ലോകകപ്പ് സെമിയിൽ: സൗദിയിൽനിന്ന് ഖത്തറിലേക്ക് കളിപ്രേമികളുടെ പ്രവാഹം
text_fieldsറിയാദ്: ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കമായ ഫുട്ബാൾ മത്സരവും വേദിയും ആരവങ്ങളും കാണാനും ആസ്വദിക്കാനും സൗദി രാജ്യാതിർത്തി കടന്ന് ഖത്തറിലേക്ക് കളിപ്രേമികളുടെ ഒഴുക്ക് തുടരുന്നു. ഫുട്ബാൾ പ്രേമികൾ മാത്രമല്ല ഖത്തറിലാകെ പരന്നുകിടക്കുന്ന ലോകകപ്പ് ഉത്സവം കാണാനും ആസ്വദിക്കാനും അതല്ലാത്തവരും സ്വദേശികളും വിദേശികളുമായി ധാരാളംപേർ ഖത്തറിലെത്തുന്നുണ്ട്.റിയാദിൽനിന്നും കിഴക്കൻ പ്രവിശ്യയിൽനിന്നുമാണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ സൽവ അതിർത്തിയിൽ എത്തുന്നത്.
സൽവയിൽ സൗദി ഒരുക്കിയ വിശാലമായ പാർക്കിങ് സ്ഥലത്ത് വാഹനം പാർക്ക് ചെയ്തശേഷം ബസ് വഴി ദോഹയിലേക്ക് പോകുന്നവരും സൽവ കടന്ന് ഖത്തർ അതിർത്തിയായ അബൂസമ്റയിൽ വാഹനം പാർക്ക് ചെയ്ത് പോകുന്നവരുമുണ്ട്. മുതിർന്ന വിദ്യാർഥികൾ, സൗഹൃദ കൂട്ടായ്മകൾ, നാട്ടുകൂട്ടങ്ങൾ തുടങ്ങി വിവിധ സംഘടനകൾ സംഘം ചേർന്നും അല്ലാതെയും യാത്ര സംഘടിപ്പിക്കുന്നുണ്ട്. യാത്രക്കാർക്ക് വിപുലവും അനായാസവുമായ സംവിധാനമാണ് സൗദി പാസ്പോർട്ട് വിഭാഗവും ഖത്തർ ഇമിഗ്രേഷനും ഒരുക്കിയിട്ടുള്ളത്.
ഏറ്റവും ചെലവ് കുറഞ്ഞ ലോകകപ്പ് അനുഭവം ആസ്വദിക്കാനുള്ള സുവർണാവസരം പരമാവധി ഉപയോഗപ്പെടുത്താനുള്ള തിടുക്കത്തിലാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം. ടിക്കറ്റ് ഇല്ലാത്തവരും ഖത്തറിലെ ലോകകപ്പ് ആരവം കാണാനും ഫാൻ ഫെസ്റ്റിൽ കളി കാണുന്ന അനുഭവം ആസ്വദിക്കാനും എത്തുന്നുണ്ട്.
വാരാന്ത്യങ്ങളിലാണ് അതിർത്തിയിൽ വലിയ തിരക്ക് അനുഭവപ്പെടുന്നത്. ഈ മാസം 18ന് ഫൈനലിനൊപ്പം ഖത്തർ ദേശീയ ദിനാഘോഷം കൂടിയാണ്. ഖത്തറിലെ നഗരങ്ങളൊന്നും ആ രാത്രി മിഴിയടക്കില്ല. അതിഥികളായി ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് രാജ്യത്തെത്തുന്നവരെ വിവിധ കലാപരിപാടികളാലും അനുഭവങ്ങളാലും സൽക്കരിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.
ഖത്തറിലെ ഓരോ തെരുവും. ഫൈനലിൽ പങ്കെടുക്കാൻ സൗദിയിൽനിന്ന് നിരവധിയാളുകൾ ടിക്കറ്റ് ബുക്ക് ചെയ്തും അവധിക്ക് അപേക്ഷിച്ചും ഖത്തറിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയാണ്. ഫൈനൽ മത്സരത്തോടൊപ്പം ദേശീയദിന ആഘോഷവും ആസ്വദിക്കലാണ് ലക്ഷ്യം. മണിക്കൂറുകൾ യാത്ര ചെയ്താലെത്തുന്ന ലോകകപ്പ് നഗരി കാണാനുള്ള അപൂർവ അവസരം വിനിയോഗിക്കാതെ പോകുന്നത് നഷ്ടമായിരിക്കും. ഇനിയൊരു ലോകകപ്പ് ഗൾഫിൽ വരുന്ന കാലം സമീപഭാവിയിൽ ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നുള്ള കണക്കുകൂട്ടൽ കൂടിയാണ് സൗദി പ്രവാസികളെ ഖത്തറിലെത്തിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.