'കളിയൻ' എംബാപ്പെ; ഒപ്പത്തിനൊപ്പം
text_fieldsലോകകപ്പ് ഫൈനലിൽ രണ്ടു പകുതികളിലായി രണ്ടു വീതം ഗോളടിച്ച് ഫ്രാൻസും അർജന്റീനയും ഒപ്പത്തിനൊപ്പം. മെസ്സിയും ഡി മരിയയും അർജന്റീനയെ മുന്നിലെത്തിച്ച കളിയുടെ അവസാന മിനിറ്റുകളിൽ കിലിയൻ എംബാപ്പെ നേടിയ രണ്ടു ഗോളിലാണ് ഫ്രാൻസ് ഒപ്പം പിടിച്ചത്.
പഴയ പ്രതികാരത്തിന്റെ ഓർമകൾ അലയടിച്ച ലുസൈൽ മൈതാനത്ത് ഇരു നിരയും കരുതലോടെയാണ് കളി തുടക്കമിട്ടത്. ഒട്ടും തിടുക്കം കാട്ടാതെ മുന്നേറ്റവും പ്രതിരോധവും കൃത്യമാക്കിയ നീക്കങ്ങൾ. ഗോൾ നേടുന്നതിലുപരി സ്വന്തം വല കാക്കുന്നതാണ് നല്ല തുടക്കമെന്ന ബോധ്യത്തോടെയുള്ള മുന്നേറ്റങ്ങൾ. ഡി മരിയ ആദ്യ ഇലവനിൽ എത്തിയതായിരുന്നു അർജന്റീന ക്യാമ്പിലെ വലിയ മാറ്റമെങ്കിൽ സെമിയിൽ പുറത്തിരുന്ന റാബിയോയെയും ഉപമെകാനോയെയും തിരിച്ചുവിളിച്ചായിരുന്നു ഫ്രാൻസ് അങ്കം കനപ്പിച്ചത്.
രണ്ടാം മിനിറ്റിൽ തന്നെ അർജന്റീന ആദ്യ ഗോളവസരം തുറന്നു. അഞ്ചാം മിനിറ്റിൽ വീണ്ടും ഫ്രഞ്ച് വലക്കരികെയെത്തി അപകടസൂചന നൽകി. ഒട്ടും കൂസാതെ എല്ലാം കാത്തിരുന്ന ഫ്രഞ്ചു പട വൈകിയാണെങ്കിലും അർജന്റീന ഗോൾമുഖത്ത് പ്രത്യാക്രമണങ്ങൾ തുടങ്ങിയതോടെ കളി ചടുലമായി. ഫ്രീകിക്കും പരുക്കൻ അടവുകളും പലവട്ടം കണ്ട കളിയിൽ ആദ്യാവസാനം മുന്നിൽ നിന്നത് അർജന്റീന. അതിന്റെ തുടർച്ചയായിട്ടായിരുന്നു 23ാം മിനിറ്റിൽ അർജന്റിന ഗോൾ നേടുന്നത്. ഇടതു വിങ്ങിൽ അതിവേഗ നീക്കവുമായി ഫ്രഞ്ച് ബോക്സിലെത്തിയ ഡി മരിയയയെ ഡെംബലെ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. ഒട്ടും മാനസിക പ്രയാസമില്ലാതെ പതിയെ എത്തി ലോറിസ് ചാടിയതിന് എതിർ ദിശയിൽ പന്തടിച്ചുകയറ്റി മെസ്സി അനായാസം വലയിലെത്തിച്ചതോടെ ഗാലറി ആവേശത്തിരയേറി. പിന്നെ മൈതാനത്ത് ഒറ്റ ടീമേയുണ്ടായിരുന്നുള്ളൂ. ആധികാരികമായി കളംഭരിച്ച ടീം 35ാം മിനിറ്റിൽ മെസ്സി തുടക്കമിട്ട മറ്റൊരു നീക്കത്തിൽ വീണ്ടും ഗോളിലെത്തി. അലിസ്റ്റർ നൽകിയ അനായാസ പാസിൽ ഡി മരിയയായിരുന്നു സ്കോറർ.
ഡി മരിയയെന്ന വിങ്ങറെ തിരിച്ചറിയാൻ വൈകിയതാണ് ഫ്രഞ്ച് ടീമിന് ശരിക്കും വിനയായത്. താരം ഇടതുമൂലയിലൂടെ പറന്നുകയറി നടത്തിയ പടയോട്ടങ്ങൾ അർജന്റീനയെ ബഹുദൂരം മുന്നിൽ നിർത്തി. ഡി മരിയയെ പിടിച്ചുകെട്ടാൻ കൂണ്ടെ ശരിക്കും പാടുപെടുന്നത് തിരിച്ചറിഞ്ഞ മെസ്സി നിരന്തരം പാസ് നൽകി താരത്തെ നന്നായി ഉപയോഗിച്ചു. ഇതായിരുന്നു രണ്ടു ഗോളിലും നിർണായകമായത്.
