ഡ്രീം ഫിനാലെ..
text_fieldsദോഹ: കാലം കറങ്ങിത്തെളിഞ്ഞ് വീണ്ടും അവിടെയെത്തുകയാണ്. ഒരു ലോകകപ്പ് ഫൈനലിൽ. നാലാണ്ടിലൊരിക്കൽ പൂക്കുന്ന സുകൃതം. ലോകത്തെ കളിക്കൂട്ടങ്ങളെ മുഴുവൻ ആറ്റിക്കുറുക്കി തെരഞ്ഞെടുത്ത 32 പോർനിരകൾ. അവരിൽ പോരിന്റെ കനൽപഥങ്ങൾ തീർത്ത കടമ്പ താണ്ടി ഒടുക്കം രണ്ടു കരുത്തർ. ലയണൽ മെസ്സിയുടെ അർജന്റീനയും കിലിയൻ എംബാപ്പെയുടെ ഫ്രാൻസും. ഞായറാഴ്ച രാത്രി ലുസൈലിലെ അഭിമാന പോരിടത്തിൽ 90000 കാണികളെ സാക്ഷിനിർത്തി ആ കലാശപ്പോരാട്ടം അരങ്ങേറും, ലോകത്തിലെ ഏറ്റവും മിടുക്കരായ പന്താട്ടക്കാർ ആരെന്നു തീരുമാനിക്കാൻ.
ഒന്നിനൊന്ന് കേമന്മാരാണ് ഇരു നിരയും. ഗ്രൂപ്പ് റൗണ്ടിലെ ഒരു മത്സരം തോറ്റതു മുതൽ തുടങ്ങുന്ന തുല്യത. അഞ്ചു ഗോളുമായി ടൂർണമെന്റിന്റെ ആവേശമായി മെസ്സി. അത്രയും ഗോളുകളുമായി പി.എസ്.ജിയിലെ സഹതാരമായ എംബാപ്പയും ഒപ്പത്തിനൊപ്പമുണ്ട്. നാലു ഗോളുമായി യൂലിയൻ ആൽവാരെസെന്ന പുതുമുറക്കാരൻ മെസ്സിക്കൊപ്പം അർജന്റീനക്കു വേണ്ടി ഗോൾവേട്ടക്ക് കൂട്ടുനിൽക്കുമ്പോൾ പരിചയസമ്പത്തിന്റെ കരുത്തിൽ നാലു ഗോളുകളുമായി ഒലിവിയർ ജിറൂഡ് ഫ്രഞ്ച് മുന്നേറ്റങ്ങൾക്കും കരുത്തു പകരുന്നു.
മികച്ചു കളിക്കുന്ന മധ്യനിരയിലും ഒന്നിനൊന്ന് മികച്ച താരങ്ങൾ. പ്രതിരോധവും കട്ടയ്ക്ക് കട്ട. ബാറിനു കീഴിൽ എമിലിയാനോ മാർട്ടിനെസും ഹ്യൂഗോ ലോറിസും മെയ്വഴക്കത്താൽ സേവുകളുടെ വിസ്മയം തീർക്കുന്നവർ. ലോകം കൊതിച്ച സ്വപ്ന ഫൈനലിൽ തുല്യശക്തികളായ ഇരുടീമും പോരിനിറങ്ങുമ്പോൾ കലാശക്കളിയിൽ തീ പാറുമെന്നുറപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.