രാഹുൽ ബ്ലാസ്റ്റേഴ്സ് വിട്ടു; ഇനി ഒഡിഷ എഫ്.സിക്കൊപ്പം
text_fieldsകൊച്ചി: മലയാളി യുവ താരം രാഹുൽ കെ.പി കേരള ബ്ലാസ്റ്റേഴ്സ് വിട്ടു. ബ്ലാസ്റ്റേഴ്സ് അവരുടെ ഔദ്യോഗിക സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പിന്നാലെ താരം ഒഡിഷ എഫ്.സിയുമായി കരാറൊപ്പിട്ടു. പെർമനന്‍റ് ട്രാൻസ്ഫറിലാണ് താരം ഒഡിഷയിലെത്തിയത്. 2026-27 സീസൺ വരെയാണ് കലിംഗ വാരിയേഴ്സുമായി കരാറുള്ളത്. ഒരു വർഷം കൂടി നീട്ടാനുള്ള ഓപ്ഷനും കരാറിലുണ്ട്. 2019ലാണ് 24കാരനായ രാഹുൽ ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമാകുന്നത്. എട്ട് ഗോളുകള്‍ നേടിയ താരം 81 തവണ ക്ലബിനുവേണ്ടി ബൂട്ടണിഞ്ഞു.
സീസണില്‍ 11 തവണ ക്ലബിനായി കളത്തിലിറങ്ങിയ താരം, ചെന്നൈയിനെതിരായ മത്സരത്തില്‍ ഒരുഗോളും നേടി. ജംഷദ്പുരിനെതിരായ മത്സരത്തിലാണ് അവസാനമായി താരം ബ്ലാസ്റ്റേഴ്‌സിനുവേണ്ടി ഇറങ്ങിയത്. ഞായറാഴ്ച നടന്ന പഞ്ചാബിനെതിരായ മത്സരത്തില്‍ ടീമിലുണ്ടായിരുന്നില്ല. ജനുവരി 1-ന് കൊച്ചിയില്‍ ഒഡിഷക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം.
കഴിഞ്ഞ ദിവസം പ്രതിരോധ താരം പ്രബീർ ദാസിനെ ലോൺ ഉടമ്പടിയിൽ മുംബൈ സിറ്റി എഫ്.സിയിലേക്ക് വിട്ടിരുന്നു. ഈ വർഷം മേയ് മാസത്തിൽ കരാർ അവസാനിക്കുന്ന പ്രബീർ ഇനി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചുവരവുണ്ടായേക്കില്ല.
പ്രതിരോധ താരം പ്രീതം കോട്ടാൽ, അമാവിയ തുടങ്ങിയവരുടെ പേരുകളും ട്രാൻസ്ഫർ ചർച്ചകളിൽ സജീവമാണ്. പുതിയ പ്രതിരോധ താരങ്ങളെ എത്തിക്കാനുള്ള നീക്കവും ബ്ലാസ്റ്റേഴ്സ് നടത്തുന്നുണ്ട്. ചെന്നൈയിൻ എഫ്.സി പ്രതിരോധ താരമായ ബികാശ് യുംനാൻ ബ്ലാസ്റ്റേഴ്സിലെത്തുമെന്നും സൂചനകൾ ഉണ്ട്.
നിലവിൽ മുഖ്യ പരിശീലകൻ ഇല്ലാതെ കളിക്കുന്ന ബ്ലാസ്റ്റേഴ്സിന് പുതിയ വിദേശ പരിശീലകൻ എത്താൻ വൈകുമെന്നാണ് റിപ്പോർട്ട്. ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് ഡിസംബർ 16നാണ് സ്വീഡിഷ് പരിശീലകനായിരുന്ന മൈക്ൾ സ്റ്റാറേയെ ക്ലബ് പുറത്താക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.