വോൾവ്സിനോട് വിറച്ച് ജയിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്
text_fieldsപ്രീമിയർ ലീഗ് സീസണിലെ ആദ്യ മത്സരം വിറച്ച് ജയിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. സ്വന്തം തട്ടകമായ ഓൾഡ്ട്രാഫോർഡിൽ വോൾവ്സിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് എറിക് ടെൻ ഹാഗും സംഘവും ജയം സ്വന്തമാക്കിയത്.
മത്സരത്തിന്‍റെ 76ാം മിനിറ്റിൽ ഫ്രഞ്ച് താരം റാഫേൽ വരാനെയാണ് യുനൈറ്റഡിന്‍റെ വിജയഗോൾ നേടിയത്. സീസണിൽ മികച്ച തുടക്കം ആഗ്രഹിച്ച് കളത്തിലിറങ്ങിയ യുനൈറ്റഡിന് വലിയ വെല്ലുവിളിയാണ് വോൾവ്സിൽനിന്ന് നേരിട്ടത്. ആദ്യ പകുതിയിൽ വോൾവ്സ് എതിരാളികളെ ശരിക്കും വിറപ്പിച്ചു. നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. യുനൈറ്റഡ് താളം കണ്ടെത്താൻ ഏറെ പ്രസായസപ്പെട്ടു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ വോൾവ്സിന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും മാത്യുസ് കുന്യയുടെ ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. ഗോൾകീപ്പർ ആന്ദ്രെ ഒനാനയുടെ മികച്ച സേവുകളാണ് പലപ്പോഴും യുനൈറ്റഡിന്‍റെ രക്ഷക്കെത്തിയത്. പിന്നാലെ എറിസ്കണെയും സാഞ്ചോയെയും കളത്തിൽ ഇറക്കി. ഈ മാറ്റങ്ങൾ യുനൈറ്റഡിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
ആക്രമിച്ചു കളിച്ച യുനൈറ്റഡിന് 76ാം മിനിറ്റിൽ ഫലമുണ്ടായി. വാൻ ബിസാക നൽകിയ ക്രോസ് ഹെഡറിലൂടെ വരാനെ വലയിലാക്കി. സമനില ഗോളിനായി വോൾവ്സ് മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഒനാനയും യുനൈറ്റഡ് പ്രതിരോധവും വിഫലമാക്കി.
രണ്ടാം പകുതിയുടെ ഇൻജുറി ടൈമിന്‍റെ അവസാന നിമിഷം പെനാല്‍റ്റിക്കായി വോൾവ്സ് താരങ്ങൾ വാദിച്ചെങ്കിലും റഫറി അവഗണിച്ചു. ഒരു ക്രോസ് തടുക്കാന്‍ ശ്രമിക്കവെ ഗോളി ഒനാന, സ്ട്രൈക്കർ സാസ കലാസിച്ചിനെ ഫൗൾ ചെയ്തെന്നായിരുന്നു വോൾവ്സ് താരങ്ങളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.