നേരത്തെ മടങ്ങിയിട്ടും കോച്ച് ഹാൻസി ഫ്ലിക്ക് തന്നെ മതിയെന്ന് ജർമനി
text_fieldsഗ്രൂപ് റൗണ്ടിനപ്പുറത്തേക്ക് കടക്കാനാകാതെ നേരത്തെ മടങ്ങിയിട്ടും പരിശീലകൻ ഹാൻസി ഫ്ലിക്കിനെ നിലനിർത്തി ജർമനി. ജപ്പാനും സ്‍പെയിനും ഉൾപ്പെട്ട ഗ്രൂപ് ഇയിൽ മൂന്നാമന്മാരായാണ് ടീം പ്രീക്വാർട്ടറിനരികെ പുറത്തായിരുന്നത്. 2024ൽ യൂറോ ചാമ്പ്യൻഷിപ്പിന് ഒരുങ്ങാൻ മറ്റൊരു പരിശീലകനെ വേണ്ടെന്നാണ് തീരുമാനം. രണ്ടുവർഷത്തിനിടെ സ്വന്തം രാജ്യത്ത് നടക്കുന്ന എത്തുന്ന യൂറോ കപ്പിൽ മികച്ച പ്രകടനം നടത്താനാകുമെന്ന് കരുതുന്നതായി പിന്നീട് ഹാൻസി ഫ്ലിക്ക് പറഞ്ഞു.
2021ലെ യൂറോ കപ്പിനു ശേഷം പടിയിറങ്ങിയ ജൊആകിം ലോയുടെ പിൻഗാമിയായാണ് ഫ്ലിക് ജർമൻ ടീമിന്റെ പരിശീലക പദവിയിലെത്തുന്നത്. 2014ൽ ടീം ലോക ചാമ്പ്യന്മാരാകുമ്പോൾ ലോയുടെ കൂടെ സഹപരിശീലകനായിരുന്നു. 2020ൽ ബയേൺ മ്യൂണിക് ബുണ്ടസ് ലിഗയിൽ കിരീട ഹാട്രിക് കുറിക്കുമ്പോൾ പരിശീലകനായും നിറഞ്ഞുനിന്നു.
യോഗ്യത ഘട്ടത്തിൽ വമ്പൻ ജയങ്ങളുമായി എത്തിയ ജർമനി പക്ഷേ, ലോകകപ്പിലെ ആദ്യ കളിയിൽ ജപ്പാനു മുന്നിൽ തോൽവി വഴങ്ങി പുറത്തേക്ക് വഴി തുറക്കുകയായിരുന്നു. പുറത്താകലിനു പിന്നാലെ ടീമിൽ പ്രതിസന്ധി സൃഷ്ടിച്ച് സ്പോർടിങ് ഡയറക്ടർ ഒലിവർ ബീറോഫ് രാജിവെച്ചു. ഫ്ലിക്കും രാജിനൽകുമെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും ഇല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഫ്ലിക്കിനു കീഴിൽ 19 രാജ്യാന്തര മത്സരങ്ങൾ കളിച്ച ജർമനി 11 എണ്ണം വിജയിച്ചപ്പോൾ ആറെണ്ണം സമനിലയിൽ പിരിഞ്ഞു. രണ്ടു കളികൾ തോറ്റതിലൊന്ന് ലോകകപ്പിലായതാണ് തിരിച്ചടിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.