ബെൻസേമ മികവിൽ റയൽ; ലാ ലിഗയിൽ രണ്ടാമത്
text_fieldsമഡ്രിഡ്: ഒരു ദിവസത്തേക്കെങ്കിലും ലാ ലിഗയിൽ രണ്ടാം സ്ഥാനം തിരിച്ചുപിടിച്ച് റയൽ മഡ്രിഡ്. സീസണിലെ 24ാം ഗോളുമായി കരീം ബെൻസേമയും നാലാം ഗോളുമായി മാർകോ അസൻസിയോയും സ്കോർ ചെയ്ത കളിയിൽ തരംതാഴ്ത്തൽ ഭീഷണിയിലുള്ള ഐബറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് റയൽ വീഴ്ത്തിയത്. ഇതോടെ, ഒന്നാം സ്ഥാനത്തുള്ള അത്ലറ്റികോ മഡ്രിഡിലേക്ക് ദൂരം മൂന്നു പോയിന്‍റായി റയൽ കുറച്ചു. അതേ സമയം, രണ്ടാമതായിരുന്ന ബാഴ്സലോണക്കും ഒന്നാമന്മാരായ അത്ലറ്റികോക്കും ഞായറാഴ്ച കളിയുണ്ട്. ഇരുവരും ജയിച്ചാൽ റയൽ വീണ്ടും മൂന്നാം സ്ഥാനത്തേക്കിറങ്ങും.
ലോസ് ബ്ലാങ്കോസിനൊപ്പം പരിശീലക പദവിയിൽ 250 കളി തികച്ച സിനദിൻ സിദാന് നേരത്തെ കിങ്സ് കപ്പിൽ ഡിപ്പോർട്ടിവോക്കു മുന്നിൽ തോൽവിയറിഞ്ഞതിന്‍റെ ക്ഷീണം തത്കാലം തീർക്കുന്നതായി ജയം. രണ്ടു ഗോളുകൾക്ക് പുറമെ മൂന്നുവട്ടം റയൽ താരങ്ങൾ പിന്നെയും സ്കോർ ചെയ്തെങ്കിലും ഓഫ്സൈഡിൽ കുടുങ്ങി. കണ്ണഞ്ചും പ്രകടനവുമായി റയൽ മുന്നേറ്റത്തിന്‍റെ ജീവവായുവായി തുടരുന്ന ബെൻസേമ ലാ ലിഗ സീസണിൽ 18ാം ഗോളാണ് ഐബറിനെതിരെ കുറിച്ചത്. അവസാന ഏഴു കളികളിൽ താരം എതിർവലയിൽ നിക്ഷേപിച്ചത് ഒമ്പതു ഗോളുകൾ. ശനിയാഴ്ച മൂന്നാം മിനിറ്റിൽ തന്നെ റയൽ കരുത്ത് ഒന്നുകൂടി വ്യക്തമാക്കി ബെൻസേമ ഐബർ വലയിൽ പന്തെത്തിച്ചെങ്കിലും റഫറി അനുവദിച്ചില്ല.
ജയത്തോടെ ചൊവ്വാഴ്ച ചാമ്പ്യൻസ് ലീഗ് അവസാന എട്ടിൽ പ്രിമിയർ ലീഗ് കരുത്തരായ ലിവർപൂളിനെതിരെ ജയിക്കാനാകുമെന്ന പ്രതീക്ഷയിലേക്ക് പകുതി ചുവടുവെക്കാനായ ആശ്വാസത്തിലാണ് റയലും സിദാനും.
മറ്റു മത്സരങ്ങിൽ വിയ്യാറയൽ 3-0ന് ഗ്രനഡയെ മറികടന്നപ്പോൾ ഗെറ്റാഫെ- ഒസാസുന മത്സരം ഗോൾരഹിത സമനിലയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.