വേർ ഈസ് മെസ്സി?... അയ്യാദ് മാറ്റിപ്പറയുന്നു... 'വാമോസ്!'
text_fieldsലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ദുർബലരായ സൗദി അറേബ്യക്കെതിരെ അർജന്റീന തോറ്റപ്പോൾ ട്രോളുകളുടെ പ്രവാഹമായിരുന്നു. സൗദിക്കാരാവട്ടെ, തങ്ങളുടെ കായിക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയ നേട്ടം പൊതു അവധി നൽകിയും മറ്റും ലോകശ്രദ്ധയാകർഷിക്കുന്ന തരത്തിൽതന്നെ ആഘോഷിക്കുകയും ചെയ്തു. എന്നാൽ, സൗദി കാണികളുടെ ഏറ്റവും ഹിറ്റായി മാറിയ പ്രയോഗം 'വേർ ഈസ് മെസ്സി?'എന്നതായിരുന്നു.
തങ്ങളോട് കളിച്ചുതോറ്റ ടീമിന്റെ നായകനെ പരിഹസിക്കാൻ 'എവിടെപ്പോയി നിങ്ങളുടെ മെസ്സി?' എന്ന് ഖത്തറിൽ ഏതൊരു അർജന്റീന ആരാധകനെ കാണുമ്പോഴും ചോദിക്കുന്നത് പതിവായിരുന്നു. ഗ്രൂപ്പിലെ മറ്റു രണ്ടു മത്സരങ്ങളും ജയിച്ച് അർജന്റീന നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നതുവരെ ഈ പരിഹാസം തുടർന്നു. മെട്രോ സ്റ്റേഷനിലും നിരത്തിലുമൊക്കെ സൗദി യുവാക്കൾ ഈ ചോദ്യം ആഘോഷമായി കൊണ്ടുനടന്നു. അത് സോഷ്യൽ മീഡിയയിലും തരംഗമായി.
സൗദി ആരാധകനായ അബ്ദുല്ല അൽ അയ്യാദാണ് ഈ ചോദ്യവുമായി ആദ്യം രംഗത്തുവന്നത്. സോഷ്യൽ മീഡിയയിൽ അയ്യാദിന്റെ ചോദ്യം വൈറലായി. അത് പിന്നീട് അറബ് യുവാക്കൾ ഏറ്റുപിടിക്കുകയായിരുന്നു. സൗദി പതാക പുതച്ച്, വലിയ വെള്ളക്കണ്ണട ധരിച്ച് 'വേർ ഈസ് മെസ്സി?' ചോദ്യവുമായി ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ ടെലിവിഷൻ ചാനലുകളിലും അയ്യാദ് നിറഞ്ഞുനിന്നു. ഒരു ദക്ഷിണ കൊറിയൻ ചാനലിനോടാണ് അയ്യാദ് ആദ്യം ഈ 'ഹിറ്റ്' ചോദ്യമെറിഞ്ഞത്.
എന്നാൽ, ലോകകപ്പ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ അട്ടിമറി നടത്തിയ സൗദിക്ക് പ്രീ ക്വാർട്ടറിൽ പ്രവേശനം കിട്ടിയില്ല. അടുത്ത രണ്ടു കളികളും ടീം തോറ്റു. അതൊക്കെ കഴിഞ്ഞ്, കഴിഞ്ഞ ദിവസം ക്രൊയേഷ്യക്കെതിരെ അർജന്റീന 3-0ത്തിന് ജയിച്ച മത്സരത്തിനുശേഷം ലുസൈൽ സ്റ്റേഡിയത്തിനുപുറത്ത് അയ്യാദിനെ കണ്ടത് അതിശയിപ്പിക്കുന്ന വേഷത്തിലായിരുന്നു. അർജന്റീന ഷാളൊക്കെ പുതച്ച് 'വാമോസ് അർജന്റീന' എന്നാർത്തുവിളിക്കുന്നു.
''ഞാനാണ് വേർ ഈസ് മെസ്സി എന്ന ചോദ്യം ഹിറ്റാക്കിയ സൗദിക്കാരൻ. ഇപ്പോൾ ഞാൻ അർജന്റീനയെയാണ് പിന്തുണക്കുന്നത്. ഫൈനലിലും ഞാൻ മെസ്സിക്കും കൂട്ടുകാർക്കും പിന്തുണയുമായെത്തും. അർജന്റീനയിലെ എന്റെ സുഹൃത്തുക്കൾക്ക് കൊടുത്ത വാക്കാണിത്. വാമോസ് അർജന്റീന...'' -മറ്റൊരു ടെലിവിഷൻ ചാനലുകാർ തന്നെ തിരിച്ചറിഞ്ഞെത്തിയപ്പോൾ അൽപം നാണത്തോടെ അയ്യാദ് പറഞ്ഞു. എല്ലാംകഴിഞ്ഞ് തന്നെ പ്രശസ്തനാക്കിയ 'വേർ ഈസ് മെസ്സി' ചോദ്യവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.