട്ടതോടെ 90ാം മിനിറ്റിൽ പോർച്ചുഗലിന് അനുകൂലമായി ലഭിച്ച പെനാൽറ്റി എടുക്കാനുള്ള അവസരവും റൊണാൾഡോക്ക് നഷ്ടമായി. റൊണാൾഡോയുടെ അഭാവത്തിൽ ബ്രൂണോ ഫെർണാണ്ടസാണ് കിക്കെടുത്തത്. പിഴവില്ലാതെ പന്ത് വലയിലെത്തിച്ച താരം ഇരട്ടഗോളുമായി വിജയശിൽപിയുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.