''വർഷങ്ങളായി നീയനുഭവിക്കുന്നതെല്ലാം അറിയുന്നുണ്ടായിരുന്നു''- മെസ്സിക്ക് പ്രിയപത്നിയുടെ വൈകാരിക കുറിപ്പ്
text_fieldsലോകം കാത്തിരുന്ന ആവേശപ്പോരിൽ ഫ്രാൻസിനെ കീഴടക്കി ലയണൽ മെസ്സി കപ്പുമായി മടങ്ങുമ്പോൾ താരത്തിനും അർജന്റീനക്കുമൊപ്പം സോക്കർ ലോകവും ആഘോഷിക്കുകയായിരുന്നു. സമീപകാല ഫുട്ബാൾ കണ്ട ഏറ്റവും മികച്ച താരമായിട്ടും അകന്നുനിന്ന ലോകകിരീടം എത്തിപ്പിടിച്ച ആഘോഷം. ഫ്രാൻസിനെതിരെ ക്ലാസിക് പോരാട്ടത്തിൽ ആദ്യം രണ്ടു ഗോളടിച്ച് മുന്നിൽനിന്ന അർജന്റീന പിന്നീട് രണ്ടെണ്ണം വഴങ്ങിയതോടെ കളി കൈവിട്ടെന്ന് തോന്നിയതാണ്. എക്സ്ട്രാ സമയത്തും ആദ്യം ഗോളടിച്ച ടീം വൈകാതെ തിരിച്ചുവാങ്ങി. എന്തും സംഭവിക്കാവുന്ന ഷൂട്ടൗട്ടിൽ ഫ്രഞ്ച് താരങ്ങളെ ഗോൾവരക്കരികെ നിർത്തി അർജന്റീന ഗോളി എമി മാർടിനെസായിരുന്നു കളി ജയിപ്പിച്ചത്. മൂന്നര പതിറ്റാണ്ടിനു ശേഷം ടീം വീണ്ടും കപ്പുയർത്തിയ ഖത്തറിൽ ഫ്രാൻസ് ജയിച്ചിരുന്നെങ്കിൽ ആറു പതിറ്റാണ്ടിനു ശേഷം ലോകകിരീടം നിലനിർത്തുന്ന ടീമാകുമായിരുന്നു.
ഡീഗോ മറഡോണയുടെ പിൻമുറക്കാരൻ രാജ്യത്തിനായി മൂന്നാം കിരീടം പിടിച്ച കളിക്കുശേഷം ലയണൽ മെസ്സിയുടെ പത്നി അന്റോണല റോക്കുസോ ഇൻസ്റ്റാഗ്രാമിലിട്ട പോസ്റ്റാണിപ്പോൾ വൈറൽ.
''ലോക ചാമ്പ്യൻമാർ! എങ്ങനെ തുടങ്ങണമെന്നു പോലും എനിക്കറിയില്ല. ലിയോ മെസ്സി, നിന്നെകുറിച്ച് വലിയ അഭിമാനം. ഒരിക്കലും കൈവെടിയരുതെന്ന പാഠം പകർന്നുനൽകിയതിന്. ലോക ചാമ്പ്യനാകാൻ അവസാനംവരെ പൊരുതിനിൽക്കേണ്ടിവന്നു, നിനക്ക്. കൈവരാനുള്ളത് കാത്ത് വർഷങ്ങളായി നീ അനുഭവിച്ചുകൊണ്ടിരിക്കുന്നതൊക്കെയും നാം അറിയുന്നുണ്ടായിരുന്നു. അർജന്റീന, നമുക്ക് മുന്നോട്ടുതന്നെ പോകാം''- റോക്കുസോ കുറിച്ചു.
സൂപർ താരങ്ങളായ മെസ്സിയും എംബാപ്പെയുമായിരുന്നു കലാശപ്പോരിലെ നായകന്മാർ. 1966ൽ ജിയോഫ് ഹേഴ്സ്റ്റിനു ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന താരമായി എംബാപ്പെ മാറിയപ്പോൾ ഈ ലോകകപ്പിന്റെ താരമായി മെസ്സിയും ആദരിക്കപ്പെട്ടു.
ഫൈനലിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് മെസ്സിയാണ് സ്കോറിങ് തുടങ്ങിയത്. എയ്ഞ്ചൽ ഡി മരിയ വീണ്ടും ഗോളടിച്ചപ്പോൾ മെസ്സി വീണ്ടും ഗോളടിച്ച് ടീമിന്റെ പട്ടിക പൂർത്തിയാക്കി.
2006ലും പെനാൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിന് ലോകകപ്പ് കിരീടം നഷ്ടമായിരുന്നു. അന്ന് ഇറ്റലിയായിരുന്നു എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.