യു.എസ് പിടിക്കാനാകാതെ ഇംഗ്ലീഷ് പട
text_fieldsദോഹ: കാൽപന്തു ലോകത്തെ ഏറ്റവും ഗ്ലാമറുള്ള ലീഗിൽ പന്തുതട്ടുന്ന ഒരു പിടി താരങ്ങൾ പന്തുതട്ടിയാൽ എല്ലാം എളുപ്പം ജയിച്ചു മടങ്ങാമെന്ന സൗത്ഗേറ്റിന്റെ കണക്കുകൂട്ടലുകൾ പൊളിച്ചടുക്കി അമേരിക്ക. ഇറാനെ ആദ്യ കളിയിൽ മുക്കിയ ആവേശം കൂടെകൂട്ടാൻ മറന്ന ഇംഗ്ലണ്ടിനെ കഴിഞ്ഞ കളിയിൽ വെയിൽസിനെ സമനിലയിലാക്കിയ ഊർജവുമായി നേരിട്ടാണ് അമേരിക്ക ഗോളില്ലാതെ കുരുക്കിയത്.
ഇംഗ്ലീഷ് പടയുടെ കരുത്തും അമേരിക്കക്കാരന്റെ ദൗർബല്യങ്ങളും പ്രകടമാക്കുന്നതായിരുന്നു അൽബൈത് മൈതാനത്തെ തുടക്കം. ഗ്രൂപിലെ ആദ്യ മത്സരത്തിൽ ഇറാനെതിരെ ആറു ഗോളടിച്ച് വൻജയം ആഘോഷിച്ച ഇംഗ്ലീഷുകാർക്ക് ഇത്തവണ പക്ഷേ, പലതും പിഴച്ചു. എന്നിട്ടും മുന്നിൽനിന്ന ടീം അവസരങ്ങൾ ചിലതു തുറന്നെങ്കിലും ഒന്നും ഗോളാകാൻ മാത്രമുണ്ടായില്ല.
സാധ്യതയുടെ കണക്കുപുസ്തകങ്ങളിൽ എതിരാളികൾ ഏറെ മുന്നിലായതിനാൽ പ്രതിരോധത്തിനാണ് അമേരിക്ക ആദ്യ പകുതിയിൽ പ്രാധാന്യം നൽകിയത്. അതോടെ, ഇംഗ്ലീഷ് പടയോട്ടം മിക്കവാറും എതിർ പ്രതിരോധ മതിലിൽ തട്ടി മടങ്ങി. തുടക്കത്തിൽ സമ്പൂർണ മേൽക്കൈയുമായി കളം നിറഞ്ഞോടിയ ഇംഗ്ലണ്ടിന് ആദ്യ പകുതി അവസാനിക്കാറാകുമ്പോഴേക്ക് അതേ ഊർജത്തോടെ പന്തു തട്ടാനായില്ല. ഇത് മുതലെടുത്ത് അമേരിക്കൻ മുന്നേറ്റം ഇംഗ്ലീഷ് ഹാഫിൽ പറന്നുനടന്നത് അപകട സാധ്യത തീർത്തു. എന്നാൽ, പിക്ഫോർഡിന്റെ ചെറിയ ഇടപെടലുകളിൽ അവ അവസാനിച്ചു.
ആദ്യ മത്സരം ജയിച്ചതിനാൽ ഇത്തവണ സമനില കൊണ്ടും സാധ്യതകൾ തുറന്നുകിടക്കുമെന്നതിനാലാകാം രണ്ടാം പകുതിയിൽ ഇംഗ്ലീഷ് നിര കൂടുതൽ ആക്രമണോത്സുകത പുറത്തെടുത്തില്ല. മറുവശത്ത്, വെയിൽസിനോടേറ്റ സമനില കാരണം ഒറ്റ പോയിന്റിൽനിന്ന അമേരിക്കക്ക് ജയം അനിവാര്യവുമായിരുന്നു. അടുത്ത മത്സരത്തിൽ എതിരാളികളാകേണ്ട ഇറാൻ തൊട്ടുമുമ്പ് വെയിൽസിനെ എതിരില്ലാത്ത രണ്ടു ഗോളിന് മുക്കുക കൂടി ചെയ്തത് സ്ഥിതി സങ്കീർണമാക്കുന്നതായി.
അമേരിക്കൻ നീക്കങ്ങളേറെ കണ്ട മൈതാനത്ത് അവസാന മിനിറ്റുകളിൽ ഗോളി പിക്ഫോഡിനും ഇംഗ്ലീഷ് പ്രതിരോധത്തിനും പിടിപ്പത് പണിയായിരുന്നു. ഇടക്ക് റഹീം സ്റ്റെർലിങ്ങിനെയും ജൂഡ് ബെല്ലിങ്ങാമിനെയും പിൻവലിച്ച് ജാക് ഗ്രീലിഷിനെയും ജോർഡൻ ഹെൻഡേഴ്സണെയും കൊണ്ടുവന്ന് ഇംഗ്ലീഷ് പരിശീലകൻ വിജയം തന്നെയാണ് ലക്ഷ്യമെന്ന് പ്രഖ്യാപനം നടത്തി. അതിനിടെ, യുവതാരം സാകയെയും കോച്ച് തിരിച്ചുവിളിച്ചു. എന്നിട്ടും, ഗോൾ മാത്രം അകന്നുനിന്നു. ഇഞ്ച്വറി സമയത്ത് അമേരിക്കൻ പാതിയിൽ ലഭിച്ച ഫ്രീകിക്കിൽ ഹാരി കെയ്ൻ തലവെച്ചെങ്കിലും പുറത്തേക്കു പോയി. അവസാന മിനിറ്റുകളിൽ ഗോൾ നേടാൻ നടന്ന ശ്രമങ്ങളെല്ലാം ഇതോടെ ലക്ഷ്യം കാണാതെ അവസാനിച്ചു.
ഗ്രൂപ് ബിയിൽ രണ്ടു കളികൾ പൂർത്തിയാകുമ്പോൾ നാലു പോയിന്റുമായി ഇംഗ്ലണ്ടാണ് മുന്നിൽ. മൂന്നു പോയിന്റുള്ള ഇറാൻ രണ്ടാമതും രണ്ടു പോയിന്റുള്ള അമേരിക്ക മൂന്നാമതുമാണ്. ഇറാനെതിരെയാണ് അമേരിക്കക്ക് അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.