പ്രതിരോധം കരുത്തുകൂട്ടി അവസാന നാലു വരെയെത്തിയ മൊറോക്കോയെ ചിത്രവധം നടത്തി കലാശപ്പോരിനെത്തിയ ഫ്രാൻസേ ആയിരുന്നില്ല അർജന്റീനക്കെതിരെ ഇറങ്ങിയത്. എതിരാളികൾ അതിശക്തരാണെന്ന തിരിച്ചറിവ് മാറ്റിവെച്ച്, അമിത ആത്മവിശ്വാസവുമായി ഇറങ്ങിയവർ അർജന്റീന മുന്നേറ്റത്തിനുമുന്നിൽ കവാത്ത് മറന്നു. അതോടെ മനോഹര നീക്കങ്ങളുമായി മൈതാനം നിറഞ്ഞ മെസ്സിക്കൂട്ടം നിരന്തരം ഫ്രഞ്ച് വലക്കരികെ അപായ മണി മുഴക്കി. ഫ്രഞ്ച് പ്രതിരോധം കഠിനാധ്വാനം ചെയ്തിട്ടും ഭാഗ്യം കൂടി കൂട്ടുനിന്നതാണ് പലപ്പോഴും കൂടുതൽ ഗോൾ പിറക്കാതെ കാത്തത്.
രണ്ടാം പകുതിയിലും ഫ്രാൻസിന് നിയന്ത്രണം നൽകാത്ത ശൈലിയായിരുന്നു അർജന്റീനയുടെത്. അഞ്ചു ഗോളുമായി ഗോൾഡൻ ബൂട്ടിനരികെയുണ്ടായിരുന്ന എംബാപ്പെയെയും സഹതാരം ജിറൂദിനെയും ശരിക്കും പൂട്ടിയ അർജന്റീന തങ്ങളുടെ ആവനാഴിയിലെ സകല അസ്ത്രങ്ങളും നിരന്തരം തൊടുത്തുകൊണ്ടിരുന്നു. കളി ഒരു മണിക്കൂർ പിന്നിടുമ്പോൾ ലാറ്റിൻ അമേരിക്കക്കാരുടെ ഗോൾ ഷോട്ടുകൾ ഒമ്പതായിരുന്നെങ്കിൽ മറുവശത്ത് ഒന്നുപോലും അതുവരെ പിറന്നിരുന്നില്ല. എംബാപ്പെ, ജിറൂദ് ദ്വയം മാത്രമല്ല ഗ്രീസ്മാനും ഡെംബലെയും ഒരുപോലെ നിറംമങ്ങി.
എന്നാൽ, ആദ്യ പകുതിയിൽ ഫ്രഞ്ച് കത്രികപ്പൂട്ടിൽ കുരുങ്ങിയ മെസ്സി ഇടവേള കഴിഞ്ഞതോടെ സടകുടഞ്ഞെണീറ്റ സിംഹമായി. ടീമിന്റെ മുന്നേറ്റങ്ങളുടെ സ്വയംഭരണം ഏറ്റെടുത്ത താരം ഒറ്റയാൻ നീക്കങ്ങൾക്കു പകരം കൂട്ടായ ആക്രമണത്തിന് ചുക്കാൻ പിടിച്ചു. 65ാം മിനിറ്റിലുൾപ്പെടെ പിറന്ന എണ്ണമറ്റ ഗോളവസരങ്ങൾ ലോറിസിനെ ശരിക്കും മുനയിൽ നിർത്തി. അതിനിടെ, ഡി മരിയയെ സ്കലോണി തിരിച്ചുവിളിച്ചതും ശ്രദ്ധേയമായി. മറുവശത്ത്, ഹെർണാണ്ടസ്, ഗ്രീസ്മാൻ എന്നിവരെ ദെഷാംപ്സും മടക്കി.
70ാം മിനിറ്റിൽ എംബാപ്പെയുടെ ബുള്ളറ്റ് ഷോട്ട് പുറത്തേക്കു പോയതിനു പിറകെ മെസ്സിയുടെ പാസിൽ അൽവാരസ് അടിച്ചത് നേരെ ലോറിസിന്റെ കൈകളിലെത്തി. ശരിക്കും തളർച്ച ബാധിച്ചവരെ പോലെ പന്തു തട്ടിയ ഫ്രഞ്ചു പടയെ പിടിച്ചുകെട്ടുകയും എതിർഹാഫിലേക്ക് ഇരച്ചുകയറുകയും ചെയ്യുന്ന അർജന്റീന നിരയുടെ കാഴ്ചകൾ ഗാലറിയെ ഓരോ നിമിഷവും ആർപ്പുവിളികളാൽ സമൃദ്ധമാക്കി.
അതിനിടെ, കളിയുടെ ഗതി മാറ്റിമറിച്ച് ഫ്രാൻസ് തിരിച്ചടിച്ചു. അർജന്റീന നേടിയ ഗോളുകൾക്ക് സമാനമായി ആദ്യം പെനാൽറ്റിയിലും പിന്നീട് നേരിട്ടും ഗോളടിച്ച് എംബാപ്പെ ഫ്രാൻസിന്റെ രക്ഷകനായി. ഒന്നിനു പിറകെ ഒന്നായി അതിമാനുഷനെ പോലെ കാലുകൾ കൊണ്ട് അർജന്റീനയുടെ നെഞ്ചകം പിളർത്തിയ താരം നേടിയ ഓരോ ഗോളും സുവർണ മുദ്രയുളളതായിരുന്നു. 80, 81 മിനിറ്റുകളിലായിരുന്നു ഗോളുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.