ബ്രസീലിനെ പരിശീലിപ്പിക്കാൻ എത്തുന്നതാര്?; ടിറ്റെയുടെ പിൻഗാമിക്കായി ചൂടുപിടിച്ച ചർച്ച
text_fieldsസാവോപോളോ: ലോകകപ്പിൽ ക്രൊയേഷ്യക്കെതിരായ തോൽവിക്ക് പിന്നാലെ പരിശീലകൻ ടിറ്റെ പടിയിറങ്ങിയതോടെ ബ്രസീൽ അടുത്ത കോച്ചിനായുള്ള അന്വേഷണത്തിൽ. ടിറ്റെയുടെ പിന്‍ഗാമിയായി ബ്രസീലുകാരൻ തന്നെ വേണോ അതോ വിദേശ പരിശീലകനെ കൊണ്ടുവരണോയെന്ന ചര്‍ച്ച സജീവമാണ്. പരിശീലകന്‍റെ ജന്മനാട് വിഷയമല്ലെന്നാണ് ബ്രസീല്‍ ഫുട്ബാള്‍ ഫെഡറഷന്‍റെ നിലപാട്.
മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ പരിശീലകൻ പെപ് ഗാര്‍ഡിയോളയാണ് പരിഗണനയിലുള്ള ഒരാൾ. എന്നാൽ, മാഞ്ചസ്റ്റര്‍ സിറ്റിയുമായി 2025 വരെ കരാര്‍ നീട്ടിയത് പ്രതിസന്ധിയായിരിക്കുകയാണ്. എന്നാൽ, ഗാർഡിയോളയുമായി ബ്രസീൽ ഫുട്ബാൾ ഫെഡറേഷൻ ബന്ധപ്പെടുമെന്നാണ് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 2022-23 സീസണിന്റെ അവസാനത്തിൽ ഗാർഡിയോളക്ക് ചുമതല ഏറ്റെടുക്കാനാവുന്നതിന്റെ സാധ്യത, പുതിയ കോച്ചിനെ നിയമിക്കാൻ ചുമതലയുള്ള പ്രസിഡന്റ് എഡ്‌നാൾഡോ റോഡ്രിഗസ് ആരായും.
പരമ്പരാഗതമായി ബ്രസീൽ നാട്ടുകാരെയാണ് പരിശീലകരായി നിയമിക്കുന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും ലോകകപ്പുകളിൽ നേട്ടമുണ്ടാക്കാൻ കഴിയാത്തത് ബ്രസീൽ ഫുട്ബാൾ ഫെഡറേഷനെ ലഭ്യമായതിൽ ഏറ്റവും മികച്ച പരിശീലകൻ എന്ന ചിന്തയിലേക്ക് നയിച്ചിട്ടുണ്ട്.
ഫ്ലുമിനിസ് പരിശീലകൻ ഫെര്‍ണാണ്ടോ ഡിനിസും പാൽമിറാസ് പരിശീലകനായ പോര്‍ച്ചുഗീസുകാരന്‍ ഏബല്‍ ഫെരേരയുമാണ് പ്രധാന പരിഗണനയിലുള്ള മറ്റു രണ്ടുപേർ. ഫെര്‍ണാണ്ടോ ഡിനിസിന് വേണ്ടി മുതിര്‍ന്ന താരങ്ങള്‍ രംഗത്തുണ്ടെന്നാണ് സൂചന.
ബ്രസീലിലെ പ്രമുഖ മാധ്യമഗ്രൂപ്പ് കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയിൽ മുന്നിലെത്തിയത് പോര്‍ച്ചുഗീസ് പരിശീലകന്‍ ഏബൽ ഫെരേരോയാണ്. പാൽമിറാസിന്‍റെ മുഖ്യ പരിശീലകനായ ഫെരേരക്ക് ബ്രസീല്‍ ലീഗിലെ നേട്ടങ്ങൾ തുണയാകും. 2020ലും 2021ലും ഇദ്ദേഹത്തിന് കീഴിൽ ക്ലബ് കോപ ലിബർട്ടാഡോസ് കിരീടം നേടിയിരുന്നു.
ഗ്രെമിയെ പരിശീലകൻ റെനാറ്റോ പോർട്ടലുപ്പി, സാവോ പോളോയുടെ റൊജേരിയൊ സെനി, അർജന്റീനയുടെ മുൻ പരിശീലകൻ ജോർജ് സാംപോളി എന്നിവരും പരിഗണനയിലുള്ളവരുടെ പട്ടികയിലുണ്ട്. 2023 രണ്ടാം പകുതി വരെ ബ്രസീലിന് മത്സരമില്ലെങ്കിലും ജനുവരിയിൽ പുതിയ പരിശീലകനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2016ലാണ് ദുംഗയിൽനിന്ന് ടിറ്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. അദ്ദേഹത്തിന് കീഴിൽ 81 മത്സരങ്ങൾ കളിച്ച ബ്രസീൽ 60ലും ജയം കണ്ടപ്പോൾ 15 സമനിലയും വഴങ്ങി. മൂന്ന് കളികളില്‍ മാത്രമാണ് തോറ്റത്. ഇതില്‍ രണ്ടെണ്ണം 2018ലെയും 2022ലെയും ലോകകപ്പ് ക്വാർട്ടർ ഫൈനലുകളിലും ഒരെണ്ണം കോപ അമേരിക്ക ഫൈനലിലുമായിരുന്നു. 2019ൽ കോപ അമേരിക്ക ചാമ്പ്യന്മാരായതാണ് മികച്ച നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.