വംശീയാധിക്ഷേപം; ബാഴ്സലോണക്ക് പിഴയിട്ട് യുവേഫ
text_fieldsപാരിസ്: ചാമ്പ്യൻസ് ലീഗിൽ പാരിസ് സെന്റ് ജെർമെയ്നെതിരായ (പി.എസ്.ജി) പോരാട്ടത്തിൽ എതിർ താരങ്ങൾക്ക് നേരെ ആരാധകർ വംശീയാധിക്ഷേപം നടത്തിയതിന് ബാഴ്സലോണക്ക് പിഴയിട്ട് യുവേഫ. പി.എസ്.ജിയുടെ ഹോം ഗ്രൗണ്ടായ പാർക് ഡെ പ്രിൻസസിൽ പടക്കവും മറ്റുമെറിഞ്ഞ് നാശനഷ്ടം വരുത്തിയ കുറ്റവുമടക്കം 32000 യൂറോയാണ് ബാഴ്സ പിഴയടക്കേണ്ടത്. ടീമിന്റെ അടുത്ത എവേ മത്സരത്തിന് ആരാധകർക്ക് ടിക്കറ്റ് വിൽക്കുന്നതിനും വിലക്കുണ്ട്.
ക്വാർട്ടർ ഫൈനലിന്റെ രണ്ടാംപാദ മത്സരത്തിനെത്തിയപ്പോഴായിരുന്നു ബാഴ്സ ആരാധകർ ഉസ്മാൻ ഡെംബലെ ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം നടത്തിയത്. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ 4-1ന് പി.എസ്.ജിയോട് തോറ്റതോടെ ടീം ചാമ്പ്യൻസ് ലീഗിൽനിന്ന് പുറത്തായിരുന്നു. ആദ്യ പാദത്തിൽ ബാഴ്സ 3-2ന് വിജയിച്ചിരുന്നു. ആദ്യ പകുതിയുടെ 40ാം മിനിറ്റ് വരെ മുന്നിട്ടുനിന്ന ശേഷമായിരുന്നു ബാഴ്സയുടെ പരാജയം. 29ാം മിനിറ്റിൽ റൊണാൾഡ് അറൗജോ ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് ബാഴ്സക്ക് തിരിച്ചടിയായത്.
ബൊറൂസിയ ഡോട്ട്മുണ്ടാണ് സെമി ഫൈനലിൽ പി.എസ്.ജിയുടെ എതിരാളികൾ. ആദ്യപാദ മത്സരം ഏപ്രിൽ 30നും രണ്ടാം പാദം മേയ് ഏഴിനും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.