ലോകകപ്പ്; ‘മൊറോക്കോയുടെ നേട്ടം ആഫ്രിക്കൻ, അറബ് ഫുട്ബാളിന് മാനസിക ഉണർവു നൽകി’
text_fieldsദോഹ: ആഫ്രിക്കൻ ഫുട്ബാളിന് പാശ്ചാത്യ ഫുട്ബാളിനോട് മത്സരിക്കാൻ കഴിയില്ലെന്ന പൊതുബോധത്തെ മൊറോക്കോൻ ടീം 2022 ലോകകപ്പിലെ ചരിത്രപരമായ പ്രകടനത്തിലൂടെ തകർത്തതായി ഖത്തറിലെ മൊറോക്കൻ കമ്യൂണിറ്റി നേതാക്കളിലൊരാളായ മുഹമ്മദ് അദെർദോർ. ആഫ്രിക്കയിൽ നിന്നെത്തി ലോക ഫുട്ബാളിന്റെ മനംകവരുന്ന പ്രകടനം നടത്തിയ ‘അറ്റ്ലസ് ലയൺസ്’ അറബ്, ആഫ്രിക്കൻ ഫുട്ബാൾ ചരിത്രത്തിൽ അഭിമാനകരമായ ഏടായി എന്നെന്നും ഓർമിക്കപ്പെടും.
യൂറോപ്പിലെ വമ്പന്മാരായ ബെൽജിയം, സ്പെയിൻ, ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർചുഗൽ എന്നീ മുൻനിര ടീമുകളെയടക്കം പരാജയപ്പെടുത്തി മുന്നേറിയ അഷ്റഫ് ഹക്കീമിയുടെയും ഹകീം സെയ്യാഷിന്റെയും യാസിൻ ബോനോയുടെയും അംറബതിന്റെയും ടീം സെമി ഫൈനൽ വരെയെത്തി. സെമിയിൽ ഫ്രഞ്ച് ടീമിന് മുന്നിൽ വലീദ് റെഗ്റാഗിയുടെ സംഘത്തിന്റെ തേരോട്ടം അവസാനിച്ചെങ്കിലും ചരിത്രം തിരുത്തിയാണ് ടീം മടങ്ങിയത്. ഒരു ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് സെമിയിൽ പ്രവേശിക്കുന്ന ആദ്യ അറബ്, ആഫ്രിക്കൻ രാജ്യമെന്ന അപൂർവ ബഹുമതിയും അവർക്ക് സ്വന്തമായി.
ആഫ്രിക്കൻ, അറബ് ഫുട്ബാളിനോടുള്ള തെറ്റായ മുൻധാരണകൾ തികച്ചും അപകർഷതയിൽ പടുത്തുയർത്തിയ മാനസിക തടസ്സമായിരുന്നു. അത് തകർക്കുന്നതിൽ അറ്റ്ലസ് ലയൺസ് വിജയിച്ചു. ആഫ്രിക്കൻ, അറബ് ഫുട്ബാളിന്റെ വളർച്ചയാണ് ഇതിലൂടെ കാണാൻ സാധിക്കുന്നതെന്നും മൊറോക്കോയുടെ കടുത്ത ആരാധകരിലൊരാളുമായ അദെർദോർ ‘ദി പെനിൻസുല’യോട് പറഞ്ഞു.
എല്ലാ മൊറോക്കക്കാരും ആഫ്രിക്കക്കാരും എല്ലാ അറബികളും അഭിമാനിക്കുന്ന, അതിശയകരമായ നേട്ടമാണിത്. ആഫ്രിക്കൻ ദേശീയ ടീമുകൾക്കും എല്ലാ അറബ് ടീമുകൾക്കും ഫുട്ബാളിൽ കൂടുതൽ മുന്നേറാനുള്ള വഴിയൊരുക്കാൻ ഇതിന് സാധിച്ചിട്ടുണ്ടെന്നും അദെർദാർ കൂട്ടിച്ചേർത്തു. മൊറോക്കോയുടെ നേട്ടം ഭാവി ലോകകപ്പുകളിൽ കൂടുതൽ ആഫ്രിക്കൻ ടീമുകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തും. 2026 ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ഫിഫയുടെ പദ്ധതിയിലൂടെ ടൂർണമെൻറിൽ ഒമ്പതോ പത്തോ ആഫ്രിക്കൻ ടീമുകളെങ്കിലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തർ ലോകകപ്പിന്റെ സംഘാടനം അതിശയിപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലോകകപ്പ് സംഘടിപ്പിക്കുന്നതിൽ ഖത്തറിന്റെ കഴിവിനെയും സന്നദ്ധതയെയും ചില പാശ്ചാത്യ മാധ്യമങ്ങൾ വിലകുറച്ച് കണ്ടെങ്കിലും ഖത്തർ മികച്ച സംഘാടനത്തിലൂടെ അതിന് മറുപടി പറഞ്ഞു. അവസാനം, വലിയ സാധ്യതകളുള്ള രാജ്യമാണ് തങ്ങളെന്ന് ഖത്തർ തെളിയിക്കുകയും ചെയ്തിരിക്കുന്നു. മുൻലോകകപ്പുകളിൽ പതിവായി കണ്ടിരുന്ന ദൗർഭാഗ്യകരമായ, അനിഷ്ട സംഭവങ്ങളൊന്നും ഇല്ലാതെ ഖത്തർ ലോകകപ്പ് എല്ലാ തലത്തിലും വിജയിച്ചിട്ടുണ്ട്.
ഏഷ്യൻ അറബ് രാജ്യങ്ങളുടെ ഏറ്റവും യോഗ്യനായ പ്രതിനിധിയാണ് ഖത്തറെന്നും അതിന്റെ പ്രവർത്തനങ്ങൾ വലിയ പ്രശംസ അർഹിക്കുന്നുണ്ടെന്നും മൊറോക്കൻ കമ്യൂണിറ്റി നേതാവ് പറഞ്ഞു. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിൽ ഖത്തറിലെ അനുഭവത്തിന്റെ ആവർത്തനത്തിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും ഏകസ്വരത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പ്, ഖത്തർ 2022 ആണെന്ന് ഉരുവിട്ട് കൊണ്ടിരിക്കുകയായിരുന്നു. 2022 ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ അർജൻറീന വിശ്വകിരീടം നേടിയതിനൊപ്പം സമാനതകളില്ലാത്ത സംഘാടനത്തിലൂടെ എല്ലാ വാർപ്പു മാതൃകകളെയും പൊട്ടിച്ചെറിഞ്ഞ മിഡിലീസ്റ്റും അറബ് ലോകവും ആദ്യമായി ആതിഥ്യമരുളിയ ലോകകപ്പ് ദീർഘകാലം ഓർമിക്കപ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.