യൂസ് ഫുൾ യു.എസ്
text_fieldsപ്രഥമ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരാണ് യു.എസ്. എന്നാൽ, പിന്നീടങ്ങോട്ട് ലോകമേളയിൽ അമേരിക്കക്കാരുടെ പ്രകടനം ശരാശരി നിലവാരത്തിലപ്പുറത്തേക്കുയർന്നിട്ടില്ല. എല്ലാ തവണയും പ്രമുഖ ടീമുകൾക്ക് വെല്ലുവിളിയുയർത്തുന്ന ടീമായി യു.എസ് ഉണ്ടാകും. എന്നാൽ, അതിലപ്പുറം മുന്നേറാനാവുന്നുമില്ല. ഇത്തവണയും അതേ അവസ്ഥയിലാണ് ടീം. ബി ഗ്രൂപ്പിൽ ഇംഗ്ലണ്ടാണ് കരുത്തർ. ബാക്കി മൂന്നിൽ ആർക്കും മുന്നേറാമെന്നതാണ് സ്ഥിതി. അതിലാണ് യു.എസിന്റെ പ്രതീക്ഷയും. കോൺകകാഫ് ഗ്രൂപ്പിൽ കാനഡക്കും മെക്സികോക്കും പിറകിൽ മൂന്നാമതായാണ് യു.എസ് ഖത്തറിലേക്ക് യോഗ്യത ഉറപ്പിച്ചത്. 14 മത്സരങ്ങളിൽ ഏഴു ജയവും നാലു സമനിലയും മൂന്നു തോൽവിയുമായി 25 പോയന്റ്. 21 ഗോളടിച്ചപ്പോൾ 10 എണ്ണം വാങ്ങി.
ലണ്ടൻ ഡൊണോവനും ക്ലിന്റ് ഡെംപ്സിയുമൊക്കെ പന്തുതട്ടിയ ടീമിൽ അത്ര താരപരിവേഷമുള്ള കളിക്കാരില്ലെന്നതാണ് ഇപ്പോഴത്തെ ടീമിന്റെ കുറവ്.
ആശാൻ
നാലു വർഷമായി ടീമിന് തന്ത്രങ്ങൾ പറഞ്ഞുകൊടുക്കുന്ന ഗ്രെഗ് ബെർഹാൾട്ടറിലാണ് യു.എസിന്റെ പ്രതീക്ഷ. വിവിധ രാജ്യങ്ങളിലെ ക്ലബുകളെ പരിശീലിപ്പിച്ചിട്ടുള്ള 49കാരന്റെ പരിചയസമ്പത്ത് ടീമിന് ഗുണം ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. ദേശീയ ടീമിനായി 44 തവണ കളിച്ചിട്ടുള്ള ഈ ഡിഫൻഡറുടെ പ്രതിരോധത്തിലൂന്നിയുള്ള തന്ത്രങ്ങളിൽ ടീമിന് മുന്നേറാനാവുമോ എന്നതാണ് ചോദ്യം.
മത്സരങ്ങൾ -ഗ്രൂപ് ബി
യു.എസ്.എ x വെയിൽസ് (നവം. 22)
യു.എസ്.എ x ഇംഗ്ലണ്ട് (നവം. 26)
യു.എസ്.എ x ഇറാൻ (നവം. 30)
കുന്തമുന
23കാരനായ ടെയ്ലർ ആഡംസ് മൾട്ടിപർപ്പസ് ഫുട്ബാളറാണ്. പ്രധാനമായും മിഡ്ഫീൽഡറായി കളിക്കുന്ന താരം വിംഗറായും ഫുൾബാക്കായുമൊക്കെ അനായാസം രൂപം മാറാൻ കഴിവുള്ള താരമാണ്. സ്വന്തം നാട്ടിലെ ന്യൂയോർക് റെഡ് ബുൾസ് വഴി കളിച്ചുതെളിഞ്ഞ ആഡംസ് ആർ.ബി ലൈപ്സിഷ് വഴി ലീഡ്സ് യുനൈറ്റഡിലാണ് നിലവിൽ പന്തുതട്ടുന്നത്.
പ്രാഥമിക ടീം: അവസാന തീയതി ഇന്ന്
ദോഹ: ലോകകപ്പിനൊരുങ്ങുന്ന ടീമുകൾ പ്രാഥമിക ടീം പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി വെള്ളിയാഴ്ച. 35 മുതൽ 55 വരെ അംഗങ്ങളുടെ പട്ടികയാണ് സമർപ്പിക്കേണ്ടത്. ഇതിൽ ഉൾപ്പെടുന്നവരെ മാത്രമെ പിന്നീട് അന്തിമ ടീമിൽ ഉൾപ്പെടുത്താൻ സാധിക്കൂ. അടുത്തമാസം 13നാണ് 26 അംഗ അന്തിമ ടീം പ്രഖ്യാപിക്കേണ്ട അവസാന തീയതി. 20നാണ് ഖത്തറിൽ ലോകകപ്പിന് തുടക്കമാവുന്നത്.
ടീം 06 -യു.എസ്.എ
ഫിഫ റാങ്ക്: 16
കോച്ച്: ഗ്രെഗ് ബെർഹാൾട്ടർ
ക്യാപ്റ്റൻ: ടെയ്ലർ ആഡംസ്
നേട്ടങ്ങൾ:
ഫിഫ ലോകകപ്പ്: മൂന്നാം സ്ഥാനം (1930)
കോൺകകാഫ് ഗോൾഡ് കപ്പ്: ചാമ്പ്യന്മാർ (1991, 2002, 2005, 2007, 2013, 2017, 2021)
ഫിഫ കോൺഫെഡറേഷൻസ് കപ്പ്: റണ്ണേഴ്സപ്പ് (2009)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.