വീണ്ടും ബെല്ലിങ്ഹാം, ഇഞ്ചുറി ടൈം ഗോളിൽ വിജയത്തുടക്കമിട്ട് റയൽ
text_fieldsമാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ കുതിപ്പ് തുടർന്ന് റയൽ മാഡ്രിഡ്. ലാലീഗയില്‍ അഞ്ചില്‍ അഞ്ച് കളിയും ജയിച്ച് ഒന്നാം സ്ഥാനത്തുള്ള റയൽ, ചാമ്പ്യൻസ് ലീഗിലെ ഗ്രൂപ്പ്-സി ഓപണറിൽ ജര്‍മന്‍ ക്ലബ് യൂണിയന്‍ ബെര്‍ലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തകർത്തത്. പതിവ് പോലെ ഇംഗ്ലിഷ് മിഡ്ഫീല്‍ഡര്‍ ജൂഡ് ബെല്ലിങ്ഹാമാണ് റയലിന് വിജയമൊരുക്കിയത്.
മത്സരത്തിൽ ആധിപത്യം പുലർത്തിയ റയലിന് ഗോളടിക്കാൻ ധാരാളം അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, ചാംപ്യൻസ് ലീഗിലെ അരങ്ങേറ്റക്കാരായ ജർമൻ ക്ലബ്ബിന്റെ വല കുലുക്കാൻ ഇരു പകുതികളിലും റയലിന് കഴിഞ്ഞിരുന്നില്ല. വെറ്ററൻ ഇറ്റാലിയൻ പ്രതിരോധ താരം ലിയോനാർഡോ ബൊണൂച്ചിയുടെ നേതൃത്വത്തിലുള്ള യൂണിയൻ ബെർലിൻ്റെ ഉറച്ച പ്രതിരോധം തുളച്ചുകയറാൻ റയൽ മാഡ്രിഡ് ഏറെ പാടുപെട്ടു.
റയൽ മാഡ്രിഡിന്റെ ഫോർവേഡ് ജോസെലുവിന് തുടക്കത്തിൽ തന്നെ രണ്ട് അവസരങ്ങൾ ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ റയൽ മാഡ്രിഡ് ആക്രമണം ശക്തമാക്കുന്നതാണ് കണ്ടത്, റോഡ്രിഗോ രണ്ട് തവണ ഗോളിന് അടുത്തെത്തിയെങ്കിലും ലക്ഷ്യം കാണാനായില്ല. ഒടുവിൽ ഇരുപതുകാരനായ ബെല്ലിങ്ഹാം ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ റയലിന് വേണ്ടി ഗോളടിക്കുകയായിരുന്നു.
റയലിനു വേണ്ടി ആറു കളികളില്‍ ആറാമത്തെ ഗോളാണ് ബെല്ലിങ്ഹാം നേടുന്നത്. ഗോളടിച്ചും ഗോളടിപ്പിച്ചും ഈ യുവതാരം ഞെട്ടിക്കുകയാണ്. ബൊറൂസിയ ഡോർട്ട്മുണ്ടിൽ നിന്ന് 103 ദശലക്ഷം യൂറോക്കായിരുന്നു ജൂണിൽ ബെല്ലിങ്ഹാമിനെ റയൽ ടീമിലെത്തിച്ചത്.
ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിൽ റെക്കോര്‍ഡുള്ള ടീമാണ് റയൽ. 14 തവണയാണ് അവർ ടൈറ്റിൽ സ്വന്തം പേരിലാക്കിയത്. ടൂര്‍ണമെന്റില്‍ അവരുടെ 477-ാം മത്സരം കൂടിയായിരുന്നു ഇത്. അതേസമയം യൂനിയന്‍ ബെര്‍ലിന് റയലുമായുള്ള മത്സരം ലീഗിലെ അരങ്ങേറ്റമായിരുന്നു.
മറ്റൊരു മത്സരത്തിൽ ആഴ്‌സനല്‍ എഫ്.സി എതിരില്ലാത്ത നാല് ഗോളിന് മുന്‍ ചാമ്പ്യന്മാരായ പി.എസ്.വി ഐന്തോവനെ തകർത്തു. ആറു വര്‍ഷത്തെ ഇടവേളക്കു ശേഷം ചാമ്പ്യന്‍സ് ലീഗില്‍ തിരിച്ചെത്തിയ ആഴ്സനലിന് ഈ വിജയം മികച്ച തിരിച്ചുവരവാണ് സമ്മാനിച്ചത്. എട്ടാം മിനിറ്റില്‍ ബുകായൊ സാക്കയായിരുന്നു ഗോളടിക്ക് തുടക്കം കുറിച്ചത്. ഇരുപതാം മിനിറ്റിൽ ലിയനാഡ്രോ ട്രോസാർഡും 38-ാം മിനിറ്റിൽ ഗ്രബ്രിയേൽ ജീസസും 70-ാം മിനിറ്റില മാർട്ടിൻ ഓഡഗാഡുമാണ് അഴ്സനലിന് വേണ്ടി വലകുലുക്കിയത്.
ഇറ്റാലിയന്‍ ചാമ്പ്യന്മാരായ നാപ്പോളി 2-1ന് ബ്രാഗയെ പരാജയപ്പെടുത്തി. 88-ാം മിനിറ്റില്‍ മാലി ഡിഫന്റര്‍ സികൂ നിയാകാതെ വഴങ്ങിയ സെല്‍ഫ് ഗോളാണ് നാപോളിക്ക് വിജയം സമ്മാനിച്ചത്.
അതേസമയം, റയല്‍ സൊസൈദാദും നിലവിലെ റണ്ണേഴ്‌സ്അപ്പായ ഇന്റര്‍ മിലാനും തമ്മിലുള്ള മത്സരം സമനിലയിൽ (1-1) കലാശിച്ചു. 87ാം മിനിറ്റില്‍ ലൗതാരൊ മാര്‍ടിനേസ് നേടിയ ഗോളാണ് മിലാന് മിലാനെ രക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.