ലുസൈലിലെ ഗാലറിയിലിരുന്ന് മെസ്സിയെ കണ്ടു
text_fieldsലുസൈൽ സ്റ്റേഡിയത്തിലെ 88,000പേർ ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്ന പെനാൽറ്റി ഷൂട്ടൗട്ടിലെ നിർണായക നിമിഷത്തിൽ ആ ഗാലറിയിൽ ഞാനുമുണ്ടായിരുന്നു. ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകർ ആകാംക്ഷയുടെ മുൾമുനയിൽ നിന്ന പോരാട്ടത്തിന് നേരിട്ട് സാക്ഷിയായ നിമിഷം. ആദ്യ മിനിറ്റ് മുതൽ വീറും വാശിയും കളത്തിൽ പ്രകടമായി.
എന്നാൽ, ഗാലറി നിറഞ്ഞത് അർജൻറീന ആരാധകരുടെ ആവേശമായി. വാശിയേറിയ പോരാട്ടത്തിൽ അർജൻറീന രണ്ട് ഗോളിന് മുന്നിൽ നിന്നപ്പോൾ ഉയർന്ന ആരവങ്ങൾ, രണ്ട് ഗോളുകൾ വീണ് എക്സ്ട്രാടൈമിലേക്ക് നീങ്ങിയപ്പോൾ നിശബ്ദമായി. ശേഷം, പെനാൽറ്റി ഷൂട്ടൗട്ടിൻെറ ഭാഗ്യ പരീക്ഷണത്തിൽ ആർത്തലച്ച ഗാലറി ഒരു അനുഭവമായിരുന്നു. ഈ കാഴ്ചകൾക്കുവേണ്ടിയാണ് ലോകകപ്പിലേക്ക് ഞാനും പറന്നെത്തിയത്.
ഇനി സെമിയിൽ ക്രൊയേഷ്യയെയും, ശേഷം ഫൈനലിലും വിജയം തുടർന്ന് മെസ്സിപ്പട കിരീടമണിയുന്നതുമാണ് ഒരു ഫുട്ബാൾ ആരാധികയെന്ന നിലയിലെ സ്വപ്നം. 2014 ബ്രസീൽ ലോകകപ്പിൽ അർജൻറീന ഫൈനലിൽ ജർമനിയോട് തോറ്റ് മടങ്ങിയ കാഴ്ച മുതൽ മെസ്സിക്കൊപ്പമാണ് ഞാനും. ഇത്തവണ നഷ്ടങ്ങളെല്ലാം തീർത്ത് അദ്ദേഹത്തിനു വേണ്ടി ടീം കിരീടമണിയുമെന്ന് സ്വപ്നം കാണുന്നു.
പൊതുപ്രവർത്തനത്തിൻെറ തിരക്കിനിടയിൽ ഫുട്ബാളും ക്രിക്കറ്റും ഒരു പോലെ ഇഷ്ടമാണ്. അതുതന്നെയാണ് എന്നെ ഇവിെട എത്തിച്ചതും. ഒരാഴ്ച മുമ്പാണ് ഞാൻ ലോകകപ്പ് വേദിയിലെത്തിയത്. നമ്മൾ മലയാളികൾക്ക് സ്വന്തം വീടെന്ന പോലെ ഒരിടത്ത് ലോകകപ്പ് ഫുട്ബാൾ എത്തുേമ്പാൾ വരാതിരിക്കുന്നതെങ്ങനെ. ഒരാഴ്ച മുമ്പാണ് ഞാൻ ലോകകപ്പ് വേദിയിലെത്തിയത്.
ബ്രസീൽ-കാമറൂൺ, സ്പെയിൻ- ജപ്പാൻ മത്സരങ്ങൾ കണ്ടുകഴിഞ്ഞാണ് അർജൻറീനയും നെതർലൻഡ്സും തമ്മിലെ വാശിയേറിയ പോരാട്ടത്തിനെത്തിയത്. കളി മാത്രമല്ല, ലുസൈൽ സ്റ്റേഡിയം തന്നെ അതിശയിപ്പിക്കുന്ന കാഴ്ചയാണ്. 88,000 കാണികളെ ഉൾകൊള്ളാൻ കഴിയുന്ന വിശാലമായ ഗാലറിയും നടുവിലായി പച്ചപ്പണിഞ്ഞ കളിമുറ്റവും എത്ര മനോഹരമാണ്. ഗ്രൂപ്പ് റൗണ്ടിൽ സ്പെയിനും ജപ്പാനും ഏറ്റുമുട്ടിയ ഖലീഫ ഇൻറർനാഷണൽ സ്റ്റേഡിയവും ഏറെ ആകർഷിച്ചു.
ലോകകപ്പിനായി പുതിയ സ്റ്റേഡിയങ്ങൾ ഒരുക്കിയും മെട്രോ ഉൾപ്പെടെ ഗതാഗത സംവിധാനങ്ങൾ സജ്ജമാക്കിയും ആതിഥേയരായ ഖത്തർ അത്ഭുതപ്പെടുത്തി. കേരളത്തിലെ ഒന്നോ രണ്ടോ ജില്ലകൾ മാത്രം ചേർത്തു വെച്ച വലിപ്പമുള്ള ഒരു രാജ്യം ലോകമാകെ ഉറ്റുനോക്കുന്ന വലിയ മഹാമേളക്ക് ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് തയ്യാറാക്കിയത്. ഒരുലക്ഷത്തിനടുത്ത് ജനങ്ങൾ ഒന്നിച്ച് നീങ്ങുേമ്പാഴും അവരുടെ സുഗമമായ യാത്രക്കുള്ള ഗതാഗത സംവിധാനം ശ്രദ്ധേയം. സ്റ്റേഡിയങ്ങൾ, ഫാൻ സോൺ, മറ്റ് ആഘോഷ വേദികൾ തുടങ്ങി വിവിധ ഇടങ്ങൾ ലോകകപ്പിനെ ഓർമകളിലെ ഏറ്റവും മനോഹരമായ ഒന്നാക്കി മാറ്റുന്നു.
(യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയാണ് വിദ്യാ ബാലകൃഷ്ണൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.