റാഫിഞ്ഞക്ക് ഡബ്ൾ; അഞ്ചടിച്ച് ബാഴ്സ വീണ്ടും വിജയവഴിയിൽ
text_fieldsമഡ്രിഡ്: ലാ ലിഗയിൽ തകർപ്പൻ ജയവുമായി ബാഴ്സലോണയുടെ തിരിച്ചുവരവ്. മല്ലോർക്കയെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഹാൻസി ഫ്ലിക്കും സംഘവും വീഴ്ത്തിയത്.
നായകൻ റാഫിഞ്ഞ ഇരട്ടഗോളുമായി തിളങ്ങി. കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ രണ്ടു തോൽവിയും ഒരു സമനിലയുമായി ആരാധകരെ നിരാശപ്പെടുത്തിയ ബാഴ്സ, ജയത്തോടെ ബദ്ധവൈരികളായ റയൽ മഡ്രിഡുമായി ലീഡ് നാലാക്കി ഉയർത്തി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഫെറാൻ ടോറസ്, ഡച്ച് താരം ഫ്രെങ്കി ഡി ജോങ്, പാവ് വിക്ടർ എന്നിവരാണ് ബാഴ്സയുടെ മറ്റു സ്കോറർമാർ. വേദത് മുരിഖിയുടെ വകയായിരുന്നു മല്ലോർക്കയുടെ ആശ്വാസ ഗോൾ.
കഴിഞ്ഞ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ ലീഗിലെ ദുർബലരായ ലാസ് പാൽമാസിനോട് ബാഴ്സ ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു. ടോപ് സ്കോറർ റോബർട്ട് ലെവൻഡോവ്സ്കിയെ ബെഞ്ചിലിരുത്തി പകരം ടോറസിനെ കളിപ്പിക്കാനുള്ള ഫ്ലിക്കിന്‍റെ തീരുമാനം തെറ്റിയില്ല. മുൻ മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റതാരം പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് 12ാം മിനിറ്റിൽതന്നെ സന്ദർശകരെ മുന്നിലെത്തിച്ചു.
ഇടവേളക്കു പിരിയാൻ രണ്ടു മിനിറ്റ് ബാക്കി നിൽക്കെ, മുരിഖിയിലൂടെ മല്ലോർക്ക മത്സരത്തിൽ ഒപ്പമെത്തി. പാബ്ലോ മാഫിയോയാണ് ഗോളിന് വഴിയൊരുക്കിയത്. 56ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി റാഫിഞ്ഞ ബാഴ്സക്ക് വീണ്ടും ലീഡ് നേടികൊടുത്തു. കൗമാരതാരം ലമീൻ യമാലിനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. 74ാം മിനിറ്റിൽ യമാലിന്‍റെ ക്രോസിലൂടെ റാഫിഞ്ഞ ബാഴ്സയുടെ ലീഡ് ഉയർത്തി. പിന്നാലെ പകരക്കാരുടെ റോളിലെത്തിയ ഫ്രെങ്കി ഡി ജോങ്, പാവ് വിക്ടർ എന്നിവർ ബാഴ്സയുടെ ഗോൾ പട്ടിക പൂർത്തിയാക്കി.
അഞ്ചു മിനിറ്റിനുള്ളിലായിരുന്നു (79, 84 മിനിറ്റുകളിൽ) ഈ രണ്ടു ഗോളുകൾ. പന്തടക്കത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും ബാഴ്സക്കു തന്നെയായിരുന്നു ആധിപത്യം. 16 മത്സരങ്ങളിൽനിന്ന് 37 പോയന്‍റുമായാണ് ബാഴ്സ ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. രണ്ടാമതുള്ള റയലിന് 14 മത്സരങ്ങളിൽ 33 പോയന്‍റും. ശനിയാഴ്ച റയൽ ബെറ്റിസിനെതിരെയാണ് ബാഴ്സയുടെ അടുത്ത മത്സരം. മല്ലോർക്ക സെൽറ്റ വിഗോയെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.