സൂറാത്ത എന്ത് പറഞ്ഞാലും കപ്പ് ബ്രസീലിന് തന്നെയെന്ന് ബ്രസീലിയ; ലോകകപ്പിനിടെ 'വനിതാ ലീഗ് പോര്'
text_fieldsകോഴിക്കോട്: ഖത്തർ ലോകകപ്പിന് വിസിൽ മുഴങ്ങാനായതോടെ സമൂഹമാധ്യമങ്ങളിലും പോര് കനക്കുന്നു. മുസ്‍ലിം ലീഗ് പോഷക സംഘടനയായ വനിത ലീഗിന്റെ സംസ്ഥാന ഭാരവാഹികളടക്കം ഫേസ്ബുക്കിൽ 'കൊമ്പുകോർത്ത്' രംഗത്തെത്തി. സ്പെയിനിനെ പിന്തുണച്ച് വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്റ മമ്പാട് പങ്കുവെച്ച പോസ്റ്റിന് താഴെ സംസ്ഥാന സെക്രട്ടറി ബ്രസീലിയ ഷംസുദ്ദീനടക്കം നിരവധിപേർ ഇഷ്ട ടീമുകളെ പിന്തുണക്കുന്ന കമന്റുകളുമായി എത്തിയിരിക്കുകയാണ്.
'ഖത്തറിൽ ഇത്തവണത്തെ ലോക ഫുട്‌ബാൾ ട്രോഫി കാണാൻ കഴിയാത്തവർ, ഫൈനൽ കഴിഞ്ഞ് മാഡ്രിഡിലേക്ക് വന്നാൽ മതി. മാഡ്രിഡിന്റെ അലങ്കാരമായി കപ്പ് അവിടെ കാണാം. സ്പാനിഷ് അറിയാത്തവർക്കായി പച്ചമലയാളത്തിൽ ഒന്നൂടെ പറയാം: നീലകളും മഞ്ഞകളും വെള്ളകളും വഴിമുടക്കി മുന്നിൽ നിൽക്കണ്ട, സെർജിയോയുടെ നേതൃത്വത്തിലുള്ള സ്പാനിഷ് കാളക്കൂറ്റന്മാരാണ് വരുന്നത്. സൈമണോ ഡേവിഡ് റായെയോ കാക്കുന്ന പോസ്റ്റ് കടന്ന് ഒരു പന്ത് വലയിലെത്താൻ അൽപം പാടുപെടും. ഡാനിയും എറിക്കും സീസറും ഹ്യൂഗോയുമെല്ലാം എത് മുന്നേറ്റക്കാരനും പ്രതിരോധം തീർക്കും. ക്യാപ്റ്റൻ സെർജിയോയും ഗാവിയും കാർലോസും മാർക്കോസും മിഡ്‌ഫീൽഡിൽ തിരയിളക്കിത്തുടങ്ങും. ടോറസും നിക്കോ വില്യംസും പാേബ്ലായും പിനോയും അത് സുനാമി കണക്കെ ഏത് രാജ്യത്തിന്റെ പ്രതിരോധവും തകർത്ത് അടിച്ച് കയറും. അപ്പൊ മറക്കണ്ട, കപ്പ് കാണാൻ അങ്ങ് മാഡ്രിഡിലേക്ക് വന്നാൽ മതി !''-എന്നാണ് സുഹറ മമ്പാടിന്റെ പോസ്റ്റ്.
ഇതിന് മറുപടിയുമായി സംസ്ഥാന സെക്രട്ടറി ബ്രസീലിയ കമന്റ് ബോക്സിലെത്തി. 'സൂറാത്ത എന്ത് പറഞ്ഞാലും കപ്പ് ബ്രസീലിന് തന്നെ...ലാ ലാ ലാ ലാ...ലാ ലാ ലാ ലാ...'' എന്നാണ് ബ്രസീലിയയുടെ കമൻറ്. ''ഇങ്ങളെ ടീമിന്റെ കാര്യം ഇപ്രാവശ്യവും പോക്കാ... 2002നു ശേഷം ഇങ്ങളാ കപ്പിന്റെ അയലത്തു വന്നിട്ടില്ല...'' എന്ന് സുഹറ മമ്പാട് മറുപടിയും കൊടുത്തിട്ടുണ്ട്. കപ്പുമായി നിൽക്കുന്ന അവതാറിനെ കമന്റായി നൽകി ബ്രസീലിയയും പ്രതികരിച്ചു. അമ്മാവൻ ഷരീഫിന് ബ്രസീലിനോടുള്ള ഇഷ്ടമാണ് തനിക്ക് ആ പേരിടാൻ കാരണമെന്ന് മുമ്പ് ബ്രസീലിയ പറഞ്ഞിരുന്നു. അർജന്റീന, ജർമനി, ഫ്രാൻസ്, പോർചുഗൽ തുടങ്ങിയ ടീമുകളുടെ ഫാൻസും പോസ്റ്റിന് താഴെ കമന്റുകൾ നിറക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.