പ്രീക്വാർട്ടർ തോൽവി; ലൂയിസ് എന്റികിനെ പറഞ്ഞുവിട്ട് സ്‍പെയിൻ
text_fieldsനാലു വർഷമായി സ്പാനിഷ് അർമഡക്ക് തന്ത്രങ്ങൾ പറഞ്ഞുകൊടുത്ത പരിശീലകൻ ലൂയിസ് എന്റികിനെ സ്‍പെയിൻ പുറത്താക്കി. ലോകകപ്പ് പ്രീക്വാർട്ടറിൽ മൊറോക്കോക്കു മുന്നിൽ കീഴടങ്ങി ടീം പുറത്തായതിനു പിന്നാലെയാണ് 52കാരന് സ്ഥാന നഷ്ടം. 2018ൽ കോച്ചായി ചുമതലയേറ്റ ശേഷം രണ്ടു വർഷം കഴിഞ്ഞ് യൂറോ ചാമ്പ്യൻഷിപ്പ് സെമി ഫൈനലിലെത്തിയതാണ് ടീം എത്തിപ്പിടിച്ച വലിയ നേട്ടം. സ്പാനിഷ് അണ്ടർ 21 പരിശീലകൻ ലൂയിസ് ഡി ലാ ഫുവന്റെക്ക് പകരക്കാരന്റെ തത്കാല ചുമതല നൽകിയേക്കും. തിങ്കളാഴ്ച ചേരുന്ന സ്പാനിഷ് ഫുട്ബാൾ ബോർഡ് യോഗം അനുമതി നൽകിയ ശേഷമാകും നിയമനം.
ഖത്തർ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഏകപക്ഷീയമായ ഏഴു ഗോളിന് കൊസ്റ്ററീക്കയെ തോൽപിച്ച് വരവറിയിച്ച ടീം ജപ്പാനു മുന്നിൽ അടിയറവു പറഞ്ഞിരുന്നു. ഗ്രൂപ് രണ്ടാമന്മാരായി നോക്കൗട്ടിലെത്തിയെങ്കിലും മൊറോക്കോക്കു മുന്നിൽ തോൽവിയുമായി മടങ്ങേണ്ടിവന്നു. ടിക്കിടാക്ക ശൈലിയുമായി കളംനിറഞ്ഞിട്ടും മൊറോക്കോ ഒരുക്കിയ പ്രതിരോധക്കോട്ടയിൽ തട്ടി ഉഴറിയ ടീം പെനാൽറ്റി ഷൂട്ടൗട്ടിൽ ഒറ്റകിക്കും ലക്ഷ്യത്തിലെത്തിക്കാതെയാണ് തോൽവി സമ്മതിച്ചത്.
2008-2012ൽ ലൗയിന് അരഗോണസ്, വിസന്റെ ഡെൽ ബോസ്ക് എന്നിവർക്കുകീഴിൽ യൂറോപിലെ മികച്ച കളിസംഘമായി വാണ ടീം രണ്ടു തവണ യൂറോ കപ്പും ഒരു തവണ ലോകകപ്പും നേടിയിരുന്നു. എന്നാൽ, 2012ലെ യൂറോ കിരീടത്തിനു ശേഷം നീണ്ട 10 വർഷമായി മുൻനിര ടൂർണമെന്റുകളിൽ ടീം കപ്പുയർത്തിയിട്ടില്ല. 2010ലെ ലോകകിരീടത്തിനു ശേഷം പ്രീക്വാർട്ടർ കടന്നിട്ടുമില്ല. ഇത്തവണ കഥമാറുമെന്ന പ്രതീക്ഷകളും മൊറോക്കോക്കു മുന്നിൽ കൊട്ടിയടക്കപ്പെടുകയായിരുന്നു.
യൂറോപിലെ ഏറ്റവും മികച്ച പരിശീലകരിലൊരാളായി വാഴ്ത്തപ്പെടുന്നയാളാണ് ലൂയിസ് എന്റിക്. 2014-17 കാലയളവിൽ ബാഴ്സ പരിശീലക പദവിയിൽ നിൽക്കെ ചാമ്പ്യൻസ് ലീഗ് കിരീടം മാത്രമല്ല, രണ്ടു വട്ടം ലാ ലിഗ, മൂന്നുതവണ കോപ ഡെൽ റേയ്സ്, സൂപർ കപ്, ക്ലബ് വേൾഡ് കപ്പ് എന്നിവയും ബാഴ്സലോണ സ്വന്തമാക്കിയിരുന്നു. 2018ലെ ലോകകപ്പ് ദുരന്തത്തിനു പിന്നാലെയാണ് ദേശീയ ടീം പരിശീലക ചുമതലയേറ്റത്. മകൾക്ക് അർബുദം സ്ഥിരീകരിച്ചതിനെ തുടർന്ന് 2019ൽ ചെറിയ കാലയളവിൽ പദവിവിട്ടെങ്കിലും തിരിച്ചെത്തി.
ലൂയിസ് ഡി ലാ ഫുവന്റെ 2013 മുതൽ സ്പാനിഷ് ടീമിന്റെ ഭാഗമാണ്. 2020ൽ ടോകിയോ ഒളിമ്പിക്സിൽ വെള്ളി നേടിയ ടീമിനൊപ്പവുമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.