ലോകകപ്പ്: 29 ദിവസം, 44 രാജ്യങ്ങളിലെ കലാകാരന്മാർ, 3350 കലാപ്രകടനങ്ങൾ...
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ച് പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സംഘടിപ്പിച്ച സാംസ്കാരിക പ്രകടനങ്ങളും കലാ വിരുന്നും ആസ്വദിച്ചത് ദശലക്ഷക്കണക്കിന് ഫുട്ബാൾ പ്രേമികൾ. സുപ്രീം കമ്മിറ്റിയുടെ കൾച്ചറൽ ആക്ടിവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സ്റ്റേഡിയം പരിസരം, കോർണിഷ്, ഫിഫ ഫാൻ ഫെസ്റ്റിവൽ, അൽ മെസ്സീല ബസ് മാൾ, ബറാഹത് അൽ ജനൂബ്, മദീനത് ഫാൻ അക്കമഡേഷൻ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായി ലോകകപ്പ് ഫുട്ബാളിന് കൊഴുപ്പേകി നടന്ന പരിപാടികളിൽ 16,190 കലാകാരൻമാരാണ് പങ്കെടുത്തത്.
ലോകകപ്പ് ഫുട്ബാൾ കലാശക്കൊട്ടും ദേശീയദിനവും ഒരുമിച്ചെത്തിയ ദിവസം ലുസൈൽ ബൊളിവാഡിലെ പരേഡിന്റെ ഭാഗമായി കലാകാരന്മാർ അവരുടെ കല, സാംസ്കാരിക യാത്ര അവസാനിപ്പിക്കുകയും ചെയ്തു. ലോകകപ്പിന്റെ വിജയത്തിൽ ഈ താരങ്ങൾ വലിയ പങ്കാണ് വഹിച്ചത്. അവരുടെ സമർപ്പണ മനസ്സിൽ ഞങ്ങൾ അഭിമാനിക്കുന്നു.
നിരാശയോടെയോ വിജയിച്ചോ ആരാധകർ മത്സരങ്ങളിൽനിന്ന് വിട്ടുനിന്നപ്പോൾ ഈ പ്രകടനങ്ങൾ മനുഷ്യബന്ധത്തിന്റെ മനോഹര നിമിഷങ്ങളാണ് സമ്മാനിച്ചതെന്ന് സുപ്രീം കമ്മിറ്റി സ്റ്റേക്ക്ഹോൾഡർ റിലേഷൻസ് വിഭാഗം മേധാവി ഖാലിദ് അൽ സുവൈദി പറഞ്ഞു. 15 ലൊക്കേഷനുകളും 128ലധികം ആക്ടിവേഷൻ സ്പോട്ടുകളും 3350 പ്രകടനങ്ങളും അടങ്ങിയതാണ് ഖത്തർ ലോകകപ്പിന്റെ ഭാഗമായി നടന്ന കൾച്ചറൽ ആക്ടിവേഷൻ പ്രോഗ്രാം.
വിഷ്വൽ ആർട്സ്, ക്രാഫ്റ്റ്സ്, ഹെറിറ്റേജ്, ഫാഷൻ, ഡിസൈൻ, പെർഫോമിങ് ആർട്സ്, തിയറ്റർ, സംഗീതം, സിനിമ എന്നീ രംഗങ്ങളിൽനിന്നുള്ള കലാകാരന്മാരുടെ നീണ്ടനിര തന്നെ ഉണ്ടായിരുന്നു. ആഗോള വേദിയിൽ തങ്ങളുടെ രാജ്യത്തെ പ്രതിനിധാനംചെയ്യാൻ സാധിച്ചത് അഭിമാനകരമാണെന്ന് ഖത്തരി പരമ്പരാഗത നൃത്തവും പാട്ടുകളും അവതരിപ്പിക്കുന്ന അൽ നഹ്ദ ഗ്രൂപ്പിലെ ലുൽവ അൽ മുഹന്നദി പറഞ്ഞു. ലാറ്റിനമേരിക്കൻ, അർജന്റീനിയൻ സംഗീതത്തെ പോപ്, റോക്ക് സംഗീതവുമായി സംയോജിപ്പിക്കുന്നതിൽ വിദഗ്ധരായ അർജന്റീനിയൻ മ്യൂസിക് ബാൻഡ് വിയേന്റാ നോർട്ടയിലെ അംഗങ്ങളും തങ്ങളുടെ പ്രകടനത്തിൽ സംതൃപ്തി രേഖപ്പെടുത്തുന്നു.
ലോകകപ്പ് പോലൊരു ലൈഫ്ടൈം ഇവന്റിന്റെ ഭാഗമാകുകയെന്നത് അഭിമാനകരമാണെന്നും ഞങ്ങളെ സംബന്ധിച്ച് വലിയ നേട്ടമാണിതെന്നും ഞങ്ങളുടെ സംഗീതം പ്ലേ ചെയ്യാനും ഞങ്ങളുടെ സംഗീതത്തിലൂടെ ആരാധകർ പരസ്പരം ആനന്ദിക്കുന്നത് കാണാനും സാധിച്ചത് അവിസ്മരണീയമായിരുന്നുവെന്നും ഗ്രൂപ്പ് ലീഡർ കാർലോസ് അഡ്രിയാൻ പറഞ്ഞു. സുപ്രീം കമ്മിറ്റി കൾച്ചറൽ ആക്ടിവേഷൻ പ്രോഗ്രാമിന്റെ ഭാഗമായി വ്യത്യസ്ത വിഭാഗങ്ങളിൽ 44 രാജ്യങ്ങളിൽനിന്നുള്ള കലാകാരന്മാരാണ് പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.