യൂറോയിൽ ഇന്ന് ക്വാർട്ടർ ക്ലാസിക്കോ; ജർമനി സ്പെയിനിനെയും ഫ്രാൻസ് പോർചുഗലിനെയും നേരിടും
text_fieldsബർലിൻ: യൂറോ 2024ലെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് തുടക്കം കുറിക്കുമ്പോൾ, കിരീട സാധ്യതകളിൽ മുന്നിലുള്ള നാലിൽ രണ്ട് ടീമുകൾക്ക് ഇന്ന് മടക്ക ടിക്കറ്റ് ലഭിക്കും. നാല് മുൻ ചാമ്പ്യന്മാരാണ് മുഖാമുഖം വരുന്നത്. ഫലം തീർത്തും പ്രവചനാതീതമായ ആദ്യ ക്വാർട്ടറിൽ സ്പെയിനും ആതിഥേയരായ ജർമനിയും ഏറ്റുമുട്ടും. സ്റ്റുട്ട്ഗർട്ടിൽ എം.എച്ച്.പി അറീനയിൽ വെള്ളിയാഴ്ച 9.30നാണ് കളി. 12.30ന് ഹാംബർഗിൽ വോൾക്സ്പാർക് സ്റ്റേഡിയത്തിൽ ഫ്രാൻസും പോർചുഗലും പോരിനിറങ്ങും.
യമാൽ Vs ജമാൽ
തോൽവിയറിയാതെ കയറിയെത്തിയവരാണ് സ്പെയിനും ജർമനിയും. കരുത്തരും നിലവിലെ ചാമ്പ്യന്മാരുമായ ഇറ്റലിയും ക്രൊയേഷ്യയും അൽബേനിയയും ആർമഡക്ക് മുന്നിൽ അടിയറവ് പറഞ്ഞു. ജോർജിയയായിരുന്നു പ്രീക്വാർട്ടറിൽ എതിരാളി. ഒരു ഗോൾ വഴങ്ങിയ സ്പാനിഷ് പട തിരിച്ചടിച്ചത് നാലെണ്ണം. അവസാന അഞ്ച് യൂറോകളിൽ നാലിലും സെമി കളിച്ച സ്പെയിൻ ഇത്തവണ ഗ്രൂപ് ഘട്ടത്തിൽ ക്ലീൻ ചിറ്റ് ലഭിച്ചാണ് മുന്നേറിയത്. നാലു കളികളിൽ ആകെ വഴങ്ങിയത് ഒരു ഗോൾ. ഇളമുറക്കാരായ ലമീൻ യമാലും നിക്കൊ വില്യംസും മുന്നേറ്റത്തിലുണ്ടാവും. പരിചയസമ്പന്നരായ ഫെറാൻ ടോറസും ഹൊസേലുവുമൊക്കെ ചേരുമ്പോൾ ചെമ്പട അജയ്യരാവും. ഗ്രൂപ് ഘട്ടത്തിൽ സ്കോട്ട്ലൻഡിനെയും ഹംഗറിയെയും തകർത്ത ജർമനി സ്വിറ്റ്സർലൻഡിനോട് സമനില വഴങ്ങി. ഡാനിഷ് വെല്ലുവിളി മറികടന്നാണ് അവസാന എട്ടിൽ സീറ്റ് പിടിച്ചത്. ഇതുവരെ അടിച്ചുകൂട്ടിയത് പത്ത് ഗോളുകൾ. വന്നുവീണത് രണ്ടെണ്ണം മാത്രം. ഗോളടി വീരന്മാരായ ജമാൽ മൂസിയാലയിലും കായ് ഹാവർട്ട്സിലും വലിയ പ്രതീക്ഷയർപ്പിക്കുന്നുണ്ട് നാട്ടുകാർ.
ക്രിസ്റ്റ്യാനോയും എംബാപ്പെയും
ഫ്രഞ്ച് ആരാധകരെ അത്ര ആശിപ്പിക്കുന്നതല്ല കിലിയൻ എംബാപ്പെയുടെയും സംഘത്തിന്റെയും പ്രകടനം. ഗ്രൂപ് മത്സരങ്ങളിൽ നെതർലൻഡ്സിനോടും പോളണ്ടിനോടും സമനില വഴങ്ങിയ ടീം ഓസ്ട്രിയയെ സെൽഫ് ഗോളിൽ തോൽപിച്ചതിന്റെ ബലത്തിലാണ് നോക്കൗട്ടിലെത്തിയത്. കരുത്തരായ ബെൽജിയത്തോട് പ്രീക്വാർട്ടറിൽ മുട്ടിയപ്പോൾ ഓൺ ഗോളിൽതന്നെ രക്ഷപ്പെട്ടു. നാല് കളികളിൽ ടീം നേടിയ മൂന്ന് ഗോളുകളിൽ രണ്ടെണ്ണം സെൽഫും ഒന്ന് പെനാൽറ്റിയുമാണ്. നാലിൽ മൂന്നിലും ലഭിച്ച ക്ലീൻ ചിറ്റാണ് ആശ്വാസം. ആകെ ഒരു ഗോൾ വഴങ്ങിയതും പെനാൽറ്റി ആയിരുന്നു.
മറുഭാഗത്ത്, അവസാന യൂറോ കപ്പ് കളിക്കുന്ന ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ താളം കണ്ടെത്താൻ വിഷമിക്കുന്നത് തെല്ലൊന്നുമല്ല പോർചുഗലിനെ കുഴക്കുന്നത്. ഇതുവരെ ഒരു ഗോൾ പോലും നേടാൻ ക്രിസ്റ്റ്യാനോക്കായിട്ടില്ല. പ്രീക്വാർട്ടറിൽ സ്ലൊവീനിയക്കെതിരെ നിർണായക പെനാൽറ്റി തുലക്കുകയുംചെയ്തു. ഗ്രൂപ് ഘട്ടത്തിൽ ചെക് റിപ്പബ്ലിക്കിനെയും തുർക്കിയയെയും തോൽപിച്ച പറങ്കിപ്പട ജോർജിയയോട് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി. ഗോൾരഹിതമായി അവസാനിച്ച പ്രീക്വാർട്ടറിൽ ഗോളി ഡിയോഗോ കോസ്റ്റോയുടെ തകർപ്പൻ സേവുകളിലാണ് ടീം രക്ഷപ്പെട്ടത്. കൗമാരക്കാരൻ ജൊആവൊ നെവസടക്കം അണിനിരക്കുന്ന പോർചുഗലിനെ എഴുതിത്തള്ളാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.