മെസ്സി പി.എസ്.ജിയിൽ തുടരും; ലക്ഷ്യം ടീമിന് ചാമ്പ്യൻസ് ലീഗിൽ കന്നിക്കിരീടം
text_fieldsഅർജന്റീനയെ ലോകകിരീടത്തിലെത്തിച്ച ആഘോഷവുമായി നാട്ടിലുള്ള സൂപർതാരം ലയണൽ മെസ്സി ഫ്രഞ്ച് അതികായരായ പി.എസ്.ജിയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. സീസൺ അവസാനത്തോടെ ക്ലബുമായി കരാർ അവസാനിക്കുമെങ്കിലും ഒരു സീസൺ കൂടി ടീമിനൊപ്പം കരാർ നീട്ടാൻ സമ്മതം മൂളിയതായി റിപ്പോർട്ടുകൾ പറയുന്നു. വരുംദിവസം പാരിസിലെത്തുന്ന മെസ്സി പി.എസ്.ജി പ്രസിഡന്റ് നാസർ അൽഖിലൈഫി, മറ്റു മുതിർന്ന പ്രതിനിധികൾ എന്നിവരുമായി സംസാരിച്ച് കരാറിലൊപ്പുവെക്കും.
2021ലാണ് താരം ബാഴ്സ വിട്ട് പി.എസ്.ജിയിലെത്തിയത്. രണ്ടു വർഷത്തേക്കായിരുന്നു കരാർ. ആവശ്യമെങ്കിൽ ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
ബാഴ്സയിലായിരിക്കെ 2006, 2009, 2011, 2015 എന്നീ വർഷങ്ങളിൽ ചാമ്പ്യൻസ് ലീഗ് കിരീടം ഷോകേസിലെത്തിച്ച മെസ്സി 10 തവണ ടീമിന്റെ ലാ ലിഗ ചാമ്പ്യൻഷിപ്പ് നേട്ടത്തിലും പങ്കാളിയായി. ഇതിനൊടുവിലാണ് ക്ലബിലെ പ്രതിസന്ധിക്കിടെ ടീം വിട്ടത്. ഏഴു തവണ ബാലൺ ദി ഓർ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്. ഖത്തറിൽ ഫ്രാൻസിനെ ഷൂട്ടൗട്ടിൽ കീഴടക്കിയായിരുന്നു ലോകകിരീടം ലാറ്റിൻ അമേരിക്കയിലെത്തിച്ചത്. ഫൈനലിലടക്കം ഈ ലോകകപ്പിൽ അഞ്ചു തവണ കളിയിലെ താരമായാണ് ഗോൾഡൻ ബൂട്ട് മാറോടുചേർത്തത്.
അതേ സമയം, മുൻനിര താരങ്ങൾ പന്തുതട്ടിയിട്ടും പി.എസ്.ജി ഇതുവരെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിട്ടില്ല. അത് മെസ്സിക്കൊപ്പം പാരിസിലെത്തിക്കാനാകുമെന്നാണ് ടീമിന്റെ കണക്കുകൂട്ടൽ. മെസ്സിക്കു പുറമെ നെയ്മർ, എംബാപ്പെ എന്നീ കരുത്തർ മുന്നിലണിനിരക്കുന്ന ടീം യൂറോപിലെ ഏറ്റവും മികച്ച നിര തന്നെ സ്വന്തമായുള്ളവരാണെങ്കിലും ചാമ്പ്യൻ ക്ലബിനായുള്ള പോരിൽ പലപ്പോഴും നേരത്തെ മടങ്ങുന്നതാണ് പതിവ്. അത് ഇത്തവണ മാറുമെന്നാണ് പ്രതീക്ഷ. ഗ്രൂപിലെ രണ്ടാമന്മാരായാണ് ഫെബ്രുവരി 14ന് ആരംഭിക്കുന്ന നോക്കൗട്ട് ഘട്ടത്തിൽ പി.എസ്.ജി കടന്നുകയറിയത്. നാപോളി, ബയേൺ, ചെൽസി, റയൽ, മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ഇന്റർ മിലാൻ, എ.സി മിലാൻ, ബൊറൂസിയ ഡോർട്മണ്ട്, ലീപ്സിഷ് തുടങ്ങിയ ടീമുകളും നോക്കൗട്ടിലെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.