Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവീണ്ടും റാഷ്ഫോഡ്...

വീണ്ടും റാഷ്ഫോഡ് ഫിനിഷ്; യൂറോപ ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡ് ക്വാർട്ടറിൽ

text_fields
bookmark_border
Manchester United
cancel

സെവിയ്യ: മാർകസ് റാഷ്ഫോഡിന്റെ ഫിനിഷിങ് മികവിൽ രണ്ടാം പാദവും ജയിച്ചുകയറി യൂറോപ ലീഗിൽ ക്വാർട്ടറിലേക്ക് മുന്നേറി മാഞ്ചസ്റ്റർ യുനൈറ്റഡ്. റിയൽ ബെറ്റിസിനെ എതിരില്ലാത്ത ഒറ്റ ഗോളിനാണ് ഇംഗ്ലീഷുകാർ കീഴടക്കിയത്. ആദ്യപാദത്തിൽ 4-1ന് മാഞ്ചസ്റ്റർ ജയിച്ചിരുന്നു.

മാഞ്ചസ്റ്ററുകാർക്കെതിരെ ഒപ്പത്തിനൊപ്പം പോരടിച്ചെങ്കിലും ജൊവാക്വിന്റെ തകർപ്പൻ ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചതും ജുവാൻമി രണ്ട് സുവർണാവസരങ്ങൾ തുലച്ചതും ബെറ്റിസിന് തിരിച്ചടിയായി. 55ാം മിനിറ്റിലാണ് റാഷ്ഫോഡിന്റെ ഗോൾ എത്തിയത്. ബോക്സിന് പുറത്തുനിന്നുള്ള തകർപ്പൻ ലോങ് റേഞ്ചർ വലയിൽ കയറുകയായിരുന്നു. ഇതോടെ ആതിഥേയരുടെ പോരാട്ട വീര്യവും ചോർന്നു. റാഷ്ഫോഡിന്റെ ടൂർണമെന്റിലെ ആറാം ഗോളായിരുന്നു ഇത്. സീസണിൽ 43 മത്സരങ്ങളിൽ 27ാമത്തെ ഗോളും. ലോകകപ്പിന് ശേഷം തകർപ്പൻ ഫോമിലുള്ള താരം 24 മത്സരങ്ങളിൽ 19 ഗോളാണ് അടിച്ചുകൂട്ടിയത്.

അസുഖം കാരണം ബ്രസീലുകാരൻ ആന്റണിയും കണങ്കാലിനേറ്റ പരിക്ക് കാരണം അർജന്റീനക്കാരൻ ഗർണാച്ചൊയും പുറത്തിരുന്നപ്പോൾ 21കാരൻ വിംഗർ ഫകുണ്ടോ പെല്ലസ്ട്രി മാഞ്ചസ്റ്ററിനായി ആദ്യമായി കളത്തിലിറങ്ങി.

ഇംഗ്ലീഷ് പ്രമിയർ ലീഗിൽ കിരീടത്തിലേക്ക് കുതിക്കുന്ന ആഴ്സണൽ പ്രീ-ക്വാർട്ടറിൽ തോറ്റ് പുറത്തായി. പോർച്ചുഗീസ് ക്ലബ് സ്​പോർട്ടിങ് ലിസ്ബണിനോട് പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടങ്ങിയാണ് ഗണ്ണേഴ്സ് മടങ്ങുന്നത്. ആദ്യ പാദത്തിൽ ഇരുടീമും രണ്ട് ഗോൾ വീതമടിച്ച് സമനിലയിൽ പിരിഞ്ഞതിനാൽ വിജയം മാത്രം ലക്ഷ്യമിട്ടിറങ്ങിയ ആഴ്സണൽ 1-1ന് സമനിലയിൽ കുടുങ്ങുകയായിരുന്നു. ഇതോടെ അഗ്രഗേറ്റ് സ്കോർ 3-3 എന്ന നിലയിലെത്തി. ഇരുനിരയും ഒപ്പത്തിനൊപ്പം പോരാടിയ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയെങ്കിലും വിജയഗോൾ പിറക്കാതിരുന്നതോടെ പെനാൽറ്റി ഷൂട്ടൗട്ട് വിധി നിർണയിക്കുകയായിരുന്നു. ഷൂട്ടൗട്ടിൽ 5-3നായിരുന്നു സ്​പോർട്ടിങ് ലിസ്ബണി​ന്റെ വിജയം.

19ാം മിനിറ്റിൽ ഗ്രാനിറ്റ് സാകയിലൂടെ ആഴ്സണൽ ലീഡ് നേടിയെങ്കിലും 62ാം മിനിറ്റിൽ പെരേര ഗോൺസാൽവസിലൂടെ സ്​പോർട്ടിങ് തിരിച്ചടിക്കുകയായിരുന്നു. 46 വാര അകലെനിന്നുള്ള ലോങ് റേഞ്ച് ഷോട്ടാണ് ഗണ്ണേഴ്സ് വലയിൽ കയറിയത്. എക്സ്ട്രാ ടൈമിൽ ആഴ്സണലിന്റെ പകരക്കാരൻ ലിയാൺഡ്രോ ട്രൊസ്സാർഡിന് സുവർണാവസരം ലഭിച്ചെങ്കിലും ഗോളി മാത്രം മുന്നിൽനിൽക്കെ പന്ത് പോസ്റ്റിലേക്കടിക്കുകയായിരുന്നു. അവസാന മിനിറ്റുകളിൽ ആഴ്സണൽ ഡിഫൻഡർ ഗബ്രിയേൽ രണ്ടുതവണ ഗോളിനടുത്തെത്തിയെങ്കിലും നിർഭാഗ്യം തിരിച്ചടിയായി. ഒരു തവണ ഹെഡർ ബാറിനെ തൊട്ടുരുമ്മി പുറത്തായപ്പോൾ രണ്ടാം തവണ ഗോൾലൈൻ സേവ് എതിരാളികളുടെ രക്ഷക്കെത്തി.

മറ്റൊരു മത്സരത്തിൽ മൂന്ന് തവണ ചാമ്പ്യന്മാരായ യുവന്റസ് പത്തുപേരായി ചുരുങ്ങിയ ഫ്രെയ്ബർഗിനെ 2-0ത്തിന് തോൽപിച്ച് ക്വാർട്ടറിൽ പ്രവേശിച്ചു. ദുസൻ വ്ലാഹോവിച്ചും ഫ്രെഡറികോ ചിയേസയുമാണ് ഇറ്റാലിയൻ ക്ലബിനായി ഗോൾ നേടിയത്. ആദ്യ പാദത്തിൽ യുവന്റസ് എതിരില്ലാത്ത ഒരു ഗോളിന് ജയിച്ചിരുന്നു.

ആറുതവണ ചാമ്പ്യന്മാരായ സെവിയ്യ ഫെനർബാഷെയോട് ഒരു ഗോളിന് തോറ്റെങ്കിലും ആദ്യപാദത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് ജയിച്ചതിന്റെ മുൻതൂക്കത്തിൽ മുന്നേറി. എന്നർ വലൻസിയയാണ് ഫെനർബാഷെക്കായി ഗോൾ നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:europa leagueMarcus RashfordManchester United FC
News Summary - Rashford finishes again; Manchester United in the Europa league quarter
Next Story