''ശരിക്കും കളി തുടങ്ങാനിരിക്കുന്നേയുള്ളൂ, അർജന്റീനക്ക് അത് കഴിയും''- ആത്മവിശ്വാസവുമായി മാർടിനെസ്
text_fieldsആദ്യ കളിയിൽ സൗദിയോടേറ്റ തോൽവി നോക്കൗട്ട് അപകടത്തിലാക്കിയ അർജന്റീന ഇന്ന് പോളണ്ടിനെതിരെ ഇറങ്ങാനിരിക്കെ ടീമിന്റെ പ്രകടനമികവിനെ സംശയിക്കേണ്ടെന്ന ആത്മവിശ്വാസം പരസ്യമാക്കി പ്രതിരോധ താരം ലിസാന്ദ്രോ മാർടിനെസ്. ബുധനാഴ്ച രാത്രി പോളണ്ടിനെ കീഴടക്കിയാൽ മെസ്സി സംഘത്തിന് പ്രീക്വാർട്ടർ അനായാസം ഉറപ്പിക്കാം. സമനിലയിലായാൽ കാര്യങ്ങൾ പരുങ്ങലിലാകും. തോൽവി പുറത്തേക്കുള്ള വഴിയും ഉറപ്പാക്കും. എന്നാൽ, ഇത്തരം ഘട്ടങ്ങൾ ടീമിനെ ആശങ്കപ്പെടുത്തുന്നില്ലെന്ന് മാർടിനെസ് പറയുന്നു.
''എല്ലാം വിശദമായി അറിയണം. മെസ്സിയുടെ ഗോളോടെ നാം അതു കണ്ടതാണ്. അതുവരെയും (മെക്സിക്കോക്കെതിരായ) തുല്യപോരാട്ടമായിരുന്നു. എല്ലാറ്റിനും ഞങ്ങൾക്കു സാധിക്കും. ഇതിലേറെ മെച്ചപ്പെട്ട കളി കാഴ്ചവെക്കാനാകും. ഏറ്റവും മികച്ച പ്രകടനത്തിലേക്ക് ഇതുവരെയും ടീം എത്തിയിട്ടില്ല. അതിനാണ് ശ്രമം''- താരം പറഞ്ഞു.
പോളണ്ടിനെതിരെ കുറെക്കൂടി ഒത്തിണക്കം കാട്ടണമെന്നും പ്രത്യാക്രമണ സാധ്യത ഒഴിവാക്കാനാകണമെന്നും മുൻ അയാക്സ് താരം ടീമിനെ ഓർമിപ്പിച്ചു.
എന്നാൽ, ഏറ്റവും കടുത്ത പോരാട്ടമാകും പോളണ്ടിനെതിരെയെന്ന് കോച്ച് ലയണൽ സ്കലോണി പറഞ്ഞു. സെറ്റ് പീസുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകണം. പെനാൽറ്റി ബോക്സിൽ അതിവേഗ നീക്കങ്ങൾക്ക് മിടുക്കുള്ളവരാണ് പോളണ്ട്. സ്വന്തം ബോക്സിൽ അവസരങ്ങൾ തുറന്നുതരാനും അവർക്കാകും. ആരു കളിക്കുന്നുവെന്ന് കൃത്യമായി നിർണയിക്കണം. നേരത്തെ തീരുമാനിക്കുന്നതിൽ കാര്യമില്ല''- സ്കലോണി പറഞ്ഞു.
നാലു പോയിന്റുമായി പോളണ്ടാണ് ഗ്രൂപ് സിയിൽ ഒന്നാമത്. ടീമിന് ഒരു സമനില നേടിയാൽ പ്രീക്വാർട്ടർ ഉറപ്പിക്കാം. സൗദി അറേബ്യക്കും അർജന്റീനക്കും മൂന്നു പോയിന്റ് വീതമുണ്ട്. ഒരു പോയിന്റുള്ള മെക്സിക്കോക്കും ജയിച്ചാൽ സാധ്യതയുണ്ട്. അതിനാൽ, ജീവന്മരണ പോരാട്ടത്തിനാകും ഖത്തർ വേദികൾ സാക്ഷികളാകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.