ഗാലറിയുടെ താളം നയിച്ച് വാലസിന്റെ 'സുർഡാവോ' ഡ്രം
text_fieldsദോഹ: സൂഖ് വാഖിഫിലെ ബ്രസീൽ ഘോഷയാത്രയിൽ, ദോഹ കോർണിഷിലെയും മെട്രോ സ്റ്റേഷനിലെയും കാനറിപ്പടയുടെ മേളപ്പെരുക്കത്തിൽ, ലുസൈലിലെയും മറ്റും ഗാലറിപ്പടവുകളിലെ സാംബാ താളത്തിൽ... അങ്ങനെ എല്ലായിടത്തുമുണ്ട് 60കാരനായ വാലസ് ലെയ്റ്റ്.ലോകകപ്പ് ഫുട്ബാളിനെല്ലാം ബ്രസീൽ പന്തു തട്ടാനെത്തുമെന്നപോലെയാണ് വാലസും അദ്ദേഹത്തിന്റെ ഡ്രമ്മും. ജർമനിയിലും ദക്ഷിണാഫ്രിക്കയിലും റഷ്യയിലും തുടങ്ങി ലോകകപ്പ് ഫുട്ബാൾ വൻകരകൾ താണ്ടി ഇങ്ങ് ഖത്തറിലെത്തിയപ്പോഴും മഞ്ഞക്കുപ്പായവും മഞ്ഞക്കണ്ണടയും തലയിൽ കെട്ടുമായി വലിയ ഡ്രമ്മും വഹിച്ച് വാലസ് കൊട്ടിക്കയറുന്നു.
ലോകകപ്പ് ഫുട്ബാൾ നഗരങ്ങളിലെ പതിവുകാഴ്ചയാണ് ഈ ബ്രസീൽ ഫുട്ബാൾ ആരാധകൻ. അനൗദ്യോഗിക ഡ്രമ്മർ എന്ന പേരുകൂടി നാട്ടുകാരും മാധ്യമങ്ങളും ഇദ്ദേഹത്തിന് നൽകുന്നുണ്ട്. 1986ലെ മെക്സികോ ലോകകപ്പിലായിരുന്നു തുടക്കം. അന്ന് ഡീഗോ മറഡോണയുടെ മാന്ത്രിക ബൂട്ടുകൾക്കു പിന്നാലെ ഫുട്ബാൾ ലോകം കൂടിയപ്പോൾ സ്വന്തം ടീമിന് പിന്തുണയുമായാണ് യുവാവായ വാലസ് എത്തിയത്.
പിന്നീട് നാലുവർഷത്തിലൊരിക്കൽ തീർഥാടനമെന്ന പോലെ ഓരോ ലോകകപ്പ് വേദികളിലുമെത്തി. അസുഖങ്ങളും കുടുംബവിശേഷങ്ങളുമൊന്നും ലോകകപ്പ് യാത്രകൾക്ക് തടസ്സമായില്ല. എല്ലാ ലോകകപ്പ് നഗരങ്ങളിലുമെത്തി ബ്രസീലിന്റെ മത്സരങ്ങൾക്കുള്ള ഗാലറിയുടെ മുൻനിരയിൽ ഇരിപ്പുറപ്പിക്കും. 'സുർഡാവോ' എന്നുവിളിക്കുന്ന ബ്രസീലിയൻ ഡ്രമ്മിന്റെ താളത്തിനൊപ്പമാവും പിന്നെ ഗാലറിയുടെ ആരവങ്ങൾ.
1990ലെ ഇറ്റാലിയൻ ലോകകപ്പ് മുതലായിരുന്ന ഇപ്പോൾ കാണുന്ന സുർഡാവോ ഡ്രമ്മും വഹിച്ചുള്ള സഞ്ചാരം തുടങ്ങിയത്. ഏഴ് കിലോ ഭാരമുള്ള ഡ്രം താളത്തിൽ കൊട്ടിത്തുടങ്ങുമ്പോൾ ദേശ, ഭാഷകൾ മറന്ന് കാണികൾ ഒപ്പം ചേരും.''ഭാരവും വഹിച്ച് ഗാലറിയിൽ മണിക്കൂറുകളോളവും പിന്നീട് തെരുവുകളിലും ആവേശത്തെ നയിക്കുമ്പോൾ ശരീരം തളരും. പലപ്പോഴും തോളിൽ പരിക്കും കൈകൾ മുറിവേൽക്കുകയും ചെയ്യാറുണ്ട്.
എന്നാൽ, മത്സരശേഷം മസാജും തെറപ്പിയും ചെയ്ത് അടുത്ത കളിക്കായി തയാറെടുക്കും'' -വാലസ് തന്റെ ഡ്രം യാത്രകളെ കുറിച്ച് പറയുന്നു. 'വാലസ് ഡാസ് കോപ' (വേൾഡ് കപ്പ് വാലസ്) എന്നാണ് നാട്ടുകാരും ബ്രസീലിൽ നിന്നുള്ള ഫുട്ബാൾ ആരാധകരും ഇദ്ദേഹത്തെ വിളിക്കുന്നത്.ഗാലറിക്കു പുറത്ത് കണ്ടാൽ ചിത്രമെടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനുമുള്ള തിരക്കുമായി ജനം വാലസിനൊപ്പം കൂടും.
എല്ലാ ലോകകപ്പ് നഗരികളിലെത്തുമ്പോഴും തദ്ദേശിയർ തന്നെ വീടുകളിലേക്ക് ക്ഷണിച്ച് സൽക്കരിക്കുന്നുവെന്ന് വാലസ് സന്തോഷത്തോടെ പറയുന്നു. ദക്ഷിണാഫ്രിക്കയിലും റഷ്യയിലും ഖത്തറിലുമെല്ലാം ഈ ആതിഥ്യമര്യാദ അനുഭവിച്ചറിഞ്ഞു. ഖത്തറിൽ മരുഭൂമിയിലെ ഒട്ടകയാത്രക്കും തന്നെ കൊണ്ടുപോയതായി ഈ ബ്രസീലുകാരൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.