സൂപ്പർ കപ്പ് ഡെർബിയിൽ റയൽ സൂപ്പർ; അത്ലറ്റിക്കോയെ 5-3ന് വീഴ്ത്തി ഫൈനലിൽ
text_fieldsറിയാദ്: സ്പാനിഷ് സൂപ്പർ കപ്പ് സെമി ഫൈനലിൽ റയൽ മഡ്രിഡിന് മിന്നും ജയം. സൗദിയിലെ അൽ അവ്വാൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മൂന്നിനെതിരെ അഞ്ച് ഗോളിനാണ് അത്ലറ്റിക്കോ മഡ്രിഡിനെ റയൽ വീഴ്ത്തിയത്. ബാഴ്സലോണയും ഒസാസുനയും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ ജേതാക്കളെ 15ന് റയൽ ഫൈനലിൽ നേരിടും.
അധികസമയത്തിലേക്ക് നീണ്ട മത്സരത്തിലാണ് റയൽ അത്ലറ്റിക്കോയെ കീഴടക്കിയത്. നിശ്ചിത സമയത്ത് അടിക്ക് തിരിച്ചടിയുമായി ഇരുടീമുകളും ഒന്നിനൊന്ന് മുന്നേറിയപ്പോൾ സ്കോർ 3-3 എന്ന നിലയിലായി. എന്നാൽ, എക്സ്ട്രാ ടൈമിൽ നേടിയ രണ്ട് ഗോളുകൾ റയലിന്‍റെ ജയം കുറിച്ചു.
റയലിനെ ഞെട്ടിച്ചുകൊണ്ട് ആറാം മിനുട്ടിൽ മരിയോ ഹെർമോസോയാണ് അത്ലറ്റിക്കോയുടെ ആദ്യ ഗോൾ നേടിയത്. ഇതിനുള്ള മറുപടി ഗോൾ 20ാം മിനിറ്റിൽ അന്‍റോണിയോ റൂഡിഗർ നൽകി. സ്കോർ 1-1. ഒമ്പത് മിനുട്ടിന് ശേഷം ഫെർലാൻഡ് മെൻഡി വീണ്ടും വലകുലുക്കിയപ്പോൾ റയൽ 2-1ന് മുന്നിൽ. എന്നാൽ, 37ാം മിനുട്ടിൽ അന്‍റോണിയോ ഗ്രീസ്മാൻ അത്ലറ്റിക്കോയെ ഒപ്പമെത്തിച്ചു. 78ാം മിനിറ്റിൽ ഗോൾ നേട്ടക്കാരൻ അന്‍റോണിയോ റൂഡിഗർ വഴങ്ങിയ സെൽഫ് ഗോളിലൂടെ അത്ലറ്റിക്കോ 3-2ന് മുന്നിലെത്തി. മത്സരം അവസാനിക്കാൻ അഞ്ച് മിനുട്ട് ശേഷിക്കെ പരാജയമുഖത്തുനിന്ന് ഡാനി കർവാജൽ റയലിന് വേണ്ടി ഗോൾ നേടി സമനില പിടിച്ചു. (3-3)
എക്സ്ട്രാ ടൈമിൽ റയൽ രണ്ട് ഗോളുകൾ നേടി വിജയമുറപ്പിക്കുകയായിരുന്നു. 116ാം മിനുട്ടിൽ ജോസേലു, ഇൻജുറി ടൈമിന്‍റെ രണ്ടാംമിനുട്ടിൽ ബ്രഹിം ഡയസ് എന്നിവരാണ് ഗോൾ നേടിയത്. ഇതോടെ 5-3ന് മത്സരം സ്വന്തമാക്കി റയൽ ഫൈനൽ ഉറപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.