എന്തുകൊണ്ടാണ് ഡിബാലയെ അർജന്റീന ഇറക്കാത്തത്
text_fieldsദോഹ: ആധുനിക ഫുട്ബാളിലെ മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ് പൗളോ ഡിബാല. ഇറ്റാലിയൻ ലീഗിൽ ഡിബാല അത് തെളിയിച്ചിട്ടുമുണ്ട്. എന്നിട്ടും എന്താണ് റോമ താരത്തെ അർജന്റീന കളത്തിലിറക്കാത്തത്? അർജന്റീന ടീമിൽ അംഗമായ സൂപ്പർ താരത്തെ ഈ ലോകകപ്പിലെ ഒരു മത്സരത്തിലും പകരക്കാരനായി പോലും കോച്ച് ലയണൽ സ്കലോണി ഇതുവരെ കളത്തിലിറക്കിയിട്ടില്ല. ടീമിൽ പലരും പരിക്കിന്റെ പിടിയിലായിട്ടും സ്ട്രൈക്കർ ലൗതാറോ മാർട്ടിനെസ് ഫോമില്ലാതെ പുറത്തിരുന്നിട്ടും ഡിബാലയെ പരീക്ഷിക്കാൻ സ്കലോണി മുതിർന്നിട്ടില്ല. എന്താണ് കാരണം?
മിന്നും ഫോമിലുള്ള ക്യാപ്റ്റൻ ലയണൽ മെസ്സിയും ഡിബാലയും ഏറക്കുറെ ഒരേ പൊസിഷനിലാണ് കളിക്കുന്നതെന്നാണ് അതിനുള്ള ഉത്തരം. മെസ്സിയെ പിൻവലിച്ചുവേണം കോച്ചിന് ഡിബാലയെ കളത്തിലിറക്കാൻ. മെസ്സി കളത്തിലിരിക്കേ, മറ്റൊരു പൊസിഷനിൽ ഡിബാലയെ പരീക്ഷിച്ചാൽ താരത്തിന്റെ സ്വതസിദ്ധമായ ഗെയിമിന് അനുയോജ്യമായിരിക്കില്ല. ഫിറ്റ്നസ് സംബന്ധമായ പ്രശ്നങ്ങളൊന്നുമല്ല, ഡിബാലയെ കരക്കിരുത്തുന്നതിന് പിന്നിലെന്നും സ്കലോണി വിശദീകരിച്ചു.
''അവൻ പുറത്തിരിക്കുന്നത് തന്ത്രപരമായ തീരുമാനങ്ങളുടെ ഭാഗമായാണ്. പൗളോ ആരോഗ്യവാനാണ്. ഫിറ്റ്നസ് പ്രശ്നങ്ങളൊന്നുമില്ല. ടീമിനെ അവൻ പുറത്തുനിന്ന് പിന്തുണക്കുന്നുണ്ട്.തീർച്ചയായും, കളത്തിലിറങ്ങാൻ അവൻ ഏറെ ആഗ്രഹിക്കുന്നുണ്ട്'' -സ്കലോണി പറഞ്ഞു. 29കാരനായ ഡിബാല 34 മത്സരങ്ങളിലാണ് ഇതുവരെ അർജന്റീനക്കുവേണ്ടി കളത്തിലിറങ്ങിയത്.
ഇതിലേറെയും പകരക്കാരന്റെ റോളായിരുന്നു.2015ലാണ് ടീമിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ചത്. അർജന്റീനക്കുവേണ്ടി പൗളോ നേടിയ മൂന്നു ഗോളുകളിൽ അവസാനത്തേത് ഇക്കഴിഞ്ഞ ജൂണിൽ നടന്ന ഫൈനലിസ്സിമയിൽ ഇറ്റലിയെ 3-0ത്തിന് തകർത്ത മത്സരത്തിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.