ഈ ജപ്പാൻ ടീമിനെ പേടിക്കണം; ജർമനിയെ വീഴ്ത്തിയത് ഒരു തുടക്കം മാത്രം?
text_fieldsജർമൻ വൻമതിൽ മറിച്ചിട്ട് ഏഷ്യൻ പവർഹൗസുകളായ ജപ്പാൻ ലോകകപ്പിൽ കുതിപ്പ് തുടങ്ങിയതോടെ വൻകര ആ രാജ്യത്തിനു പിറകെയാണ്. നേരത്തെ സൗദി തുടക്കമിട്ടത് അതേ ആവേശത്തോടെയായിരുന്നു തൊട്ടുപിറ്റേ ദിവസം ജപ്പാനും തുടർന്നത്. വേരുകൾ ആഴത്തിൽ പടർന്ന ജപ്പാൻ ഫുട്ബാൾ ഈ ലോകകപ്പിൽ കൂടുതൽ മുന്നേറുമെന്ന സൂചന ജർമനിക്കെതിരായ ടീമിന്റെ പ്രകടനം നൽകുന്നു. നേട്ടങ്ങളുടെ പട്ടിക അത്ര വലുതല്ലെങ്കിലും ഇത്തവണ തെളിയിക്കാനുണ്ടെന്ന് സാമുറായികൾ പറയുന്നു.
ഇംഗ്ലണ്ടിൽ പ്രിമിയർ ലീഗും മറ്റു യൂറോപ്യൻ ലീഗുകളും കണ്ട് ആവേശം കയറി 1993ൽ ജെ-ലീഗ് അഥവാ ജപ്പാൻ ലീഗിന് തുടക്കമാകുമ്പോൾ രാജ്യം കാൽപന്തു കളിയുടെ ആകാശങ്ങൾ കീഴടക്കിയിട്ടുണ്ടായിരുന്നില്ല. എത്രത്തോളം വളരാനാകുമെന്ന സ്വപ്നങ്ങളും ഏറെയൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും രാജ്യം ജപ്പാനായതിനാൽ ഇതിഹാസ താരങ്ങളായ ഗാരി ലിനേക്കർ, സീക്കോ തുടങ്ങിയവർ ലീഗിന്റെ ഭാഗമായി. പതിയെയായിരുന്നു പിന്നെയും ടീമിന്റെ യാത്ര. 2002ൽ ദക്ഷിണ കൊറിയക്കൊപ്പം ലോകകപ്പിന് ആതിഥ്യമരുളുമ്പോൾ ടീമിലെ നാലു പേർ മാത്രമായിരുന്നു വിദേശ ലീഗുകളിൽ പന്തു തട്ടി പരിചയമുള്ളവർ. ആഴ്സണലിന്റെ ജുനിച്ചി ഇനാമോട്ടോ, പാർമയുടെ ഹിഡെറ്റോഷി നകാട തുടങ്ങിയവർ.
അത് കഥയുടെ ഒന്നാം പർവം. രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് കളി ഖത്തർ കളിമുറ്റങ്ങളിലെത്തുമ്പോൾ ജപ്പാൻ ടീം അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. 26 അംഗ സംഘത്തിലെ 19 പേരും വിദേശ ലീഗുകളിൽ പന്തു തട്ടുന്നവർ. യുത നകായാമ, ഫുറുഹാഷി തുടങ്ങിയവർ പരിക്കുമായി പുറത്തിരുന്നില്ലേൽ ടീമിലെ 'വിദേശികൾ' പിന്നെയും കൂടുമായിരുന്നു.
ഫുട്ബാളിന്റെ ഗ്ലാമർ തട്ടകങ്ങളായ യൂറോപിലെ ക്ലബുകളിലേക്ക് ഓരോ വർഷവും ജെ-ലീഗിൽനിന്ന് വിമാനം കയറുന്നവർ അനവധി. അവർ തിരിച്ചെത്തി ദേശീയ ജഴ്സിയണിയുമ്പോൾ ജപ്പാനും കുതിപ്പിന്റെ വഴിയിലാകുക സ്വാഭാവികം. ജർമനി, ബെൽജിയം രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ജപ്പാൻ താരങ്ങൾ പന്തുതട്ടുന്നത്. ക്യാപ്റ്റൻ മായ യോഷിദ, ഫ്രാങ്ക്ഫുർട്ടിന്റെ ഡെയ്ച്ചി കമാഡ തുടങ്ങിയവർ ഉദാഹരണം. പ്രിമിയർ ലീഗ് കളിക്കുന്ന തകേഹിരോ ടോമിയാസു, ബ്രൈറ്റൺ താരം കാരോ മിറ്റോമ, മുൻ ലിവർപൂൾ താരം തകുമി മിനാമിനോ തുടങ്ങി പട്ടിക നീളും. ജർമനിക്കെതിരെ ഇറങ്ങിയ ഇലവനിൽ അഞ്ചു പേരും ജർമനിയിൽ കളിക്കുന്നവരായത് ജയം കുറെകൂടി എളുപ്പമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.