കൊറിയൻ വലനിറച്ച് കാനറിക്കൂട്ടം
text_fieldsഖത്തർ ലോകകപ്പിൽ കിരീടനേട്ടത്തിനു മുന്നിൽ തങ്ങൾക്കു വെല്ലുവിളിയാകാൻ ഏറെ ടീമുകളില്ലെന്ന വിളംബരമായി ദക്ഷിണ കൊറിയക്കു മേൽ സാംബനൃത്തം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടായ ബ്രസീൽ നിര നോക്കൗട്ടിലെ അവസാന ഏഷ്യൻ പ്രതീക്ഷയും ദൂരെക്കളഞ്ഞ പ്രകടനവുമായി നിറഞ്ഞാടിയപ്പോൾ പ്രീക്വാർട്ടർ മത്സരത്തിന്റെ ആദ്യ പകുതിയിൽ എതിരില്ലാത്ത നാലു ഗോൾ ലീഡ്. നെയ്മർ, റിച്ചാർളിസൺ, വിനീഷ്യസ് ജൂനിയർ, പാക്വറ്റ എന്നിവർ ഗോൾ നേടി.
ലോകകപ്പ് ചരിത്രത്തിലെ കന്നി നോക്കൗട്ട് പോരിനിറങ്ങിയ കൊറിയക്ക് അക്ഷരാർഥത്തിൽ താങ്ങാവുന്നതിലുമപ്പുറത്തായിരുന്നു എതിരാളികൾ. കാമറൂണിനു മുന്നിൽ വീണ ബ്രസീൽ ആദ്യ ഇലവനിലെ ഒമ്പതുമേരെ അരികിൽ നിർത്തി പകരക്കാരുടെ ബെഞ്ചിനെ പരീക്ഷിച്ചതായിരുന്നെങ്കിൽ ഇത്തവണ മുൻനിര പൂർണമായി ഇറങ്ങിയെന്നു മാത്രമല്ല, ആദ്യ കളിയിൽ പരിക്കുമായി പുറത്തിരുന്ന നെയ്മർ കൂടി എത്തുകയും ചെയ്തിരുന്നു. പതിഞ്ഞ തുടക്കവുമായി കഴിഞ്ഞ കളികളിൽ എതിരാളികൾക്ക് സമയവും പ്രതീക്ഷയും ബാക്കിനൽകിയിരുന്ന സെലിക്കാവോകളായിരുന്നില്ല മൈതാനത്ത്. റിച്ചാർലിസണെ ഏറ്റവും മുന്നിലും തൊട്ടുപിറകിൽ റഫീഞ്ഞ- നെയ്മർ- വിനീഷ്യസ് ജൂനിയർ കൂട്ടുകെട്ടും മധ്യനിര എഞ്ചിനായി കാസമിോയും ഇറങ്ങിയ ഇലവൻ തുടക്കം മുതൽ കൊറിയയെ ചിത്രത്തിൽനിന്ന് മാറ്റിനിർത്തി. ഏഴാം മിനിറ്റിൽ ഗോളും വീണു. വലതുവിങ്ങിൽനിന്ന് റഫീഞ്ഞ മറിച്ചുനൽകിയ പന്ത് പോസ്റ്റിനു മുന്നിലുണ്ടായിരുന്ന നെയ്മറും സംഘവും വലയിലാക്കാൻ ശ്രമിച്ചെങ്കിലും കാലിൽ കിട്ടിയത് വിനീഷ്യസ് ജൂനിയർക്ക്. നേരെ അടിച്ചുകയറ്റുന്നതിനു പകരം മുന്നിലുള്ള അഞ്ചു കൊറിയക്കാർക്ക് മുകളിലൂടെ വലതുമോന്തായത്തിലെത്തിച്ചു. സ്കോർ 1-0.
ഒരു ഗോൾ ലീഡ് പിടിച്ച ആവേശത്തിൽ വീണ്ടും ഇരമ്പിയാർത്ത സാംബ സംഘം നാലു മിനിറിനിടെ വീണ്ടും വല കുലുക്കി. റിച്ചാർളിസണെ ബോക്സിനുള്ളിൽ ബൂട്ടുകൊണ്ട് തൊഴിച്ചതിന് ലഭിച്ച പെനാൽറ്റി നെയ്മർ വലയിലെത്തിക്കുകയായിരുന്നു.
ശരിക്കും പൂച്ചക്കുമുന്നിൽപെട്ട എലിയെ പോലെ വിറച്ചുപോയ കൊറിയക്കാർക്കുമേൽ സമഗ്രാധിപത്യവുമായി ബ്രസീൽ പട പാഞ്ഞുനടന്നപ്പോൾ അതിവേഗം സ്കോർബോർഡിലും മാറ്റം വന്നു. അരമണിക്കൂർ തികയുംമുമ്പേ ബ്രസീൽ ലീഡ് കാൽഡസനിലെത്തി. ഇത്തവണ റിച്ചാർളിസൺ ആയിരുന്നു സ്കോറർ. ദയനീയമായി പരാജയപ്പെട്ടുപോയ കൊറിയൻ പ്രതിരോധത്തെ നിഷ്പ്രഭമാക്കിയ നീക്കത്തിനൊടുവിലായിരുന്നു റിച്ചാർളിസന്റെ ഗോൾ. എന്നിട്ടും ഗോൾദാഹം തീരാതെ പാഞ്ഞുനടന്ന സാംബ പട 10 മിനിറ്റു കഴിഞ്ഞ് വീണ്ടും ഗോൾ നേടി. പാക്വേറ്റക്കായിരുന്നു ഇത്തവണ അവസരം. പിന്നെയും കാനറിക്കൂട്ടം കൊറിയൻ പകുതിയിൽ സമ്പൂർണാധിപത്യം നേടുന്നതായിരുന്നു കാഴ്ച. റിച്ചാർളിസണും വിനീഷ്യസുമുൾപ്പെടെ പലവട്ടം അവസരങ്ങൾ കളഞ്ഞുകുളിച്ചില്ലായിരുന്നെങ്കിൽ ലീഡ് അരഡസനു മേൽ കടന്നേരെ.
ഒരു ഗോൾ മടക്കണമെന്ന മോഹവുമായി മൈതാനത്ത് ഓടിനടന്ന കൊറിയക്കാർക്കു ചെറിയി അവസരങ്ങൾ ലഭിച്ചെങ്കിലും ബ്രസീൽ പ്രതിരോധത്തിൽ തട്ടിയകന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.