64 മാച്ചിനും ഗാലറിയിൽ; ഗിന്നസ് റെക്കോഡിൽ ഇനി തിയോ
text_fieldsദോഹ: അൽ ബെയ്ത് മുതൽ ലുസൈൽ വരെ 29 ദിവസത്തിനുള്ളിൽ 64 സ്റ്റേഡിയങ്ങളിലും ഓടിയെത്തി റെക്കോഡ് കുറിക്കുന്നത് വരെ തിയോ ഒഗ്ഡൻെറ ലക്ഷ്യം അസാധ്യം തന്നെയായിരുന്നു. എന്നാൽ, ഡിസംബർ 18ഓടെ ‘ദി ഇംപോസിബ്ൾ ചാലഞ്ച്’എന്ന ആ വെല്ലുവിളി ഏറ്റെടുത്ത് പൂർത്തിയാക്കിയിരിക്കുകയാണ് ബ്രിട്ടീഷ് യൂട്യൂബറായ 21കാരൻ തിയോ. ലോകകപ്പിലെ മുഴുവൻ മത്സരങ്ങളും സ്റ്റേഡിയത്തിലെത്തി കണ്ട ആദ്യ താരം എന്ന റെക്കോഡുമായി ‘ഗിന്നസ് വേൾഡ് റെക്കോഡ് ബുക്കിൽ ഇടവും നേടി.
ക്രിപ്റ്റോ ഡോട്കോം, കോപ90 എന്നിവരുടെ ചലഞ്ച് ഏറ്റെടുത്താണ് തിയോ ഖത്തറിലെ അസാധ്യമായ സ്വപ്നത്തിലേക്ക് ഇറങ്ങിതിരിച്ചത്. പിന്നെ നവംബർ 20മുതൽ ഡിസംബർ 18 വരെ വിശ്രമമില്ലാത്ത ഓട്ടമായിരുന്നു. സ്റ്റേഡിയങ്ങളിലെത്തുക മാത്രമല്ല, എല്ലാ വേദികളിൽ നിന്നും തൻെറ ലൈവ് വീഡിയോ യൂട്യൂബ് ചാനലിൽ പങ്കുവെക്കുകയും ചെയ്തു. ഗ്രൂപ്പ് റൗണ്ടിലെ ഒരേസമയം രണ്ടു മത്സരങ്ങൾ നടന്ന ദിവസങ്ങളിൽ ഹാഫ് ടൈം ഇടവേളകളിൽ ഒരു കളി മതിയാക്കി മറ്റൊരു വേദിയിലേക്ക് സഞ്ചരിച്ചായിരുന്നു തിയോ ദൗത്യം പൂർത്തിയാക്കിയത്.
വ്യത്യസ്ത സമയങ്ങളിലായി നാലു മത്സരങ്ങൾ നടന്നപ്പോൾ അവിടെയും മുടങ്ങാതെ എത്തി. എല്ലാ മത്സരങ്ങളുടെയും വീഡിയോയും ഗാലറിയിലെ തൻെറ ആഘോഷവും പങ്കുവെച്ചു. ഇപ്പോൾ നാട്ടിൽ മടങ്ങിയെത്തിയ ശേഷം തൻെറ ലോകകപ്പ് യാത്രകൾ വിവരിക്കുന്ന വിഡിയോയും @thogden എന്ന യൂട്യൂബ് ചാനലിൽ ഇദ്ദേഹം പങ്കുവെക്കുകയും ചെയ്തു.
ലോകകപ്പിന് മുമ്പ് രണ്ടര ലക്ഷമായിരുന്നു തിയോയെ പിന്തുടർന്നവരെങ്കിൽ ഇപ്പോഴത് 11.5 ലക്ഷമായി ഉയർന്നു. ലോകകപ്പ് ചരിത്രത്തിൽ എല്ലാ മത്സരങ്ങൾക്കും ഗാലറിയിലെത്തിയ ആദ്യ ആരാധകൻ എന്ന റെക്കോഡിൻെറ സാക്ഷ്യ പത്രം ഗിന്നസ് ബുക്സ് അധികൃതർ സമ്മാനിക്കുക കൂടി ചെയ്തതോടെ തിയോ താരമായി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.