സാമുറായ് പടയൊരുങ്ങി; ആദ്യം പറന്നിറങ്ങും
text_fieldsദോഹ: ലോകകപ്പ് ആതിഥേയ നഗരിയിലെ ബഹുനില കെട്ടിടത്തിനു മുകളിൽ നായകൻ മായാ യോഷിദോയുടെ തലയെടുപ്പുള്ള ചിത്രം കാണണം. വിശ്വമേളയിൽ പന്തു തട്ടുന്ന ടീമുകളുടെ പ്രധാന താരങ്ങളുടെ കൂറ്റൻ ചിത്രങ്ങൾ അലങ്കരിച്ച് അവരെ വരവേൽക്കുന്നതിന്റെ ഭാഗമാണ് മായാ യോഷിദയും ദോഹയുടെ കണ്ണായ ദിക്കിൽ ഇടം നേടിയത്.
തൊട്ടരികിലായിത്തന്നെ വലിയൊരു കെട്ടിടത്തിൽ ആരാധകരുടെ ആവേശവും പകർത്തിവെച്ചാണ് ഖത്തർ സാമുറായ്സിനെ വരവേൽക്കുന്നത്. ലോകകപ്പ് വേദിയിലേക്ക് ആദ്യമായി പറന്നിറങ്ങാൻ ഒരുങ്ങുന്ന ജപ്പാൻ ടീമിനെ ചൊവ്വാഴ്ച പ്രഖ്യാപിച്ചതോടെ ആവേശം അത്യുന്നതിയിലായി. ടോക്യോയിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് കോച്ച് ഹജിമെ മൊറിയാസു 26 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
ലോകകപ്പിനുള്ള 32 ടീമുകളിൽ അന്തിമ സംഘത്തെ പ്രഖ്യാപിക്കുന്ന ആദ്യ ടീം കൂടിയാണ് സാമുറായ്സ്. മുൻ ഏഷ്യൻ ചാമ്പ്യന്മാർ കൂടിയായ നീലപ്പട നവംബർ ഏഴിന് ഖത്തറിലെത്തും. ലോകകപ്പ് വേദിയിലേക്ക് പറന്നിറങ്ങുന്ന ആദ്യ സംഘവുമാണ് തകുമോ അസാനോ, മുൻ ലിവർപൂൾ താരം കൂടിയായ മൊണാകോയുടെ തകുമി മിനാമിനോ, സീനിയർതാരം യൂടോ നഗതുമോ എന്നിവരടങ്ങിയ ടീം.
ഏഴിന് ഖത്തറിലെത്തുന്ന ടീം നവംബർ 17ന് ദുബൈയിലെത്തി കാനഡയുമായി തങ്ങളുടെ അവസാന സന്നാഹ മത്സരത്തിൽ പന്തു തട്ടും. ഗ്രൂപ് 'ഇ'യിൽ സ്പെയിൻ, കോസ്റ്ററീക, ജർമനി എന്നിവർക്കൊപ്പമാണ് ജപ്പാൻ കളിക്കുന്നത്. പഞ്ചനക്ഷത്ര ഹോട്ടലായ റാഡിസൺ ബ്ലൂ ഹോട്ടലിലാണ് ടീമിന്റെ താമസം. അൽ സദ്ദിന്റെ വേദിയിലാണ് പരിശീലനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.