'ഹബീബി ഷഹ്‌രി യാ ഖൽബി'
text_fieldsറിയാദ്: 'ഹബീബി ഷഹ്‌രി യാ ഖൽബി' (പ്രിയപ്പെട്ടവനെ ഞങ്ങളുടെ ഹൃദയമേ അഭിമാന താരകമേ മുന്നേറുക), ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് സൗദിയിലെങ്ങും മുഴങ്ങിയ മന്ത്രണം. കോഫീ ഷോപ്പുകളിലും ഫാൻസ് ക്ലബ്ബുകൾ ഒരുക്കിയ ഹാളുകളിലും സ്വകാര്യ വിശ്രമകേന്ദ്രങ്ങളിലും (ഇസ്തിറാഹകൾ) വളരെ നേരത്തെ തന്നെ ഇടം പിടിച്ചുകഴിഞ്ഞിരുന്നു സൗദി കാൽപന്ത് പ്രേമികൾ. തുടക്കത്തിൽ അപ്പുറത്ത് അർജന്റീനയാണെന്ന ആത്മവിശ്വാസക്കുറവുണ്ടായിരുന്നു അവർക്ക്. സ്ക്രീനിന് മുന്നിലുണ്ടായിരുന്നവരുടെ മുഖത്തെല്ലാം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു ആശങ്കയുടെ കരിനിഴൽ. ആദ്യ പകുതിയിൽ കിട്ടിയ പെനാൽട്ടി മെസ്സി ലക്ഷ്യത്തിലെത്തിച്ചപ്പോൾ നിരാശയേറി. ആരവങ്ങൾ അടങ്ങി അതിവേഗം നിശബ്ദമായി സദസ്സുകൾ.
രണ്ടാം പകുതിയിൽ കളിയുടെ സ്വഭാവം അടിമുടി മാറി. മികച്ച നീക്കങ്ങളുണ്ടായി. തിരിച്ചുവരവിന്റെ സാധ്യതകൾ ഗ്രൗണ്ടിൽ കണ്ട് തുടങ്ങിയതോടെ കാണികളിലും മുഖത്തും പ്രതീക്ഷതയുടെ കിരണങ്ങളുദിച്ചു. 48-ാം മിനുറ്റിൽ സാലിഹ് അൽ-ഷഹ്‌രിയുടെ കിടിലൻ ഗോൾ പിറന്നു. അരയിൽ കെട്ടിവന്ന കൊടി പാറി പറപ്പിച്ചു. സംഗീതോപകരണങ്ങൾ മുട്ടിയും വിസിലടിച്ചും ആഘോഷത്തിരയിളക്കി.
ആവേശം മാനം മുട്ടി നിൽക്കുന്നതിനിടെയാണ് ഖത്തർ അമീർ സൗദിയുടെ പതാക തോളിലണിഞ്ഞ വീഡിയോ പ്രചരിച്ചത്. ആ ദൃശ്യങ്ങൾ സ്വദേശി വിദേശികൾ ഉൾപ്പടെയുള്ള സൗദി ആരധകരെ ആവേശകൊടുമുടി കയറ്റി. 'ഖത്തറിന്റെ നായകനെ അഭിവാദ്യങ്ങൾ, ഞങ്ങളോടൊപ്പം നിന്നതിന്, ഞങ്ങളുടെ കൊടിയണിഞ്ഞു ഐക്യപ്പെട്ടതിന്. അമീറിനെ പ്രശംസിച്ച് അറബ് സാഹിത്യത്തിലെ വരികൾ ഒഴുകി.
ആ ആവേശം കെട്ടടങ്ങും മുമ്പേ 53-ാം മിനുട്ടിൽ സാലിം അൽ-ദോസരി പായിച്ച പന്ത് അർജന്റീനയുടെ വലയിൽ പതിച്ചു. അൽപ സമയത്തേക്ക് എല്ലാം നിശ്ചലം. ഇരു ടീം ആരാധകർക്കും അവിശ്വസനീയതയുടെ മരവിപ്പ് അനുവപ്പെട്ടത് പോലെ. ഞങ്ങളുടെ ദോസരി ഗോളടിച്ചിരിക്കുന്നു എന്ന യാഥാർഥ്യം തിരിച്ചറിഞ്ഞു നിലം വിട്ടു പൊന്തി ആരാധകർ. കെട്ടിപ്പിടിച്ചും മുത്തം വെച്ചും ആ മിനുട്ടുകൾ അവർ അവർണനീയമാക്കി.
റിയാദിലെ ബത്ഹ, ഹാര, മലസ് തുടങ്ങിയ ഇടങ്ങളിൽ ആഘോഷത്തിനായി വിദേശികളും തെരുവിലിറങ്ങി. കൊടിയുയർത്തി സൗദിക്ക് അഭിവാദ്യം അർപ്പിച്ചു മുദ്രാവാക്യം വിളിച്ചു. നഗരത്തിലെ പ്രധാന ഹൈവേകളിലെല്ലാം വലിയ തിരക്കാണ് അനുവഭപ്പെടുന്നത്. വാഹനങ്ങൾക്ക് മുകളിൽ സൗദിയുടെ കൊടി ഉയർത്തിയാണ് പലയിടത്തും ആവേശപ്രകടനം. വിജയാഘോഷത്തിന്റെ ഭാഗമായി പ്രമുഖ ഭക്ഷണ ശാലകളും കഫെകളും ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.