ഇറാനെ പുലിസിച് 'തീർത്തു'; യു.എസ് പ്രീക്വാർട്ടറിൽ
text_fieldsപുറത്ത് വൈരംമൂത്ത രാഷ്ട്രീയം യുദ്ധത്തിന്റെ വക്കിൽനിർത്തിയ ഇരു രാജ്യങ്ങൾ മൈതാനത്ത് മുഖാമുഖം നിന്ന ആവേശപ്പോരു ജയിച്ച് യു.എസ് നോക്കൗട്ടിൽ. 38ാം മിനിറ്റിൽ ക്രിസ്റ്റ്യൻ പുലിസിചാണ് അമേരിക്ക കാത്തിരുന്ന ഗോളുമായി ടീമിനെ ഗ്രൂപ് ബി രണ്ടാമന്മാരായി പ്രീക്വാർട്ടറിലെത്തിച്ചത്.
ശരിക്കും യുദ്ധം ജയിക്കാനിറങ്ങിയവരെ പോലെ, എന്നാൽ പരുക്കൻ അടവുകൾ പൊതുവെ മാറിനിന്ന കളിയിൽ തുല്യമായാണ് ഇരു ടീമും പട നയിച്ചത്. കൊണ്ടും കൊടുത്തും മുന്നേറിയ കളിയുടെ ആദ്യ നിമിഷങ്ങളിൽ തന്നെ ഗോളവസരം തുറന്നത് ഇറാൻ. 40 വാര അകലെനിന്ന് എടുത്ത സെറ്റ്പീസിൽ യു.എസ് ക്യാപ്റ്റൻ ടൈലർ ആദംസ് തലവെച്ച് അപകടമൊഴിവാക്കി. തൊട്ടുപിറകെ പുലിസിചിന്റെ മുന്നേറ്റം ഹുസൈനിയുടെ ഇടപെടലിൽ അവസാനിച്ചു.
യൂനുസ് മൂസയെന്ന 20കാരനെ കേന്ദ്രീകരിച്ചായിരുന്നു അമേരിക്കൻ ആക്രമണങ്ങളിലേറെയും. ആരു ജയിച്ചാലും നോക്കൗട്ട് എന്നതിനാൽ ഇരു ടീമും ഗോൾ തേടിയുള്ള ഓട്ടം തുടക്കം മുതൽ സജീവമാക്കി. ഒമ്പതാം മിനിറ്റിൽ ഇറാൻ പോസ്റ്റിനരികിൽ മൂസ പതിയെ നീട്ടിനൽകിയ പാസിൽ പുലിസിച് തലവെച്ചെങ്കിലും ഗോളിയുടെ കൈകളിലെത്തി. പിന്നെയും മനോഹര ഗെയിമുമായി ഇരുനിരയും ഒപ്പത്തിനൊപ്പം മൈതാനം നിറഞ്ഞു. 13ാം മിനിറ്റിൽ പുലിസിച് ഒരിക്കൽകൂടി ഇറാൻ ബോക്സിൽ അപായമണി മുഴക്കി. 26ാം മിനിറ്റിൽ യു.എസിന് അനുകൂലമായി ലഭിച്ച കോർണറും കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയില്ല.
ആദ്യ പകുതി അവസാനത്തോടടുത്തതോടെ മുനകൂർത്ത നീക്കങ്ങളുമായി യു.എസ് ഇറാൻ ബോക്സിൽ ഇരമ്പിയാർത്തതിന് ഫലമുണ്ടായി. 38ാം മിനിറ്റിലായിരുന്നു പുലിസിചിന്റെ കാലുകളിൽനിന്ന് ആവേശം നിറച്ച് ഗോൾ എത്തിയത്. ആദ്യ പകുതിക്കു പിരിയാൻ നിൽക്കെ ഒരുവട്ടം കൂടി യു.എസ് വല കുലുക്കിയെങ്കിലും ഓഫ്സൈഡ് കെണിയിൽ കുരുങ്ങി.
യു.എസ് ആധിപത്യത്തോടെയാണ് രണ്ടാം പകുതിയിലും കളിമുറ്റമുണർന്നത്. വെയിൽസിനെതിരെ കഴിഞ്ഞ കളിയിൽ ആധിപത്യം കാട്ടിയ ഇറാന്റെ നിഴൽ മാത്രമായ സംഘത്തെ പിടിച്ചുകെട്ടിയ അമേരിക്കക്കാർ പ്രത്യാക്രമണവുമായി ഇറാൻ ഗോൾ പോസ്റ്റിൽ പലപ്പോഴും അപകടം തീർത്തു. അതിനിടെ, പുലിസിചിനെ രണ്ടാം പകുതിയുടെ തുടക്കത്തിൽ കോച്ച് പിൻവലിക്കുന്നതും കണ്ടു. അവസാന വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഇറാൻ പ്രതിരോധം നീക്കിനൽകിയ ക്രോസ് അമേരിക്കൻ പോസ്റ്റിൽ അപകടം മണത്തെങ്കിലും പ്രശ്നങ്ങളുണ്ടാക്കിയില്ല. ഗ്രൗണ്ടിൽ വീണ ഇറാൻ താരത്തെ ഫൗൾ ചെയ്തതിന് പെനാൽറ്റി ആവശ്യപ്പെട്ട് സഹതാരങ്ങൾ രംഗത്തെത്തിയെങ്കിലും റഫറി അനുവദിച്ചില്ല.
വിജയം പിടിച്ച യു.എസ് ഗ്രൂപിൽ രണ്ടാമന്മാരായി നോക്കൗട്ടിലെത്തി. പ്രീക്വാർട്ടറിൽ ഗ്രൂപ് എ ജേതാക്കളായ നെതർലൻഡ്സാണ് എതിരാളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.