മെസ്സിക്ക് കിരീടമെന്ന പലരുടെയും ആഗ്രഹം തന്റെ വിഷയമല്ലെന്ന് ഫ്രഞ്ച് കോച്ച് ദെഷാംപ്സ്
text_fieldsഇതിഹാസ താരം ലയണൽ മെസ്സിക്കു കീഴിൽ അർജന്റീന കിരീടത്തിൽ മുത്തമിടണമെന്ന് ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്ന് എണ്ണമറ്റയാളുകൾ ആഗ്രഹിക്കുന്നുവെന്നത് തന്നെ അലട്ടുന്ന വിഷയമല്ലെന്ന് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ്. ഞായറാഴ്ച ലോകം കാത്തിരിക്കുന്ന ക്ലാസിക് കലാശപ്പോരിൽ അർജന്റീനയും ഫ്രാൻസും മുഖാമുഖം നിൽക്കാനിരിക്കെയാണ് പ്രതികരണം. തുടർച്ചയായ രണ്ടാം കിരീടമെന്ന ചരിത്രത്തിനൊപ്പമെത്തുന്ന രണ്ടാം പരിശീലകനാകാനുള്ള കാത്തിരിപ്പിലാണ് ദെഷാംപ്സ്.
ഫ്രഞ്ച് ക്യാമ്പിനെ വലച്ച് വൈറസ് ബാധ പടർന്നതിനെ കുറിച്ച് ദെഷാംപ്സ് പ്രതികരിച്ചില്ല. നിരവധി താരങ്ങൾ പരിശീലനത്തിനെത്താതെ ഹോട്ടൽ മുറിയിൽ വിശ്രമത്തിലാണ്. അത് ടീമിന്റെ പ്രകടനത്തെ ബാധിക്കാതിരിക്കാനുള്ള നടപടികളിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ലോകകപ്പിൽ ഫ്രഞ്ച് ടീമിന്റെ പരിശീലകനായിരുന്ന ദെഷാംപ്സ് 1998ൽ ടീം ചാമ്പ്യന്മാരാകുമ്പോൾ നായകനുമായിരുന്നു. സമാനതകളില്ലാത്ത നേട്ടമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്.
എന്നാൽ, അർജന്റീനയിൽ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലും ജനം മെസ്സി കപ്പുമായി മടങ്ങാൻ ആഗ്രഹിക്കുന്നവരാണെന്നും ഫ്രഞ്ച് ജനതയിൽ പോലും കുറേപേർ അങ്ങനെയാണെന്ന് അറിയാമെന്നും ദെഷാംപ്സ് പറഞ്ഞു. അതിനപ്പുറത്ത് സ്വന്തം ടീമിന്റെ ലക്ഷ്യമാണ് വലുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, ബാലൺ ദി ഓർ ജേതാവ് കരീം ബെൻസേമ തിരിച്ചെത്തുമെന്ന വാർത്തകളോട് ഇത്തവണയും പ്രതികരിക്കാൻ കോച്ച് കൂട്ടാക്കിയില്ല. പരിക്കുമായി പുറത്തുള്ള ബെൻസേമ ഞായറാഴ്ച ഫൈനലിൽ ഇറങ്ങുമെന്നായിരുന്നു അഭ്യൂഹം. കഴിഞ്ഞ ദിവസം താരം പരിശീലനത്തിന് ഇറങ്ങിയിരുന്നു. എന്നാൽ, പരിക്കുപറ്റിയവരെ കുറിച്ച് പ്രതികരിക്കാനില്ലെന്നും ആരൊക്കെ കളി കാണാനെത്തുമെന്നത് തന്റെ വിഷയമല്ലെന്നുമായിരുന്നു ദെഷാംപ്സിന്റെ മറുപടി. നിലവിലെ 24 അംഗ സംഘത്തിൽ ആരെയൊക്കെ കളിപ്പിക്കാനാകുമെന്നതാണ് പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
അർജന്റീനയുടെ ആരാധകരെ കുറിച്ചും ദെഷാംപ്സ് മാധ്യമ പ്രവർത്തകർക്കു മുമ്പിൽ വാചാലനായി. ''ഇരമ്പിയാർക്കുന്ന ആരാധകക്കൂട്ടമാണ് അർജന്റീനയുടെത്. ഓരോ ടൂർണമെന്റിലും അവരത് തെളിയിക്കുന്നവരാണ്. നാളെ സ്റ്റേഡിയത്തിൽ ഫ്രഞ്ച് ആരാധകർ എത്തിയാൽ പോലും അർജന്റീനക്കായി ആർത്തുവിളിക്കുന്നവരാകും കൂടുതൽ''- ദെഷാംപ്സിന്റെ വാക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.