മികച്ച താരം മെസ്സി, ഇഷ്ടം റൊണാൾഡോയോട്; കാരണം വെളിപ്പെടുത്തി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ഫുട്ബാളിൽ ലയണൽ മെസ്സിയാണ് മികച്ച താരമെങ്കിലും ഇഷ്ടതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ക്രിക്കറ്റിനേക്കാൾ ഫുട്‌ബാളിനോടാണ് ഇഷ്ടമെന്നും രാഹുൽ പറഞ്ഞു. ന്യൂഡൽഹിയിൽ ഡാൽമിയ സിമന്റ് സംഘടിപ്പിച്ച 'ദ കോണ്‍ക്ലേവ് 2023'ലെ 'റാപിഡ് ഫയര്‍' സെഷനില്‍ ആണ് രാഹുൽ മനസ്സ് തുറന്നത്. ‘കളിയുടെ കാര്യമെടുത്താൽ മെസ്സിയാണ് മികച്ച ഫുട്‌ബാൾ താരം. ക്രിസ്റ്റ്യാനോയുടെ കാരുണ്യമാണ് തന്റെ ആകർഷിച്ചത്. എന്നാൽ, ഞാനൊരു ഫുട്‌ബാൾ ടീം നടത്തുകയാണെങ്കിൽ ഒരുപക്ഷെ മെസ്സിയെ ആയിരിക്കും തെരഞ്ഞെടുക്കുക''-ഒരാളെ പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ രാഹുലിന്‍റെ മറുപടി ഇങ്ങനെയായിരുന്നു.
ക്രിക്കറ്റിൽ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവരിൽ ആരെയാണ് ഇഷ്ടമെന്ന ചോദ്യത്തിന് ഞാനൊരു വലിയ ക്രിക്കറ്റ് ആരാധകനല്ലെന്നും അങ്ങനെ പറയുന്നത് അത്ര നല്ല കാര്യമല്ലെന്ന് അറിയാമെന്നും രാഹുൽ പ്രതികരിച്ചു. ക്രിക്കറ്റാണോ ഫുട്‌ബാളാണോ അതല്ല, മറ്റേതെങ്കിലും കായിക ഇനമാണോ ഇഷ്ടം എന്നു ചോദിച്ചപ്പോൾ ഫുട്‌ബാൾ എന്നായിരുന്നു മറുപടി.
ഭാരത് ജോഡോ താടിയാണോ ക്ലീൻഷേവാണോ ഇഷ്ടമെന്ന അവതാരകന്റെ ചോദ്യം രാഹുലിന്റെ മുഖത്ത് മാത്രമല്ല, സദസ്സിലും ചിരിപടർത്തി. താടിയുണ്ടോ ഇല്ലയോ എന്നൊന്നും എന്റെ ചിന്തയിലേ ഉണ്ടാകാറില്ലെന്നും എല്ലാറ്റിലും തൃപ്തനാണെന്നുമായിരുന്നു വിശദീകരണം. ഭാരതം, ഇന്ത്യ... ഇതിൽ ഏതു തെരഞ്ഞെടുക്കുമെന്ന് ചോദിച്ചപ്പോൾ ‘ഇന്ത്യ എന്ന ഭാരതം’ എന്നായിരുന്നു മറുപടി.
രാഷ്ട്രീയക്കാരനാകുമായിരുന്നില്ലെങ്കിൽ എന്തും ആകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയക്കാരൻ തന്നിലുള്ള ഒരു ഭാഗം മാത്രമാണ്. സഹോദരിയുടെ മകനോടും അവന്റെ സുഹൃത്തുക്കളോടും സംസാരിച്ചിരിക്കുമ്പോൾ താനൊരു അധ്യാപനാകും, അടുക്കളയിലാണെങ്കിൽ പാചകക്കാരനും. എല്ലാവർക്കും പല മുഖങ്ങളുണ്ടാകും. പക്ഷെ, അക്കൂട്ടത്തിൽ ഒരു കണ്ണിലൂടെയായിരിക്കും നോക്കിക്കാണുക. അക്കൂട്ടത്തിൽ ഒന്നുമാത്രമാണ് തന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയക്കാരൻ. ജീവിതം ഒരു യാത്രയായാണ് താൻ കാണുന്നതെന്നും രാഹുൽ വിശദീകരിച്ചു.
നെറ്റ്ഫ്ലിക്‌സിലെ ആസ്വദനത്തേക്കാൾ വർക്കൗട്ട് ചെയ്യാനാണ് ഇഷ്ടം. ഇന്ത്യൻ, ചൈനീസ് ഭക്ഷണങ്ങളോട് ഒരുപോലെ പ്രിയമുണ്ട്. ആയോധനകലകളും സ്‌കൂബ ഡൈവിങ്ങും ഇഷ്ടമാണ്. പക്ഷെ, സാഹചര്യത്തിനനുസരിച്ചായിരിക്കും രണ്ടിനോടുമുള്ള താൽപര്യം. ഡൽഹിയിൽ ജോലിയിലാണെങ്കിൽ ആയോധന കലകൾ ചെയ്യും. മറ്റൊരു സ്ഥലത്തു പോയി ചെയ്യേണ്ടതാണ് സ്‌കൂബാ ഡൈവിങ്.
ഗോഡ്ഫാദർ, ഡാർക് നൈറ്റ്‌സ് എന്നീ ഹോളിവുഡ് ചിത്രങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാൻ പറഞ്ഞപ്പോൾ കുറച്ച് പ്രശ്‌നമുള്ള ചോദ്യമാണെന്ന് പറഞ്ഞ രാഹുൽ, രണ്ടും ആഴമുള്ള ചിത്രങ്ങളാണെന്നും രണ്ടും പ്രിയപ്പെട്ടതാണെന്നും പറഞ്ഞ് രക്ഷപ്പെട്ടു. സമൂഹ മാധ്യമങ്ങളിൽ റീൽസ് കാണുന്നതിനേക്കാൾ ആ സമയം പുസ്തകം വായിക്കാനാണ് ഇഷ്ടം. കാർ ഡ്രൈവ് ചെയ്യുന്നതും ബൈക്ക് റൈഡിങ്ങും ഒരുപോലെയാണ്. രണ്ടിനും ഏകാഗ്രത വേണമെന്നും രാഹുൽ പറഞ്ഞു.
പ്രണയം ആരോടാണെന്ന ചോദ്യത്തിന് അമ്മയും സഹോദരിയും കായികതാരവും മറ്റാരുമാകാം എന്നായിരുന്നു മറുപടി. കൂട്ടത്തിൽ രണ്ടുപേരെ പറയണമെന്ന് പറഞ്ഞപ്പോൾ അമ്മ, സഹോദരി, ചില സുഹൃത്തുക്കൾ, അടുത്തായി എന്റെ പട്ടിക്കുട്ടിയെ വരെ ഇഷ്ടമാണെന്നും പറഞ്ഞ് തടിയൂരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.