ഖത്തറിൽ ഓറഞ്ചുപടയോട്ടം; നെതർലൻഡ്സ് പ്രീക്വാർട്ടറിൽ
text_fieldsആദ്യ രണ്ടു കളികളിലും വീണ് സമനിലയെങ്കിലും പ്രതീക്ഷിച്ച് അങ്കം കൊഴുപ്പിച്ച ആതിഥേയരെ വീഴ്ത്തി നെതർലൻഡ്സ് ഗ്രൂപ് എ ജേതാക്കളായി നോക്കൗട്ടിൽ. തുടർച്ചയായ മൂന്നു കളികളിലും എതിർവല ചലിപ്പിച്ചവനെന്ന റെക്കോഡ് സ്വന്തം പേരിലാക്കി കോഡി ഗാക്പോയും ഫ്രെങ്കി ഡി ജോങ്ങും നേടിയ ഗോളുകളിലായിരുന്നു അൽബൈത് മൈതാനത്ത് ഓറഞ്ചുത്സവം.
ആദ്യ പകുതിയിലേറെയും ഖത്തർ പകുതിയിൽ തമ്പടിച്ച കളിയിൽ ഡച്ചു പടക്കായിരുന്നു സമഗ്രാധിപത്യം. പരീക്ഷണങ്ങൾക്ക് മുതിരാതെ മുൻനിരയെ തന്നെ ഇറക്കി കളിയും കളവും നിയന്ത്രിച്ച വാൻ ഗാലിന്റെ പദ്ധതികൾ അതേ പടി നടപ്പാക്കി ഡച്ചുകാർ പന്തു തട്ടിയപ്പോൾ ആതിഥേയർ പലപ്പോഴും കാഴ്ചക്കാരായി. തുടക്കത്തിലേ അവസരങ്ങൾ സൃഷ്ടിച്ച നെതർലൻഡ്സ് ഏറെ വൈകാതെ ഗോളും നേടി. ഖത്തർ പ്രതിരോധം ചുറ്റും നിൽക്കെയായിരുന്നു ഗാക്പോയുടെ നിലംപറ്റിയുള്ള കിടിലൻ ഷോട്ട്. അരികുചേർന്ന് പറന്നെത്തിയ പന്ത് വരുതിയിലാക്കാൻ ആതിഥേയ ഗോളി ചാടിയെങ്കിലും അതിനു മുമ്പ് ഗോൾ വീണുകഴിഞ്ഞിരുന്നു.
ഒരു ലോകകപ്പിലെ തുടർച്ചയായ മൂന്നുകളികളിൽ ഗോൾ നേടുന്ന ആദ്യ ഡച്ചു താരമാണ് ഗാക്പോ. പോർച്ചുഗലിന്റെ യുസേബിയോ ഉൾപ്പെടെ മൂന്നു പേർ മറ്റു രാജ്യങ്ങൾക്കായി ഈ റെക്കോഡ് നേടിയിട്ടുണ്ട്. മൂന്നാം കളിയിലും ഗോൾ നേടിയതോടെ പ്രിമിയർ ലീഗിൽ ക്രിസ്റ്റ്യാനോയുടെ പിൻഗാമിയായി മാഞ്ചസ്റ്റർ യുനൈറ്റഡ് നോട്ടമിടുന്ന ഗാക്പോ ജനുവരിയിലെ ട്രാൻസ്ഫർ വിപണിയിൽ വൻതുക സ്വന്തമാക്കുമെന്നുറപ്പായി. ഗോൾ വീണതോടെ നിശ്ശബ്ദത അടയാളപ്പെട്ടുകിടന്ന മൈതാനത്ത് പിന്നെയും ഡച്ചുമുന്നേറ്റം തന്നെയായിരുന്നു മൈതാനം കണ്ടത്. പതിയെ മനസ്സാന്നിധ്യം വീണ്ടെടുത്ത ഖത്തർ ശക്തമായ ആക്രമണങ്ങളുമായി തിരിച്ചെത്തിയതോടെ ഡച്ച് പ്രതിരോധവും ഉണർന്നു. അബ്ദുൽ ഹകീം ഹസൻ നയിച്ച സമാനമായൊരു നീക്കം അപായ സൂചന തീർത്തെങ്കിലും ലക്ഷ്യത്തിനരികെ പിഴച്ചു.
രണ്ടാം പകുതിയിൽ ഖത്തർ പ്രത്യാക്രമണം കൂടുതൽ കനപ്പിച്ചു. ഗോൾ വീണതിന്റെ ആഘാതം കാണിക്കാതെ മൈതാനം നിറഞ്ഞുനീങ്ങിയ ആതിഥേയ നിര പക്ഷേ, വാൻ ഡൈക് കോട്ട കാത്ത ഡച്ചുമതിൽ കടക്കാനാകാതെ വിഷമിച്ചു. അതിനിടെയായിരുന്നു ഖത്തറിനെ വിറപ്പിച്ച് രണ്ടാം ഗോൾ എത്തുന്നത്. ക്ലാസൻ തുടക്കമിട്ട നീക്കം ആദ്യം കാലിലെത്തിയ മെംഫിസ് ഡീപെ മനോഹരമായി അടിച്ച ഷോട്ട് ബർഷാം തട്ടിയിട്ടു. റീബൗണ്ട് ചെയ്ത ബാൾ നേരെ ഡി ജോങ്ങിന്റെ കാലിൽ. സ്ഥാനം തെറ്റിനിന്ന ഗോളിക്ക് അവസരമേതും നൽകാതെ പന്ത് വലയിൽ.
ഇരു ടീമുകളും പലവട്ടം താരങ്ങളെ മാറ്റി കളി കൊഴുപ്പിച്ചതോടെ മൈതാനത്ത് ചടുല നീക്കങ്ങൾ പലതു കണ്ടു. അതിനിടെ, ഡച്ചുകാർ ഒരുവട്ടം വല കുലുക്കിയെങ്കിലും വാറിൽ ഹാൻഡ്ബാൾ കുടുങ്ങി. അവസാന മിനിറ്റുകളിൽ ഒരു ഷോട്ട് ക്രോസ്ബാറിൽ തട്ടിയും മടങ്ങി. എന്നിട്ടും തളരാതെ ഗോൾ തേടി ഖത്തർ ഓടിനടന്നെങ്കിലും ലക്ഷ്യം കാണാനാകാതെ ഫൈനൽ വിസിൽ മുഴങ്ങി.
ആദ്യ കളിയിൽ എക്വഡോറിനെതിരെയും പിന്നീട് സെനഗാളിനോടും തോറ്റ ഖത്തർ ലോകകപ്പിൽ ഗ്രൂപ് റൗണ്ടിൽ എല്ലാ കളികളും തോറ്റ് പുറത്താകുന്ന ആദ്യ ടീമായി.
ഗ്രൂപിലെ നിർണായകമായ മറ്റൊരു മത്സരത്തിൽ എക്വഡോറിനെ വീഴ്ത്തി സെനഗാളും പ്രീക്വാർട്ടറിലെത്തി. റഷ്യൻ ലോകകപ്പിൽ ഒരു ആഫ്രിക്കൻ ടീമും നോക്കൗട്ടിലെത്തിയിരുന്നില്ല. ആ പേരുദോഷം തീർക്കുന്നതായി സെനഗാളിന്റെ മുന്നേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.