ലാലിഗയിൽ റയൽ മാഡ്രിഡിന് റയോയുടെ സമനിലക്കുരുക്ക്
text_fieldsലാലിഗയിൽ ഒന്നാമതുള്ള റയൽ മാഡ്രിഡിന് സമനിലക്കുരുക്ക്. റയോ വലെകാനോയാണ് റയലിനെ 1-1ന് തളച്ചത്. മത്സരം തുടങ്ങി മൂന്ന് മിനിറ്റിനകം ജൊസേലുവിലൂടെ റയൽ ലീഡ് പിടിച്ചു. വലതു വിങ്ങിൽനിന്ന് വാൽവെർദെ നൽകിയ ക്രോസ് ജൊസേലു വലയിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നു. 27ാം മിനിറ്റിൽ റയോ തിരിച്ചടിച്ചു. ബോക്സിൽ വെച്ച് എഡ്വാർഡോ കമവിംഗയുടെ കൈയിൽ പന്ത് തട്ടിയതിനെ തുടർന്ന് വി.എ.ആർ പരിശോധനയിലൂടെയാണ് റഫറി പെനാൽറ്റിയിലേക്ക് വിസിലൂതിയത്. കിക്കെടുത്ത റൗൾ ഡി തോമസ് പന്ത് അനായാസം പോസ്റ്റിലെത്തിച്ചു.
35ാം മിനിറ്റിൽ റയൽ ഗോളിനടുത്തെത്തിയെങ്കിലും ഷോട്ട് പോസ്റ്റിൽ തട്ടിത്തെറിച്ചത് തിരിച്ചടിയായി. ഇടവേളക്ക് തൊട്ടുമുമ്പ് റയോക്കും മികച്ച അവസരം ലഭിച്ചെങ്കിലും റയൽ ഗോൾകീപ്പർ വിലങ്ങിട്ടു. 80ാം മിനിറ്റിൽ ടോണി ക്രൂസിന്റെ തകർപ്പൻ ഫ്രീകിക്ക് റയോ ഗോൾകീപ്പർ ഇടത്തോട്ട് പറന്ന് തട്ടിയകറ്റി. ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനിറ്റിൽ എതിർതാരത്തെ ഇടിച്ചിട്ടതിന് അന്റോണിയോ കാർവജൽ ചുവപ്പുകാർഡ് കണ്ട് പുറത്തുപോകുന്നതിനും മത്സരം സാക്ഷിയായി.
സമനിലയോടെ റയലിന് 25 മത്സരങ്ങളിൽ 62 പോയന്റായി. ഒരു മത്സരം കുറച്ചു കളിച്ച ജിറോണ 56 പോയന്റുമായി രണ്ടാമതുണ്ട്. മൂന്നാമതുള്ള ബാഴ്സലോണക്ക് 25 മത്സരങ്ങളിൽ 54 പോയന്റുമാണുള്ളത്. അത്‍ലറ്റികോ മാഡ്രിഡ് 51 പോയന്റുമായി നാലാമതാണ്.
മറ്റു മത്സരങ്ങളിൽ റയൽ സൊസീഡാഡ് 2-1ന് മല്ലോർകയെ തോൽപിച്ചപ്പോൾ റയൽ ബെറ്റിസ്-അലാവസ് മത്സരവും (0-0) ഗ്രനഡ-അൽമേരിയ പോരാട്ടവും (1-1) സമനിലയിൽ അവസാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.