ലൈപ്സിഷിനെ മലർത്തിയടിച്ചു; ചരിത്രമെഴുതി പി.എസ്.ജി
text_fieldsലിസ്ബൺ: ചാമ്പ്യൻസ് ലീഗിൽ ചരിത്രമെഴുതി പി.എസ്.ജി. ആർ.ബി ലൈപ്സിഷിനെ എതിരില്ലാത്ത മൂന്നുഗോളുകൾക്ക് മലർത്തിയടിച്ചാണ്ചാമ്പ്യൻസ്ലീഗ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഫൈനലിന് പി.എസ്.ജി യോഗ്യതനേടിയത്.
മത്സരത്തിന് കിക്കോഫ് മുഴങ്ങിയതുമുതൽ മൈതാനത്ത് ആധിപത്യം തുടങ്ങിയ പി.എസ്.ജി ലൈപ്സിഷിനെ വരിഞ്ഞുമുറുക്കി. 13ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയുടെ തകർപ്പൻ ക്രോസിൽ തലവെച്ച് മാർക്വിനോസ് പി.എസ്.ജിയെ മുന്നിലെത്തിച്ചു. 42ാം മിനിറ്റിൽ ബോക്സിനുള്ളിലേക്ക് വീണുകിട്ടിയ പന്ത് അനായാസം വലയിലെത്തിച്ച് എയ്ഞ്ചൽ ഡി മരിയ ലീഡ് രണ്ടാക്കി ഉയർത്തി. 55ാം മിനിറ്റിൽ ജുവാൻ ബെർണറ്റ് മൂന്നാംഗോളും കുറിച്ചതോടെ പി.എസ്.ജി ഫൈനൽ ബെർത്ത് ഉറപ്പിച്ചിരുന്നു.
മറുവശത്ത് ഏതാനും അവസരങ്ങൾ ലൈപ്സിഷ് തുറന്നെങ്കിലും അതെല്ലാം പി.എസ്.ജിയുടെ പ്രതിരോധത്തിൽ തട്ടിത്തെറിക്കുകയായിരുന്നു. ഗോളടിക്കുകയും ഗോളടിപ്പിക്കുകയും ചെയ്ത എയ്ഞ്ചൽ ഡി മരിയയാണ് മാൻ ഓഫ് ദി മാച്ച്.
1970ൽ രൂപീകരിച്ച പി.എസ്.ജി ഇതാദ്യമായാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുന്നത്. ഇന്ന് നടക്കുന്ന ബയേൺ മ്യൂണിക്-ഒളിമ്പിക് ല്യോൺ മത്സരത്തിലെ വിജയികളെ ഓഗസ്റ്റ് 24ന് നടക്കുന്ന കലാശപ്പോരിൽ പി.എസ്.ജി എതിരിടും.
പരാജയപ്പെട്ടെങ്കിലും തലയുയർത്തിയാണ് ലൈപ്സിഷ് മടങ്ങുന്നത്. വെറും 11 വർഷം മാത്രം പഴക്കമുള്ള ലൈപ്സിഷ് ടോട്ടൻ ഹാം, അത്ലറ്റികോ മാഡ്രിഡ് അടക്കമുള്ള വമ്പൻമാരെ കീഴടക്കിയാണ് സെമിഫൈനൽ പ്രവേശം നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.