ഇംഗ്ലീഷ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം: 1000ത്തിലേറെ ട്വീറ്റുകൾ നീക്കി; നൂറുകണക്കിന് അക്കൗണ്ടുകൾ പൂട്ടി
text_fieldsലണ്ടൻ: യൂറോ കപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഇംഗ്ലീഷ് ഫുട്ബാൾ ടീം അംഗങ്ങളായ കൗമാര താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ആയിരക്കണക്കിന് ട്വീറ്റുകൾ ട്വിറ്റർ നീക്കി. വംശീയാധിക്ഷേപ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ട നൂറു കണക്കിന് ആരാധകരുടെ അക്കൗണ്ടുകൾ മൈക്രോബ്ലോഗിങ് സൈറ്റ് അടച്ചുപൂട്ടുകയും ചെയ്തു.
ഇറ്റലിക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോറ്റതിന് പിന്നാെലയായിരുന്നു മാർകസ് റാഷ്ഫോഡ്, ജേഡൻ സാഞ്ചോ, ബുകായോ സാക എന്നീ താരങ്ങൾക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വംശീയാധിക്ഷേപമുയർന്നത്. ഷൂട്ടൗട്ടിൽ കൗമാര താരങ്ങളായ മാർകസ് റാഷ്ഫോഡിന്റെയും ജേഡൻ സാഞ്ചോയുടേയും ബുകായി സാക്കയുടേയും കിക്കുകൾ പിഴച്ചതോടെയാണ് ഇറ്റലി യൂറോയിൽ രണ്ടാം മുത്തമിട്ടത്.
'ഇന്നലെ രാത്രി ഇംഗ്ലണ്ട് കളിക്കാരെ വംശീയ അധിക്ഷേപിച്ച നടപടികൾക്ക് ട്വിറ്ററിൽ യാതൊരു സ്ഥാനവുമില്ല. 24 മണിക്കൂറിനുള്ളിൽ മെഷീൻ ലേണിങ് അധിഷ്‌ഠിത ഓട്ടോമേഷന്‍റെയും അവലോകനത്തിന്റെയും അടിസ്ഥാനത്തിൽ ഞങ്ങൾ 1000 ട്വീറ്റുകൾ വേഗത്തിൽ നീക്കി. ഞങ്ങളുടെ നിയമങ്ങൾ ലംഘിച്ച നിരവധി അക്കൗണ്ടുകൾക്ക് ശാശ്വതമായി പൂട്ടിടുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സാങ്കേതികവിദ്യ ഉപയോഗിച്ച് ഞങ്ങൾ സ്വയം കണ്ടെത്തി. ഞങ്ങളുടെ നയങ്ങൾ ലംഘിക്കുന്ന ഏതെങ്കിലും ട്വീറ്റുകളോ അക്കൗണ്ടുകളോ തിരിച്ചറിഞ്ഞാൽ തുടർന്നും നടപടികൾ സ്വീകരിക്കും' -ട്വിറ്റർ വക്താവ് വാർത്താ ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.
വംശീയ അധിക്ഷേപങ്ങൾക്കെതിരെ പ്രതിഷേധവുമായി ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസൻ, ലണ്ടൻ മേയർ സാദിഖ് ഖാൻ, ഇംഗ്ലണ്ട് ഫുട്ബാൾ അസോസിയേഷൻ, ഇംഗ്ലീഷ് ക്രിക്കറ്റ് താരങ്ങൾ എന്നിവർ രംഗത്തെത്തിയിരുന്നു.
ഈ ഇംഗ്ലണ്ട് ടീം പ്രശംസയാണ് അർഹിക്കുന്നത്, വംശീയ അധിക്ഷേപമല്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ട്വീറ്റ് ചെയ്തു. ഈ ടീം കുടിയേറ്റക്കാരില്ലാതെ നിലനിൽക്കില്ലെന്നും രാജ്യത്തിന്‍റെ വൈവിധ്യം അംഗീകരിക്കുകയും ആഘോഷിക്കുകയും വേണമെന്നും ലണ്ടൻ മേയർ സാദിഖ് ഖാൻ ട്വീറ്റ് ചെയ്തു.
സോഷ്യൽ മീഡിയയിൽ ഇംഗ്ലണ്ട് കളിക്കാരെ ലക്ഷ്യം െവച്ചുള്ള വംശീയാധിക്ഷേപങ്ങളെ ഇംഗ്ലീഷ് ഫുട്ബാൾ അസോസിയേഷൻ ശക്തമായി അപലപിച്ചു. ഇത്തരം മ്ലേച്ചമായ കാര്യങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവർക്ക് ഏറ്റവും കഠിന ശിക്ഷ ലഭിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും ഞങ്ങളുടെ താരങ്ങളെ പരിപൂർണമായി പിന്തുണക്കുമെന്നും എഫ്.എ പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.